കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൂടിയാട്ടത്തിനുള്ള യുനെസ്കോ അംഗീകാരം വിവാദമാകുന്നു

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: നശിച്ചുകൊണ്ടിരിക്കുന്ന കലാരൂപങ്ങളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി കൂടിയാട്ടത്തിന് നല്കിയ യുനെസ്കോ അംഗീകാരം വിവാദമാകുന്നു. കൂടിയാട്ടത്തിന്റെ ആചാര്യന്‍ അമ്മന്നൂര്‍ മാധവചാക്യാര്‍ തന്നെയാണ് വിവാദത്തിന് തുടക്കമിട്ടതെന്നത് ഇതിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. യുനെസ്കോ അംഗീകാരം ആവശ്യപ്പെട്ട് കൂടിയാട്ടത്തെക്കുറിച്ച് പ്രബന്ധവും വീഡിയോ ഡോക്യുമെന്ററിയും തയ്യാറാക്കിയ മാര്‍ഗി വൈസ് പ്രസിഡന്റ് ഡോ. സുധാ ഗോപാലകൃഷ്ണന്‍ തന്നെ അവഗണിച്ചതായി അമ്മന്നൂര്‍ ജൂണ്‍ രണ്ട് ശനിയാഴ്ച തൃശൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അഭിപ്രായപ്പെട്ടതോടെയാണ് വിവാദം ആരംഭിച്ചത്.

മെയ് 19 ശനിയാഴ്ച യുനെസ്കോ കൂടിയാട്ടത്തെ ഒരു പാരമ്പര്യ കലാരൂപമായി പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെ തൃശൂരില്‍ അമ്മന്നൂര്‍ ചാക്യാര്‍ തന്നെ അവഗണിച്ചതില്‍ പ്രതിഷേധിച്ച് വാര്‍ത്താസമ്മേളനം നടത്തിയിരുന്നു. അദ്ദേഹത്തെയും അമ്മന്നൂര്‍ രൂപം നല്കിയ ഇരിങ്ങാലക്കുടയിലെ കൂടിയാട്ട കലാകേന്ദ്രത്തെയും മനപൂര്‍വം അവഗണിച്ചതായും അദ്ദേഹം പിന്നീട് ജൂണ്‍ രണ്ട് ശനിയാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചിരുന്നു.

യുനെസ്കോയ്ക്ക് നല്കാനായി ഡോ.സുധാഗോപാലകൃഷ്ണന് വേണ്ടി നേരത്തെ അടൂര്‍ ഗോപാലകൃഷ്ണന്‍ കൂടിയാട്ടത്തെപ്പറ്റി തയ്യാറാക്കിയ ഡോക്യുമെന്ററിയിലും തനിക്കും തന്റെ ഇരിങ്ങാലക്കുടയിലുള്ള ചാക്യാര്‍ മഠത്തിനും പ്രാധാന്യം നല്കിയില്ലെന്നും അമ്മന്നൂര്‍ പരാതിപ്പെട്ടു. പകരം തിരുവനന്തപുരത്തുള്ള മാര്‍ഗി എന്ന സംഘടനയ്ക്ക് അനര്‍ഹമായ പ്രാധാന്യം നല്കിയെന്നും അമ്മന്നൂര്‍ ആരോപിച്ചിരുന്നു.

അതേ സമയം കൂടിയാട്ടത്തിന്റെ ആചാര്യന്‍ അമ്മന്നൂര്‍ മാധവചാക്യാരെ അവഗണിച്ചിട്ടില്ലെന്ന് ജൂണ്‍ മൂന്ന് ഞായറാഴ്ചമാര്‍ഗി വൈസ് പ്രസിഡന്റ് ഡോ. സുധാ ഗോപാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. അമ്മന്നൂര്‍ ചാക്യാര്‍ക്ക് ഡോക്യുമെന്ററിയില്‍ വേണ്ടത്ര പ്രാധാന്യം നല്കിയിട്ടുണ്ട് . കൂടിയാട്ടത്തെ പ്രോത്സാഹിപ്പിക്കാന്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന അഞ്ച് സ്ഥാപനങ്ങളുടെയും പേര് പ്രബന്ധത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. ഇക്കൂട്ടത്തില്‍ തൃശൂരില്‍ ഇരിങ്ങാലക്കുടയിലെ അമ്മന്നൂരിന്റെ ചാച്ചു ചാക്യാര്‍ സ്മാരക ഗുരുകുലത്തെയും പരാമര്‍ശിച്ചിട്ടുണ്ട്. - ഡോ. സുധാ ഗോപാലകൃഷ്ണന്‍ പറഞ്ഞു.

Ammanoor Madhava Chakyarയുനെസ്കോയ്ക്ക് നല്കിയ രേഖയിലും അമ്മന്നൂരിനെ കൂടിയാട്ടത്തിന്റെ ജീവിക്കുന്ന ഇതിഹാസമെന്ന് വിശേഷിപ്പിക്കുന്നുണ്ട്. മാത്രമല്ല ഈ കലാരൂപത്തിന്റെ സംരക്ഷണത്തിനും പ്രോത്സാഹനത്തിനും വേണ്ടിയുള്ള സ്ഥാപനങ്ങളുടെയെല്ലാം പ്രസിഡന്റായും അദ്ദേഹത്തിന്റെ പേരാണ് സൂചിപ്പിച്ചിരിക്കുന്നത്. അടിസ്ഥാനരഹിതമായ ആരോപണത്തിന്റെ പേരില്‍ താന്‍ ദു:ഖിതയാണ്. പ്രബന്ധം പൂര്‍ത്തിയാക്കുന്നതിനു മുന്‍പ് അത് അമ്മന്നൂരിന്റെ കൂടിയാട്ടകേന്ദ്രമുള്‍പ്പെടെ എല്ലാ സ്ഥാപനങ്ങളിലും കാണിച്ചിരുന്നുവെന്നും ഡോ. സുധാ ഗോപാലകൃഷ്ണന്‍ പറഞ്ഞു.

യുനെസ്കോയ്ക്ക് സമര്‍പ്പിച്ച വീഡിയോ ഡോക്യുമെന്ററിയില്‍ അമ്മന്നൂരിനെ ഉള്‍പ്പെടുത്താത്തതിലാണ് അദ്ദേഹത്തിന് അവഗണിക്കപ്പെട്ടതായുള്ള തോന്നലുണ്ടായതെന്നും ഡോ. സുധാ ഗോപാലകൃഷ്ണന്‍ പറഞ്ഞു.അമ്മന്നൂരിനെ വീഡിയോയില്‍ പകര്‍ത്താന്‍ വേണ്ടി ഷൂട്ടിംഗിന്റെ തീയതി അദ്ദേഹത്തിന്റെ കൂടിയാട്ട കേന്ദ്രത്തിലെ സംഘാടകരോട് ആവശ്യപ്പെട്ടിരുന്നതാണ്. എന്നാല്‍ തനിക്ക് അന്ന് അസൗകര്യമാണെന്നും മറ്റൊരു ദിവസത്തേയ്ക്ക് ഷൂട്ടിംഗ് മാറ്റണമെന്നും അമ്മന്നൂര്‍ ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ യുനെസ്കോയ്ക്ക് വീഡിയോ സമര്‍പ്പിക്കാനുള്ള സമയം തീരാറായതിനാല്‍ അടൂര്‍ ഗോപാലകൃഷ്ണന് നിശ്ചയിച്ച ഷൂട്ടിംഗ് തീയതി മാറ്റാന്‍ കഴിഞ്ഞില്ല. മാത്രമല്ല ഷൂട്ടിംഗിനായി ഇന്ത്യയ്ക്ക് പുറത്തു നിന്നും കൊണ്ടുവന്ന ബീറ്റാ ക്യാമറ രണ്ടു ദിവസത്തേക്ക് മാത്രമാണ് വാടകയ്ക്കെടുത്തിരുന്നത്. അതുകൊണ്ട് ഷൂട്ടിംഗ് തീയതിയില്‍ മാറ്റം വരുത്തുക അസാധ്യമായിരുന്നു. മാത്രമല്ല, ഇത് ഏതെങ്കിലും കലാകാരനെ കുറിച്ചുള്ള ഡോക്യുമെന്ററിയായിരുന്നില്ല, കൂടിയാട്ടം എന്ന കലാരൂപത്തെപ്പറ്റിയുള്ള ഡോക്യുമെന്ററിയായിരുന്നു- സുധാ ഗോപാലകൃഷ്ണന്‍ വിശദമാക്കി.

ആദ്യമായാണ് ഒരു പ്രാദേശിക കലാരൂപത്തിന് യുനെസ്കോ അംഗീകാരം നല്‍കുന്നത്. മനുഷ്യരാശിയുടെ അനശ്വരപൈതൃകത്തിന് അവകാശപ്പെട്ട കലാസൃഷ്ടിയാണ് കൂടിയാട്ടമെന്ന് യുനെസ്കോ പ്രഖ്യാപിച്ചിരുന്നു . ലോകത്തെ 32 കലാരൂപങ്ങളില്‍ നിന്നാണ് കൂടിയാട്ടത്തെ യുനെസ്കോ തിരഞ്ഞെടുത്തത്. കൂടിയാട്ടത്തിന്റെ കുലപതിയായ അമ്മന്നൂര്‍ മാധവചാക്യാര്‍ക്ക് 84 വയസ് തികയുന്ന മുഹൂര്‍ത്തത്തിലാണ് ഈ രാജ്യാന്തര അംഗീകാരം കൂടിയാട്ടത്തെ തേടിയെത്തിയത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X