കൈരളി ചാനല്‍ വില്‍ക്കില്ല്ലെന്ന് മമ്മൂട്ടി
തിരുവനന്തപുരം: കൈരളി ചാനല്‍ വില്‍ക്കാന്‍ പോകുന്നുവെന്ന അഭ്യൂഹം അടിസ്ഥാനരഹിതമാണെന്ന് ചാനല്‍ ചെയര്‍മാനും സിനിമാതാരവുമായ മമ്മൂട്ടി പറഞ്ഞു.
ചാനല്‍ പരിപാടികള്‍ കൂടുതല്‍ മെച്ചപ്പെടുത്താനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ചാനല്‍ വില്‍ക്കാന്‍ പോകുന്നുവെന്ന് അപവാദം പരത്തുന്നവര്‍ ഒരു കമ്പനി എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്നതിനെ ക്കുറിച്ചുള്ള അടിസ്ഥാനപരമായ കാര്യങ്ങള്‍ പോലും അറിയാത്തവരാണ്. ചാനല്‍ വില്‍ക്കുക എന്നത് ഒരു പൊതുപ്രശ്നമാണ്. കമ്പനി പെട്ടെന്ന് അങ്ങനെ വില്‍ക്കാന്‍ തങ്ങള്‍ക്കാവില്ല.
ഗള്‍ഫ് മലയാളികളായ പ്രേക്ഷകരെ ലക്ഷ്യമാക്കി പുതിയ പരിപാടികള്‍ അടുത്തുതന്നെ സംപ്രേഷണം ചെയ്യും. താന്‍ നിര്‍മിക്കുന്ന ഒരു മെഗാ സീരിയല്‍ അടുത്ത മാസം അന്ത്യത്തോടെ കൈരളിയില്‍ സംപ്രേഷണം ചെയ്തുതുടങ്ങും. സംഭവങ്ങളെയും സിനിമയെയും അടിസ്ഥാനമാക്കിയുള്ള കൂടുതല്‍ പരിപാടികളുമുണ്ടാവും.
കൈരളി സിപിഎം ചാനലാണെന്ന ആരോപണം മമ്മൂട്ടി നിഷേധിച്ചു, 2,34,546 ഓഹരി ഉടമകളാണ് കമ്പനിയിലുള്ളത്. ചാനലിന്റെ നടത്തിപ്പില്‍ ഏതെങ്കിലും പാര്‍ട്ടിയുടെ ഇടപെടലില്ല. പക്ഷേ അതേ സമയം മറ്റു മാധ്യമങ്ങളെ പോലെ തങ്ങള്‍ക്കും തങ്ങളുടേതായ രാഷ്ട്രീയക്കാഴ്ചപ്പാടുണ്ട്.
കമ്പനി ഇപ്പോള്‍ നഷ്ടത്തിലാണെങ്കിലും മൂന്നാം വര്‍ഷത്തോടെ കമ്പനി ലാഭത്തിലാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മമ്മൂട്ടി പറഞ്ഞു.












Click it and Unblock the Notifications