സൂര്യ ഭാരതോത്സവം സപ്തംബര്‍ 21 മുതല്‍
തിരുവനന്തപുരം: സൂര്യ ചലച്ചിത്ര സാംസ്ക്കാരിക സൊസൈറ്റിയുടെ ഭാരതോത്സവം സപ്തംബര്‍ 21ന് ആരംഭിക്കും. ചലച്ചിത്രമേള, നൃത്തസംഗീതസദസുകള്‍, കഥയരങ്ങ്, ഗുരുപൂജ, കരകൗശലമേള തുടങ്ങിയവയാല്‍ സമ്പന്നമാകുന്ന ഭാരതോത്സവത്തില്‍ പ്രതിഭകളുടെ ഒരു നിര തന്നെ അണിനിരക്കും.
സപ്തംബര്‍ 21ന് വൈകുന്നേരം ആറ് മണിക്ക് തിരുവനന്തപുരത്ത് നടക്കുന്ന ഉദ്ഘാടനച്ചടങ്ങില്‍ ശ്യാംബനഗല്‍, ഗുല്‍സാര്‍, മമ്മൂട്ടി, അനുപംഖേര്‍, ഷമ്മികപൂര്‍, രേവതി, ഋതുപര്‍ണ്ണോഘോഷ്, മാലതിസഹായ്, മുരളി, ഓംപുരി, ശാരദ, കല്‍പനാ ലജ്മി, ഭൂപന്‍ ഹസാരിക, പ്രിയനന്ദനന്‍, സുമാജോസണ്‍, ബാലചന്ദ്രമേനോന്‍, ദീപ്തി നവല്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കുന്ന 25ഓളം ചിത്രങ്ങള്‍ കേരളത്തില്‍ ആദ്യമായി പ്രദര്‍ശനത്തിനെത്തുന്നവയാണ്. സുമാ ജോസണ്‍ന്റെ സാരി, പ്രിയനന്ദനന്റെ നെയ്ത്തുകാരന്‍ എന്നിവയാണ് ഉദ്ഘാടന ദിവസത്തെ ചിത്രങ്ങള്‍. അജീസ് കോമാച്ചിയുടെ ഗുജറാത്ത് ദുരന്തത്തിന് ശേഷം, സി. ചന്ദ്രമോഹന്റെ ടൈംലെസ് മൂമെന്റ്സ് എന്നീ ഫോട്ടോഗ്രാഫി പ്രദര്‍ശനങ്ങളുമുണ്ടാവും.
സപ്തംബര്‍ 30ന് വൈകുന്നേരം ആറിന് ടാഗോര്‍ തിയേറ്ററില്‍ ഇന്ത്യയിലെ ആദ്യത്തെ വീഡീയോ ലൈവ് കാര്‍ട്ടൂണ്‍ സീരിയലായ മുന്‍ഷിയുടെ സംവിധായകന്‍ അനില്‍ ബാനര്‍ജിക്കും മറ്റ് നടന്മാര്‍ക്കും സ്വീകരണം നല്‍കും. സപ്തംബര്‍ 22 മുതല്‍ 30 വരെ നടക്കുന്ന കലാഗ്രാമത്തില്‍ 25 ചിത്രകാരന്മാരും ശില്‍പികളും പങ്കെടുക്കും.
ഒക്ടോബര്‍ ഒന്നു മുതല്‍ 10 വരെ നടക്കുന്ന നൃത്തസംഗീതോത്സവം യേശുദാസിന്റെ സംഗീതക്കച്ചേരിയോടെ ആരംഭിക്കും. സമാപനദിവസം നിര്‍ധനനായ കലാകാരന് ദക്ഷിണ നല്‍കി ആദരിക്കുന്ന ഗുരുപൂജ ചടങ്ങ് നടക്കും. കോഴിക്കോടുള്ള ഹിന്ദുസ്ഥാനി സംഗീതജ്ഞന്‍ ശരത്ചന്ദ്ര മറാത്തേയാണ് ഇക്കുറി ഗുരുപൂജയില്‍ ആദരിക്കുന്നത്.പത്മാസുബ്രഹ്മണ്യത്തിന്റെ ബാലെയോടെ പരിപാടികള്‍ സമാപിക്കും.












Click it and Unblock the Notifications