300 കുട്ടികള്‍ അണിനിരക്കുന്ന മഹാഭാരതം
തിരുവനന്തപുരം: വിശ്വവിഖ്യാതമായ മഹാഭാരത കഥ മുഴുവന്‍ 300 കുട്ടികള്‍ ചേര്‍ന്ന് നാടകമായി അവതരിപ്പിക്കുന്നു.
നാടന്‍ കലകളും നാടോടിപ്പാട്ടും ചേര്‍ത്ത് നൂതനമായ രീതിയില്‍ അവതരിപ്പിക്കുന്ന കുട്ടികളുടെ മഹാഭാരതം തിരുവനന്തപുരത്തെ വിതുരയില്‍ പ്രവര്‍ത്തിക്കുന്ന സുഹൃദ് നാടകക്കളരിയാണ് വേദിയിലെത്തിക്കുന്നത്. അടുത്ത വര്‍ഷം മെയ് ആദ്യവാരം മ്യൂസിയം വളപ്പില്‍ അരങ്ങേറുന്ന നാടകത്തിന്റെ പരിശീലനം തകൃതിയായി നടന്നുവരുന്നു.
പാവകളി, കമ്പടവുകളി, കൈകൊട്ടിക്കളി, മായാജാലം തുടങ്ങിയ പത്തോളം കലകള്‍ ഒമ്പത് രംഗങ്ങളിലായി നാടകത്തില്‍ സമ്മേളിക്കുന്നു. അഭിലാഷ് പിള്ളയാണ് നാടകത്തിന്റെ സംവിധായകന്‍. പി. കെ. വേണുക്കുട്ടന്‍ നായര്‍, കാവാലം നാരായണപ്പണിക്കര്‍, എസ്. ആര്‍. കെ. പിള്ള തുടങ്ങിയവര്‍ ഇതിന്റെ വിവിധ ഘട്ടങ്ങളില്‍ വിദഗ്ധ ഉപദേശം നല്‍കുന്നുണ്ട്. ഡോ. കെ. അയ്യപ്പപ്പണിക്കരാണ് തിരക്കഥാ നിര്‍ദേശങ്ങള്‍ നല്‍കുന്നത്.
പരിശീലനത്തിന്റെ ആദ്യഘട്ടമെന്നോണം വിവിധ നാടന്‍ കലകള്‍ കുട്ടികള്‍ പഠിക്കുകയാണ്. 100 കുട്ടികള്‍ ഗായകസംഘമായിട്ടാണ് നാടകത്തില്‍ പങ്കെടുക്കുക. കുരുക്ഷേത്രയുദ്ധത്തിന്റെ ശബ്ദഘോഷങ്ങളൊക്കെയും ഗായകസംഘം തന്നെയാണ് പുനസൃഷ്ടിക്കുക.
ആര്‍. സുധാകരന്റെ നേതൃത്വത്തിലുള്ള സുഹൃദ്നാടകക്കളരി വിതുരയിലും പരിസരത്തുമുള്ള 11 സ്ക്കൂളുകളില്‍ നാടകക്കളരികള്‍ സംഘടിപ്പിക്കുന്നുണ്ട്. പൂച്ചയ്ക്കാര് മണികെട്ടും ?, മണ്ണാങ്കട്ടയും കരിയിലയും, പുലിവരുന്നേ പുലി, എനിക്കും പഠിക്കണം, മാനവും മഴവില്ലും തുടങ്ങിയ കുട്ടികളുടെ നാടകങ്ങള്‍ വേദിയില്‍ അവതരിപ്പിച്ചിട്ടുണ്ട്. നിരവധി വിദേശ നാടകസംഘങ്ങളുമായും നാടകക്കളരി ചേര്‍ന്ന് പ്രവര്‍ത്തിച്ചിട്ടുണ്ട്.












Click it and Unblock the Notifications