അക്ഷരത്തിന്റെ വിലയറിയാന്‍ വായനാമത്സരം
തിരുവനന്തപുരം: വായന കുറയുന്നു എന്ന പരാതി വ്യാപകമാവുമ്പോള്‍ നിങ്ങളുടെ കുട്ടി എത്രമാത്രം വായിക്കുന്നു എന്ന് പരിശോധിച്ചിട്ടുണ്ടോ? പാഠപുസ്തകങ്ങള്‍ക്കുപരി കുട്ടി എന്ത് വായിക്കുന്നു എന്നറിയാനുള്ള ശ്രമം നിങ്ങള്‍ നടത്തിയിട്ടുണ്ടോ?
സ്ക്കൂള്‍ കുട്ടികളുടെ വായനാ നിലവാരം പരിശോധിക്കാന്‍ അവസരമൊരുക്കിയിരിക്കുന്നത് കേരള ഗ്രന്ഥശാല കൗണ്‍സിലാണ്. സ്ക്കൂള്‍, താലൂക്ക്, ജില്ലാ, സംസ്ഥാന തലങ്ങളില്‍ നടത്തുന്ന വായന മത്സരത്തിലൂടെ കുട്ടികളുടെ വായന നിലവാരം അളക്കുകയാണ് ഗ്രന്ഥശാലാ സംഘം.
ഓരോ സ്ക്കൂളിലും എല്ലാ ഹൈസ്ക്കൂള്‍ വിദ്യാര്‍ത്ഥികളെയും പങ്കെടുപ്പിച്ചുകൊണ്ട് ഒക്ടോബര്‍ 17നാണ് ആദ്യമത്സരം നടത്തുന്നത്. നോവല്‍, കഥ, കവിത, ശാസ്ത്രഗ്രന്ഥങ്ങള്‍, തുടങ്ങി മലയാളത്തിലും ഇംഗ്ലീഷിലുമായി പുറത്തിറങ്ങിയ പുസ്തകങ്ങളില്‍ നിന്നും ഒരു ഹൈസ്ക്കൂള്‍ വിദ്യാര്‍ത്ഥി വായിക്കാനിടയുള്ള അല്ലെങ്കില്‍ വായിച്ചിരിക്കേണ്ട പുസ്തകങ്ങളെ അടിസ്ഥാനമാക്കി ചോദ്യങ്ങള്‍ ചോദിക്കുന്നു.
ചോദ്യങ്ങള്‍ക്ക് പുറമെ എഴുത്തുപരീക്ഷ കൂടി നടത്തുകയും ചെയ്യും. ചോദ്യങ്ങളെക്കാള്‍ എഴുത്തുപരീക്ഷയാണ് കൂടുതല്‍ ഫലപ്രദമെന്ന് കുട്ടികളുടെ വായനാശീലത്തെ കുറിച്ച് പഠനം നടത്തിയിട്ടുള്ള വിദഗ്ധര്‍ പറയുന്നു. ഒരു പുസ്തകത്തിലെ ഏറ്റവും ആകര്‍ഷിച്ച വരികളെ കുറിച്ചോ വാചകത്തെ കുറിച്ചോ കുട്ടികളോട് എഴുതാന്‍ ആവശ്യപ്പെടാവുന്നതാണ്.
സ്ക്കൂള്‍ തലത്തില്‍ സ്ക്കൂള്‍ അധികൃതര്‍ തന്നെയാണ് പരീക്ഷ നടത്തുന്നത്. ഇതില്‍ ഒന്നാമതെത്തുന്ന കുട്ടിയെ ഓരോ സ്ക്കൂളില്‍ നിന്നും തിരഞ്ഞെടുത്ത് നവംബര്‍ 11ന് നടക്കുന്ന താലൂക്ക്തല മത്സരത്തില്‍ പങ്കെടുപ്പിക്കുന്നു. താലൂക്ക് തലത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്നവര്‍ക്ക് 500, 300, 200 രൂപ എന്നിങ്ങനെ സമ്മാനവും പ്രശസ്തി പത്രവും നല്‍കും.
താലൂക്ക് തലത്തില്‍ നിന്നും ആദ്യത്തെ പത്ത് സ്ഥാനങ്ങള്‍ക്കുള്ളില്‍ വരുന്നവരെ ജില്ലാതല മത്സരത്തില്‍ പങ്കെടുപ്പിക്കുന്നു. ഡിസംബര്‍ എട്ടാം തീയതി എല്ലാ ജില്ലകളിലും ഒരേ സമയത്ത് നടക്കുന്ന എഴുത്ത് പരീക്ഷയാണ് ജില്ലാതലത്തില്‍. ജില്ലാ വായനശാല കൗണ്‍സിലുകളാണ് ഇത് നടത്തുന്നത്. ജില്ലാതലത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്നവര്‍ക്ക് യഥാക്രമം 1000, 600, 400 രൂപയും പ്രശസ്തിപത്രവും നല്‍കും.
സംസ്ഥാനതലത്തില്‍ 2002 ജനവരി 13ന് ക്വിസ് മത്സരമാണ് നടത്തുക. എല്ലാ ജില്ലകളില്‍ നിന്നും ഓരോ വിദ്യാര്‍ത്ഥികള്‍ വീതം ഇതില്‍ പങ്കെടുക്കും. സംസ്ഥാനതലത്തില്‍ ഒന്നാം സ്ഥാനം ലഭിക്കുന്ന വിദ്യാര്‍ത്ഥിക്ക് 5, 000 രൂപയും ശില്‍പവും പ്രശസ്തി പത്രവും നല്‍കും. 1500 രൂപയുടെ ജയശങ്കര്‍ സ്മാരക പുരസ്ക്കാരവും ഈ വിദ്യാര്‍ത്ഥിക്ക് സമ്മാനിക്കും. രണ്ടാം സമ്മാനമായി 3, 000 രൂപയും ശില്‍പവും പ്രശസ്തി പത്രവും നല്‍കും. മൂന്നാം സമ്മാനം 2000 രൂപയും ശില്‍പവും പ്രശസ്തി പത്രവുമാണ്.
വായന കുറയുന്നതിന് കാരണം ഇലക്ട്രോണിക്ക് മാധ്യമങ്ങളുടെ തള്ളിക്കയറ്റമല്ലെന്ന് ഗ്രന്ഥശാലാ സംഘം നടത്തിയ സര്‍വെയില്‍ തെളിഞ്ഞിട്ടുണ്ടെന്ന് കൗണ്‍സില്‍ സെക്രട്ടറി ഐ. വി. ദാസ് പറയുന്നു. ഇത്തരം ചെറിയ ചെറിയ ശ്രമങ്ങളിലൂടെ മാത്രമേ വളര്‍ന്നുവരുന്ന തലമുറയില്‍ വായനാശീലം വളര്‍ത്താനാകൂ എന്ന് അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications