സക്കറിയയുടെ പുസ്തകം ജാനു പ്രകാശനം ചെയ്തു
തിരുവനന്തപുരം: സക്കറിയയുടെ ഏറ്റവും പുതിയ പുസ്തകമായ ഇതാണെന്റെ പേര് ആദിവാസി സമരസമിതി നേതാവ് സി. കെ. ജാനു ബാലചന്ദ്രന്‍ ചുള്ളിക്കാടിന് നല്‍കിക്കൊണ്ട് പ്രകാശനം ചെയ്തു.
ഡിസി ബുക്ക്സ് പുറത്തിറക്കുന്ന ഇതാണെന്റെ പേരിന്റെ ഓഡിയോ പതിപ്പും പുറത്തിറക്കി.
തനിക്ക് പുസ്തകങ്ങളെ കുറിച്ച് ഒന്നുമറിയില്ലെന്നും ജീവിക്കാന്‍ തത്രപ്പെടുന്നവന്റെയും അടിച്ചമര്‍ത്തപ്പെട്ടവന്റെയും വേദനകള്‍ മാത്രമേ തനിക്ക് മനസിലാവുകയുള്ളു എന്നും ജാനു വ്യക്തമാക്കി. ഇതിനായുള്ള പോരാട്ടത്തില്‍ പുസ്തകം വായിക്കാനുള്ള നേരം കിട്ടാറില്ലെന്നും അവര്‍ പറഞ്ഞു.
ഇന്ത്യയുടെ ചരിത്രം പരിശോധിച്ചാല്‍ ബ്രാഹ്മണര്‍ അഹിംസാവാദികളെന്ന് വിശ്വസിക്കാന്‍ പ്രയാസമുണ്ടെന്ന് ബാലചന്ദ്രന്‍ ചുള്ളിക്കാട് പറഞ്ഞു. ഗാന്ധിജിയെ വധിച്ചത് ഒരു ബ്രാഹ്മണനാണ്. പിന്നെ ഇഎംഎസ്, ബാസവപുന്നയ്യ, ബി. ടി. രണദിവെ തുടങ്ങിയ ബ്രാഹ്മണര്‍ പറഞ്ഞു നടന്നു ഗാന്ധിജി ഇന്ത്യന്‍ ബൂര്‍ഷ്വാസിയുടെ കൗശലക്കാരനായ ഏജന്റാണെന്ന്. അങ്ങനെ അവര്‍ ഗാന്ധിജിയെ വധിച്ചു. എന്റെ ചെറുപ്പക്കാലത്ത് ഞാനും അത് വിശ്വസിച്ചു. ഗാന്ധിജിയെ വധിക്കുന്നതില്‍ ഗോഡ്സെ എന്ന ബ്രാഹ്മണന്‍ വിജയിച്ചു. എന്നാല്‍ മറ്റു ബ്രാഹ്മണര്‍ പരാജയപ്പെട്ടു. പരാജയപ്പെട്ടവര്‍ക്ക് പിന്നീട് എന്തുപറ്റി എന്ന് നമുക്കറിയാം. -ചുള്ളിക്കാട് പറഞ്ഞു.
സക്കറിയയുടെ പുതിയ മുഖമാണ് ഈ നോവലില്‍ കാണുന്നതെന്ന് സുഗതകുമാരി അഭിപ്രായപ്പെട്ടു. പാപങ്ങളുടെ പാതാളഗഹ്വരങ്ങളിലൂടെ കയറിയിറങ്ങുകയാണ്, ഇടയ്ക്ക് ഒരു തുള്ളി മധുരം മാത്രം. ഒടുവില്‍ മരണമെത്തുന്നതിന് മുമ്പ് സ്വയം ചോദിക്കുന്നു എന്താണ് എന്റെ പേര്, ഉത്തരം-മോഹന്‍ദാസ് സുഗതകുമാരി പറഞ്ഞു.
സക്കറിയ, ബി. രാജീവന്‍, രവി ഡിസി തുടങ്ങിയവരും ചടങ്ങില്‍ സംബന്ധിച്ചു.












Click it and Unblock the Notifications