എംടിയുടെ പുതിയ നോവല്‍ വാരണാസി
കോഴിക്കോട്: ഒരു നീണ്ട ഇടവേളയ്ക്കു ശേഷം എം. ടി. വാസുദേവന്‍ നായര്‍ രചിച്ച നോവല്‍ വാരണാസി പ്രസിദ്ധീകരണത്തിനൊരുങ്ങുന്നു. സമകാലീന മലയാളം വാരികയിലൂടെ ഖണ്ഡശയായാണ് എം. ടിയുടെ പുതിയ നോവല്‍ പ്രസിദ്ധീകരിക്കുന്നത്.
രണ്ടാമൂഴത്തിനു ശേഷം എം. ടി എഴുതിയ നോവലാണ് വാരാണാസി. ഒരു ദശകത്തിലേറെ നീണ്ട ഇടവേളയ്ക്കു ശേഷമാണ് എം. ടി പുതിയ നോവല്‍ രചിച്ചിരിക്കുന്നത്.
ഉത്തര്‍ പ്രദേശിലെ തീര്‍ഥാടനകേന്ദ്രമായ വാരണാസിയുടെ പശ്ചാത്തലത്തിലാണ് നോവല്‍ രചിച്ചിരിക്കുന്നത്. തന്റെ മുന്‍നോവലുകളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമാണ് ഈ നോവലെന്ന് എം. ടി പറഞ്ഞു. പ്രമേയത്തില്‍ മാത്രമല്ല ആഖ്യാനത്തിലും വ്യത്യസ്തമാണ് നോവല്‍. ആഖ്യാനത്തില്‍ പുതിയൊരു ശൈലിയാണ് ഈ നോവലില്‍ പരീക്ഷിച്ചിരിക്കുന്നത്. സമയം ഈ നോവലില്‍ വ്യത്യസ്തമായ രീതിയിലാണ് അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്.
1989ല്‍ വാരണാസി സന്ദര്‍ശിച്ച വേളയിലുണ്ടായ അനുഭവങ്ങളാണ് നോവലിന് ബീജമായതെന്ന് എം. ടി പറഞ്ഞു. ഗംഗയുടെ കരയിലെ പട്ടണമായ വാരണാസിയില്‍ മരണം ഒരു ആഘോഷമാവുകയാണ്. മരണവും ജീവിതവും തമ്മിലുള്ള സംഘര്‍ഷമാണ് നോവലില്‍ ഉടനീളം കടന്നുവരുന്നത്.
പുതിയ നോവല്‍ വായനക്കാര്‍ എങ്ങനെ സ്വീകരിക്കുമെന്നതിനെ പറ്റി തനിക്ക് ആകാംക്ഷയുണ്ടെന്ന് എം. ടി പറഞ്ഞു.












Click it and Unblock the Notifications