തൃശൂര്‍പൂരമേളം പകര്‍ത്താന്‍ യുഎസില്‍ നിന്ന്
തൃശൂര്‍: തൃശൂര്‍ പൂരത്തിന്റെ മേളം പകര്‍ത്താന്‍ യുഎസില്‍ നിന്നും ഒരു സംഘമെത്തി. എസ്എല്‍കെകെ-എല്‍എല്‍സി എന്ന പേരുള്ള യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംഘടനയിലെ അംഗങ്ങളാണ് താളവാദ്യങ്ങളുടെ പൂരപ്പെരുമ പകര്‍ത്താന്‍ തൃശൂരില്‍ എത്തിയത്.
ലോകത്തിലെങ്ങുമുള്ള പ്രധാനതാളവാദ്യങ്ങള്‍ പകര്‍ത്തുന്ന പദ്ധതിയുടെ ഭാഗമായാണ് സംഘം തൃശൂരിലെത്തിയത്. ആഫ്രിക്ക, തെക്കേ അമേരിക്കന്‍ രാഷ്ട്രങ്ങള്‍ എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചുകഴിഞ്ഞു. ലോകത്തെ താളവാദ്യങ്ങള്‍ എന്നാണ് ഈ പദ്ധതിയ്ക്ക് അവര്‍ പേരിട്ടിരിക്കുന്നത്.
തൃശൂര്‍ പൂരത്തിന്റെ മേളം പകര്‍ത്താന്‍ കലാകാരന്മാരെ പ്രത്യേകം വിളിച്ചുവരുത്തുകയായിരുന്നു. പെരുവനം കുട്ടന്‍മാരാരുടെ നേതൃത്വത്തില്‍ 50 കലാകാരന്മാര്‍ അണിനിരന്നുകൊണ്ട് ആദ്യം പാണ്ടിമേളം കസെറ്റിലാക്കി. അന്തരിച്ച പല്ലാവൂര്‍ മണിയന്‍ മാരാരുടെ മകന്‍ ശ്രീധരന്റെ നേതൃത്വത്തില്‍ 60 കലാകാരന്മാരും കൂടിച്ചേര്‍ന്ന് പഞ്ചവാദ്യവും പകര്‍ത്തി.
തൃശൂര്‍ പൂരത്തിന്റെ വീഡിയോ കണ്ടപ്പോഴാണ് സംഘം തൃശൂര്‍പൂരത്തിന്റെ താളവാദ്യം തന്നെ തിരഞ്ഞെടുക്കാന്‍ തീരുമാനിച്ചത്. പൂരത്തിന്റെ അന്തരീക്ഷമൊരുക്കാന്‍ 15 ആനകളെ നിരത്തി ഒരു ചെറുപൂരവും സംഘടിപ്പിച്ചിരുന്നു.
എന്നാല്‍ പഞ്ചവാദ്യവും പാണ്ടിമേളവും മുഴുവന്‍ കൊട്ടാനനുവദിക്കാത്തതിനാല്‍ കലാകാരന്മാര്‍ക്ക് ദു:ഖമുണ്ട്. സംഘത്തിനുവേണ്ടി ചില ഭാഗങ്ങള്‍ മാത്രം തിരഞ്ഞെടുത്ത് കൊട്ടുകയായിരുന്നു. രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ചുമണിവരെ സംഘാംഗങ്ങള്‍ പഞ്ചവാദ്യവും പാണ്ടിമേളവും ആനകളുടെ എഴുന്നള്ളത്തും പാറമേക്കാവ് ക്ഷേത്രവും വീഡിയോയില്‍ പകര്‍ത്തി.












Click it and Unblock the Notifications