പണ്ട് പണ്ട് ഒരു ഛൗ നൃത്തമുണ്ടായിരുന്നു.....
കൊച്ചി: പണ്ട് പണ്ട് ഛൗ എന്ന പേരില്‍ ഒരു നൃത്തരൂപമുണ്ടായിരുന്നു...- ഇങ്ങിനെ വരുംതലമുറയിലെ മുത്തശ്ശിമാര്‍ അവരുടെ കൊച്ചുമക്കള്‍ക്ക് പറഞ്ഞുകൊടുക്കേണ്ട ഒരു ദു:സ്ഥിതിയുണ്ടാകരുത്. ഇത്രയേ പണ്ഡിറ്റ് ഗോപാല്‍ ദുബെയ്ക്ക് മോഹമുള്ളൂ.
ആ മോഹം നടന്നുകാണാനാണ് കഴിഞ്ഞ 30 വര്‍ഷമായി ദുബെ ഇന്ത്യയിലുടനീളവും ഇന്ത്യയ്ക്ക് പുറത്തും യാത്രചെയ്തത്. ഛൗ നൃത്തത്തിന്റെ പാഠങ്ങളുമായി ഇപ്പോള്‍ ഇതാ പണ്ഡിറ്റ് ഗോപാല്‍ പ്രസാദ് ദുബെ കൊച്ചിയിലുമെത്തി. ഈ പാരമ്പര്യനൃത്തകലയുടെ ചുവടുകളും മുദ്രകളും പ്രചരിപ്പിക്കാന്‍ ജീവിതം നീക്കിവച്ച കലാകാരനാണ് ജാര്‍ഖണ്ഡിലെ സരൈകലാ സ്വദേശിയായ പണ്ഡിറ്റ് ഗോപാല്‍ പ്രസാദ് ദുബെ.
പക്ഷെ ഛൗ നൃത്തത്തിന്റെ ആചാര്യന്‍ എന്നൊക്കെ വിളിച്ച് തന്നെ അപമാനിക്കരുതെന്ന് ദുബെ സ്വകാര്യത്തില്‍ പറയും. കാരണം ദുബെയ്ക്ക് പ്രശസ്തിയല്ല വേണ്ടത്, താന്‍ മരിച്ചാലും ഛൗ നൃത്തം നിലനില്ക്കണമെന്ന നിഷ്കളങ്കമായ നാട്ടുമോഹം മാത്രം. ജാര്‍ഖണ്ഡ്, ഒറീസ, ബംഗാള്‍ എന്നിവിടങ്ങളിലെ നാടന്‍ നൃത്തരൂപമാണ് ഛൗ. ഒറീസയാണ് ഛൗ നൃത്തത്തിന്റെ പ്രധാനകേന്ദ്രം. ബംഗാളിലെ പുരുലിയ ഗ്രാം ഛൗ നൃത്തത്തിനുള്ള മുഖംമൂടികള്‍ ഉണ്ടാക്കുന്നതിന് പേരു കേട്ട ഗ്രാമമാണ്.
കേരളത്തിലെ പടയണിയോട് ഛൗ നൃത്തത്തിന് സമാനതയുണ്ട്. ഛൗ ഒരു ആയോധനകലകൂടിയാണെന്ന് പറയാം. മുഖംമൂടി അണിഞ്ഞാണ് ഛൗ നര്‍ത്തകര്‍ നൃത്തംചെയ്യുക. പ്രധാനമായും ആണുങ്ങളുടെ നൃത്തമാണ് ഛൗ. സ്ത്രീകളുടെ സാന്നിധ്യം നാമമാത്രമാണ്. സ്ത്രീ കഥാപാത്രങ്ങളുടെ മുഖംമൂടിയണിഞ്ഞും ആണുങ്ങള്‍ തന്നെയാണ് നൃത്തം ചെയ്യുക. അര്‍ത്ഥസംവേദനത്തിന് മുദ്രകളും ഛൗ വില്‍ ധാരാളമായി ഉപയോഗിക്കുന്നു. മഹാഭാരതത്തിലേയും രാമായണത്തിലേയും കഥാസന്ദര്‍ഭങ്ങളാണ് ഛൗ നൃത്തത്തില്‍ ഉപയോഗിക്കുക.
ഷഹനായി, ഓടക്കുഴല്‍, വയലിന്‍ എന്നീ ഉപകരണങ്ങളാണ് ചൗനൃത്തത്തില്‍ പശ്ചാത്തലസംഗീതമായി ഉപയോഗിക്കുക. ഒപ്പം തപ്പുമുണ്ടാകും. തപ്പുകൊട്ടുന്നയാളും ഇടയ്ക്ക് നൃത്തംചെയ്യാന്‍ അരങ്ങിലെത്തും. അഞ്ചുമിനിറ്റ് മുതല്‍ 10 മിനിറ്റ് വരെയാണ് ഛൗ നൃത്തത്തിന്റെ ദൈര്‍ഘ്യം. ശിവനെ സ്തുതിക്കാനാണ് സാധാരണ ഗ്രാമീണര്‍ ചൗനൃത്തം ഉപയോഗിക്കുന്നത്. നിരക്ഷരരും സാമ്പത്തികമായി അങ്ങേയറ്റം പിന്നില്‍ നില്ക്കുന്ന ഗ്രാമീണരുടെ വര്‍ഷത്തിലൊരിക്കലെ ഏക ആശ്വാസമാണ് ഛൗ നൃത്തം. സൂര്യദേവനെ പ്രീതിപ്പെടുത്താനുള്ള ഉത്സവത്തിനാണ് വര്‍ഷത്തിലൊരിക്കല്‍ ഛൗ നൃത്തം അവതരിപ്പിക്കുന്നത്.
ഇന്ത്യയില്‍ നടത്തിയ പര്യടനങ്ങള്‍ ദുബെയ്ക്ക് നിരാശ മാത്രം സമ്മാനിക്കുന്നു. കാരണം ഈ നൃത്തരൂപത്തിന് ഗ്ലാമറില്ലാത്തതിനാല്‍ ഇന്ത്യക്കാര്‍ക്ക് താല്പര്യമില്ലെന്നും പക്ഷെ വിദേശികള്‍ വളരെ കൗതുകത്തോടെയാണ് ഈ നൃത്തരൂപത്തെക്കുറിച്ചു പഠിക്കുന്നതെന്നു ദുബെ പറയുന്നു.
ദുബേ ആറുവര്‍ഷം പഞ്ചാബ് സര്‍വകലാശാലയിലെ നാടകപഠനവിഭാഗത്തില്‍ സന്ദര്‍ശകപ്രൊഫസറായിരുന്നു. മുത്തച്ഛനില്‍ നിന്നാണ് ദുബെ ഛൗ നൃത്തത്തിന്റെ ആദ്യ ചുവടുകള്‍ പഠിച്ചത്. പിന്നീട് പത്മശ്രീ രാജ്കുമാറിന്റെ കീഴില്‍ പരിശീലനം തുടങ്ങി. 1984ല്‍ മുംബൈയില്‍ സ്വന്തമായി ഛൗ നൃത്തപഠന സ്കൂള്‍ തുടങ്ങി.
ചങ്ങമ്പുഴ സാംസ്കാരികവേദിയും തൃപ്പൂണിത്തുറ ലോകധര്‍മ്മിയും സംഘടിപ്പിക്കുന്ന പ്രത്യേക ഛൗ നൃത്ത ശില്പശാലയില്‍ പങ്കെടുക്കാനാണ് ദുബെ കൊച്ചിയിലെത്തിയത്.












Click it and Unblock the Notifications