തകഴിച്ചേട്ടന്‍ എല്ലാം കാണുന്നുണ്ട്
ആലപ്പുഴ: മക്കളേ, തകഴിച്ചേട്ടന്‍ ഇതെല്ലാം കാണുന്നുണ്ട്- കാത്തച്ചേച്ചിയാണ് പറയുന്നത്. സര്‍ക്കാരിന്റെ സാംസ്കാരിക വകുപ്പിനെതിരെയാണ് കാത്തച്ചേച്ചിയുടെ ഈ പയ്യാരം.
തകഴിയുടെ ജന്മഗൃഹമായ ശങ്കരമംഗലം സംരക്ഷിക്കാനായി ചോദിച്ചപ്പോള്‍ കേരളത്തിലെ സാംസ്കാരികവകുപ്പ് വലിയവായില്‍ വച്ചുനീട്ടിയത് വാഗ്ദാനങ്ങളുടെ ഒരു നെടുങ്കന്‍ ലിസ്റാണ്. പക്ഷെ എല്ലാം വെള്ളത്തില്‍ വരച്ച വരപോലെയായി- വാര്‍ത്താലേഖകരോട് സംസാരിക്കുമ്പോള്‍ കാത്തച്ചേച്ചിയുടെ തൊണ്ടയല്പം ഇടറിപ്പോയി.
ഇപ്പോള്‍ കേരള സര്‍ക്കാരിന്റെ പുരാവസ്തുവകുപ്പിന്റെ മ്യൂസിയമാണ് ശങ്കരമംഗലം തറവാട്. കേരളസാഹിത്യഅക്കാദമി ശങ്കരമംഗലത്ത് സംഘടിപ്പിച്ച അനുസ്മരണച്ചടങ്ങിനിടെയായിരുന്നു വാര്‍ത്താലേഖകര്‍ കാത്തച്ചേച്ചിയുമായി സംസാരിച്ചത്. ചടങ്ങ് സംഘടിപ്പിച്ച സാഹിത്യഅക്കാദമിയെങ്കിലും തകഴിസ്മാരകത്തിന് സമ്മര്‍ദ്ദം ചെലുത്തണം-കാത്തച്ചേച്ചി തന്റെ മനസ്സിലെ ആഗ്രഹം തുറന്നുപറഞ്ഞു.
സാഹിത്യകാരന്‍മാര്‍ കൂടിച്ചേര്‍ന്ന ഈ മുഹൂര്‍ത്തത്തില്‍ അദ്ദേഹമുണ്ടായിരുന്നെങ്കില്‍ കാത്തേ എന്നു വിളിച്ച് തൊടിയിലെല്ലാം ഓടി നടന്നേനെ. ഇപ്പോള്‍ റോഡില്‍ പോകുന്ന ചിലര്‍ കളിയാക്കാനോ എന്തിനോ കാത്തേ എന്ന് നീട്ടിവിളിയ്ക്കുന്ന സംഭവവും കാത്തച്ചേച്ചി വാര്‍ത്താലേഖകരോട് വിശദീകരിച്ചു.
ആളുകളുടെ ഈ വിളികേള്‍ക്കുമ്പോള്‍ ഉറക്കത്തിലാണെങ്കിലും ഞാനപ്പോള്‍ ചാടിയെഴുന്നേല്ക്കും. അദ്ദേഹം വന്ന ്വിളിക്കുകയാണെന്ന് തോന്നിപ്പോകും. ടിവിയില്‍ തകഴിയെക്കുറിച്ചുള്ള പരിപാടി വന്നതില്‍പ്പിന്നെയാണ് ആളുകള്‍ ഇങ്ങിനെ വിളിക്കുന്നത്.- കാത്തച്ചേച്ചി പറഞ്ഞു.
സാഹിത്യസമ്മേളനത്തില്‍ തകഴിപഞ്ചായത്ത് പ്രസിഡന്റ് ഡി. പ്രഭാകരന്‍ പിള്ള അക്കാദമിയോട് തട്ടിക്കയറി. കാരണം അക്കാദമി ബ്രോഷറില്‍ തകഴിയുടെ ചരമദിനം തെറ്റായാണ് ചേര്‍ത്തിരുന്നത്. ഏപ്രില്‍ 10 എന്നതിന് പകരം ഏപ്രില്‍ നാല് എന്നാണ് ബ്രോഷറില്‍ അച്ചടിച്ചിരിക്കുന്നത്.












Click it and Unblock the Notifications