ടാഗോറിനെയും റോക്ക് പിടിക്കുന്നു
ദില്ലി: പടിഞ്ഞാറ് നിന്ന് ഇറക്കുമതി ചെയ്ത സാധനങ്ങളെല്ലാം ലോകം കീഴടക്കുകയാണ്. അതാണല്ലോ ആഗോളവല്ക്കരണം.
പക്ഷെ സാധനസാമഗ്രികളോടൊപ്പം സംസ്കാരത്തെ പിടികൂടാനും അവര്‍ പ്രത്യേകം ശ്രദ്ധിക്കുന്നു. അതിനാണ് സിഎന്‍എനും വി-ചാനലും എം-ടിവിയുമൊക്കെ മൊത്തമായി ശ്രമിച്ചുവരുന്നത്.
ബോണി-എം, അബ, ബീറ്റില്‍സ്, പിങ്ക്ഫ്ലോയ്ഡ് ഇത്യാദി ട്രൂപ്പുകളെ അനുകരിച്ച് നമ്മുടെ നാട്ടിലും ചെറുപ്പക്കാര്‍ കാതില്‍ കമ്മലും മുഷിഞ്ഞുകീറിയ ജീന്‍സും ജട പിടിച്ച തലമുടിയുമായി വിലസുന്നുണ്ട്. വലിയ ബാന്റുസംഘങ്ങളാണിവര്‍. റോക്കും പോപ്പുമൊക്കെ തകര്‍ത്തുപാടുന്നവര്‍.
ഈ നാടന്‍ പാട്ടുസായ്പന്‍മാരിലൂടെയാണ് പാശ്ചാത്യചാനലുകളും സംഗീതകമ്പനികളും അവരുടെ മേധാവിത്വം സ്ഥാപിക്കുന്നത്. പാശ്ചാത്യചാനലില്‍ ഒരവസരം കിട്ടാന്‍ ഈ നാടന്‍ ബാന്റുകള്‍ എന്തു കോപ്രായത്തിനും മുതിരും. നാടന്‍ബാന്റുകാരെ ക്കൊണ്ട് ഇന്ത്യന്‍ ഭാഷകളില്‍ റോക്ക് ഈണങ്ങള്‍ പാടിക്കുക എന്നതിലാണ് ഇപ്പോള്‍ എംടിവിയുടെയും വി-ചാനലിന്റെയും ലക്ഷ്യം. എങ്കിലല്ലേ അവരുടെ ഈണങ്ങള്‍ക്ക് ലോകത്തെ യഥാര്‍ത്ഥത്തില്‍ കീഴടക്കാന്‍ കഴിയൂ. ഇന്തി-പോപ്പ് എന്ന പേരില്‍ അറിയപ്പെട്ടിരുന്നത് ഹിന്ദി ഭാഷയില്‍ നടന്ന ഇത്തരം പരീക്ഷണങ്ങളെയാണ്. ഹിന്ദി വിട്ട് മറ്റ് പ്രാദേശികഭാഷകളിലേക്ക് നടന്നു കയറാനാണ് ഇപ്പോള്‍ ഈ ചാനലുകളുടെ ശ്രമം.
ഇതാ ബംഗാളിലെ ഒരു റോക്ക് സംഘം ഇപ്പോള്‍ രവീന്ദ്രനാഥടാഗൂറിനെ കയറിപ്പിടിച്ചിരിക്കുന്നു. ടാഗോറിനെ കൈവച്ചാല്‍ കൊല്‍ക്കത്ത മുഴുവന്‍ കീഴടക്കുകയും ചെയ്യാം, വി-ചാനല്‍, എംടിവി എന്നിവയില്‍ ഒരവസരവും ഒക്കും എന്നതിനാലാണ് പരാഷ് പാഥര്‍ എന്ന ബംഗാളി റോക്ക് സംഘം രബീന്ദ്രകവിതകള്‍ റോക്ക് ശൈലിയില്‍ പാടാന്‍ മുതിര്‍ന്നിരിക്കുന്നത്. ഇതിനെച്ചൊല്ലി ബംഗാളില്‍ ചൂടന്‍ ചര്‍ച്ചകള്‍ നടക്കുകയാണ്.
ബംഗാളികളെ സംബന്ധിച്ചിടത്തോളം രബീന്ദ്രസംഗീതം അവരുടെ സംസ്കാരത്തിന്റെ ഭാഗമാണ്. ബംഗാളി ജീവിതശൈലിയുടെ ഭാഗമാണ്. അവര്‍ വിശുദ്ധമായി കാണുന്ന ആ ഗാനങ്ങളെ റോക്ക് ശൈലിയില്‍ പാടുകയെന്നത് ആഭാസകരമല്ലേ എന്നാണ് 2001 ഡിസംബര്‍ 31 വരെ രവീന്ദ്രകവിതകളുടെ റോയല്‍റ്റി അവകാശക്കാരായ വിശ്വഭാരതിയുടെ അധികൃതര്‍ ചോദിക്കുന്നത്.
രവീന്ദ്രകവിതകള്‍ റോക്ക് ശൈലികള്‍ തകര്‍പ്പന്‍ താളപ്പകിട്ടോടെ ആലപിച്ച ഗാനങ്ങളുടെ ഒരു ആല്‍ബം വരുന്ന ദുര്‍ഗാപൂജയ്ക്ക് പരാഷ് പാഥര്‍ എന്ന റോക്ക് ഗായകസംഘം വിപണിയില്‍ ഇറക്കുകയാണ്. 20 രവീന്ദ്രകവിതകള്‍ ഇതിനകം സംഘം റോക്ക് ശൈലിയില്‍ ചിട്ടപ്പെടുത്തിക്കഴിഞ്ഞു. സംഗീതപരിപാടികള്‍ക്കിടയില്‍ ഈ കവിതകളുടെ റോക്ക്ശൈലിയിലുള്ള ആവിഷ്കാരം ജനങ്ങള്‍ക്ക് ഇഷ്ടപ്പെടുന്നുണ്ടെന്നാണ് സുബേഷ് റോയ് എന്ന പരാഷ് പാഥര്‍ എന്ന ബാന്റിന്റെ മാനേജര്‍ അവകാശപ്പെടുന്നത്. ഗൗരവമുള്ള കാണികളുടെ മുന്നില്‍ മാത്രമേ റോക്ക് രവീന്ദ്രസംഗീതം ആലപിക്കാറുള്ളൂ എന്നു സുബേഷ് റോയ് പറയുന്നു.
ടാഗോര്‍ കവിതയില്‍ നിന്ന് ജനം അകന്നുപോയതു കൊണ്ടാണ് തങ്ങള്‍ ഇങ്ങിനെ ഒരു പരീക്ഷണത്തിന് മുതിര്‍ന്നതെന്നും സുബേഷ് റോയ്. രവീന്ദ്രകവിതകളെ ചുമ്മാ വികൃതമായ രീതിയില്‍ മാറ്റിപ്പാടാന്‍ ആരെങ്കിലും തയ്യാറാകുമോ? കാരണം ബംഗാളികള്‍ അതിന് സമ്മതിക്കില്ല. അങ്ങിനെ ചെയ്യാന്‍ മാത്രം വിഡ്ഡികളല്ല ഞങ്ങള്‍- വിശ്വഭാരതിയിലെ സംഗീതവിഭാഗത്തില്‍ 12 വര്‍ഷത്തോളം പ്രവര്‍ത്തിച്ച സുബേഷ് റോയ് പറയുന്നു.












Click it and Unblock the Notifications