എംടി വക്കീല്‍ നോട്ടീസയച്ചു
കോഴിക്കോട്: എം.ടി. വാസുദേവന്‍നായര്‍ സാഹിത്യമോഷണം നടത്തിയെന്നാരോപിച്ച സാഹിത്യവിമര്‍ശകന്‍ എം.വി. ദേവനെതിരെ വക്കീല്‍ നോട്ടീസ്. 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്കണമെന്നാവശ്യപ്പെട്ടാണ് എംടിയാണ് വക്കീല്‍ നോട്ടീസയച്ചിരിക്കുന്നത്.
മുംബൈയിലെ കലാകൗമുദി പത്രത്തില്‍ പ്രസിദ്ധീകരിച്ച അഭിമുഖത്തിലാണ് ദേവന്‍ എം.ടി. വാസുദേവന്‍നായര്‍ക്കെതിരെ സാഹിത്യമോഷണം ആരോപിച്ചത്. ന്യൂയോര്‍ക്കര്‍, പാര്‍ട്ടിസാന്‍ റിവ്യൂ തുടങ്ങിയ വിദേശപ്രസിദ്ധീകരണങ്ങളില്‍ വരുന്നതാണ് എംടി സ്വന്തം പേരിലെഴുതുന്നത് എന്നാണ് എം.വി. ദേവന്‍ മുഖ്യമായും ആരോപിച്ചത്.
സാഹിത്യചോരണം നടത്തുന്ന ഒറിജിനാലിറ്റിയില്ലാത്ത ഒരാളാണ് എംടി എന്ന് ആരോപിച്ച് അദ്ദേഹത്തിന് മാനനഷ്ടമുണ്ടാക്കിയതിനു ദേവനും മുംബൈയിലെ കലാകൗമുദിയും അഭിമുഖം നടത്തിയ വി.ഡി. സെല്‍വരാജ്, പേജ് ഡിസൈന്‍ ചെയ്ത ബിജു.ജി. നായര്‍, സുനില്‍കുമാര്‍ എന്നിവരും ചേര്‍ന്ന് 10 ലക്ഷം രൂപ നല്കണമെന്നാണ് എംടി അയച്ച വക്കീല്‍ നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അല്ലെങ്കില്‍ നിയമനടപടികള്‍ ആരംഭിക്കുമെന്നും വക്കീല്‍നോട്ടീസില്‍ പറയുന്നു. അഡ്വ. മഞ്ചേരി സുന്ദര്‍രാജും അഡ്വ. സൂസന്‍ സുന്ദര്‍രാജും കൂടിയാണ് വക്കീല്‍ നോട്ടീസ് അയച്ചത്.
നേരത്തെ എംടിയുടെ നോവലുകള്‍ക്ക് മുഖചിത്രം വരച്ചിരുന്ന ചിത്രകാരന്‍ എന്ന നിലയില്‍ എം.വി. ദേവന്‍ നടത്തുന്ന പ്രസ്താവന സത്യമല്ലെങ്കില്‍ കൂടി ജനം വിശ്വസിക്കാന്‍ സാധ്യതയുണ്ടെന്നും വക്കീല്‍ നോട്ടീസില്‍ പറയുന്നു. നഷ്ടപരിഹാരത്തുക ഒരാഴ്ചയ്ക്കുള്ളില്‍ നല്കണമെന്നാണ് ആവശ്യം. ജൂണ്‍ 14നാണ് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്.












Click it and Unblock the Notifications