കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കമലാ സുരയ്യയ്ക്ക് വിശിഷ്ടാംഗത്വം നല്കി

  • By Staff
Google Oneindia Malayalam News

കൊച്ചി: ഊഷ്മളമായ ചടങ്ങില്‍ മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകാരി കമലാ സുരയ്യയ്ക്ക് കേരളാ സാഹിത്യഅക്കാദമി വിശിഷ്ടാംഗത്വം നല്കി ആദരിച്ചു. കടവന്ത്രയിലെ കമലാസുരയ്യയുടെ ഫ്ലാറ്റില്‍ വച്ചായിരുന്നു അവാര്‍ഡ് ദാനച്ചടങ്ങ്.

സഹൃദയസദസ്സിനെ സാക്ഷിനിര്‍ത്തി അക്കാദമി പ്രസിഡന്റ് എന്‍.പി. മുഹമ്മദാണ് വിശിഷ്ടാംഗത്വം സമ്മാനിച്ചത്. പൊന്നാടയണിയിച്ചതിന് പുറമെ വിശിഷ്ടാംഗത്വത്തിനുള്ള സ്വര്‍ണ്ണപ്പതക്കവും ഫലകവും 25,000 രൂപയുടെ ചെക്കും നല്കി.

മലയാള കഥയുടെ പ്രൗഡമായ മുഖം അനാവരണം ചെയ്യുന്ന കമലാ സുരയ്യ, ഭാഷയ്ക്ക് മാസ്മരിക സ്പര്‍ശം നല്കിയ എഴുത്തുകാരിയാണെന്ന് എന്‍.പി. മുഹമ്മദ് പറഞ്ഞു. കമലാ സുരയ്യയെ എന്‍.പി. മുഹമ്മദ് ജ്യേഷ്ഠസഹോദരി എന്ന് വിളിച്ചപ്പോള്‍, കമല ഇടപെട്ടു. അത്രയൊന്നും വയസ്സ് തനിക്കായിട്ടില്ലെന്ന് കമലാ സുരയ്യ പറഞ്ഞു. തനിക്ക് 73 വയസ്സാണെന്ന് എന്‍പി പറഞ്ഞപ്പോള്‍, ഇളയത് താന്‍ തന്നെയാണെന്നായിരുന്നു കമലാ സുരയ്യയുടെ മറുപടി. സദസ്സിന് അത് പൊട്ടിച്ചിരിയ്ക്കുള്ള വകയായി.

പുണ്യവാളത്തിയാവാന്‍, നല്ലവളായിരിക്കാന്‍ ഞാന്‍ ശ്രമിച്ചിട്ടില്ലെന്ന് കമലാ സുരയ്യ പറഞ്ഞു. ഞാന്‍ ഞാനായി ജീവിച്ചു. അതുകൊണ്ട് എതിര്‍പ്പുള്ളവരുമുണ്ട്.- കമല പറഞ്ഞു.

കവയിത്രി വിജയലക്ഷ്മിയായിരുന്നു പ്രശസ്തിപത്രം വായിച്ചത്. അക്കാദമി സെക്രട്ടറി ഡോ. പി.വി. കൃഷ്ണന്‍നായര്‍ സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് യു.കെ. കുമാരന്‍, പെരുമ്പടവം ശ്രീധരന്‍, പ്രൊഫ. എം.ആര്‍. ചന്ദ്രശേഖരന്‍, ഡി. വിനയചന്ദ്രന്‍, ഡോ. കെ. കെ. രാഹുലന്‍, എം.വി. ബെന്നി, നാരായണന്‍, കെപിഎസ് നായര്‍ എന്നിവര്‍ പങ്കെടുത്തു.

അക്കാദമിയില്‍ നടത്തിയ പുരസ്കാര സമര്‍പ്പണച്ചടങ്ങില്‍ ദേഹാസ്വാസ്ഥ്യം മൂലം കമലാ സുരയ്യയ്ക്ക് എത്താന്‍ കഴിയാഞ്ഞതിനെ തുടര്‍ന്നാണ് വിശിഷ്ടാംഗത്വം അവരുടെ വീട്ടില്‍ പോയി സമ്മാനിച്ചത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X