ദുരന്തങ്ങളില്‍ സംഗീതം സാന്ത്വനം : സമദാനി
കോഴിക്കോട്: മനുഷ്യ ജീവിതത്തില്‍ അസന്തുലിതാവസ്ഥയും അസന്തുഷ്ടിയും ദുരന്തങ്ങളും കൂടിവരുന്ന ഈ കാലഘട്ടത്തില്‍ മനുഷ്യന് സാന്ത്വനം നല്കുന്നത് സംഗീതമാണെന്ന് അബ്ദുള്‍ സമദ് സമദാനി എംപി പറഞ്ഞു. കൈതപ്രത്തിന്റെ നേതൃത്വത്തിലുള്ള തിരുവണ്ണൂര്‍ സ്വാതി തിരുനാള്‍ കലാകേന്ദ്രം ട്രസ്റിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന നവരാത്രി സംഗീതോത്സവത്തോടനുബന്ധിച്ച് മ്യൂസിക് തെറാപ്പി റിസര്‍ച്ച് സംഗീത് സമാരോഹ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജനങ്ങളെ നേര്‍വഴിക്ക് നയിക്കേണ്ട രാഷ്ട്രീയത്തില്‍ പാരുഷ്യം കലരുകയും മനശുദ്ധി നല്കേണ്ട മതങ്ങള്‍ ഭ്രമണപഥം തെറ്റിയ നക്ഷത്രങ്ങളെപ്പോലെ ആകുകയും ചെയ്തതാണ് ഇന്നത്തെ ഏറ്റവും വലിയ ശാപമെന്ന് സമദാനി പറഞ്ഞു. സ്വാതി തിരുനാള്‍ കലാകേന്ദ്രം ട്രസ്റിന്റെ കീഴിലുള്ള മ്യൂസിക് തെറാപ്പി സെന്ററിന് എംപി ഫണ്ടില്‍ നിന്നും പത്ത് ലക്ഷം രൂപ അനുവദിക്കുമെന്നും സമദാനി പറഞ്ഞു.
സിനിമാ താരം ശ്രീവിദ്യ മുഖ്യാതിഥിയായിരുന്നു. സംവിധായകന്‍ ലോഹിതദാസ്, മലയാള മനോരമ അസിസ്റന്റ് എഡിറ്റര്‍ ചൊവല്ലൂര്‍ കൃഷ്ണന്‍കുട്ടി, ഡോ.എം.ഡി. രാജാമണി, കൈതപ്രം ദാമോദരന്‍ നമ്പൂതിരി എന്നിവര്‍ പങ്കെടുത്തു.
ബാലചന്ദ്രന്‍ ചുള്ളിക്കാട് കവിത ചൊല്ലി. നേരത്തെ മ്യൂസിക് തെറാപ്പി സംബന്ധിച്ച സെമിനാര്‍ മാവേലിക്കര വേലുക്കുട്ടി നായര്‍ ഉദ്ഘാടനം ചെയ്തു. പിന്നീട് നടി ശ്രീവിദ്യയുടെ സംഗീതക്കച്ചേരി നടന്നു.












Click it and Unblock the Notifications