യുഎസില്‍ വിശ്വക്ഷേത്ര സമുച്ചയം
ന്യൂയോര്‍ക്ക്: മതങ്ങള്‍ തമ്മില്‍ സൗഹാര്‍ദ്ദം വളര്‍ത്താന്‍ യുഎസില്‍ വിശ്വക്ഷേത്രം ഉയരുന്നു. സ്വാമി വിവേകാനന്ദന്‍ നൂറുവര്‍ഷം മുമ്പ് തന്റെ ചിക്കാഗോ പ്രസംഗത്തില്‍ നിര്‍ദ്ദേശിച്ചതാണ് വിശ്വക്ഷേത്ര സമുച്ചയം എന്ന സങ്കല്പം. ഇപ്പോള്‍ രാമകൃഷ്ണമിഷനാണ് 31.5 കോടി രൂപ ചെലവില്‍ യുഎസില്‍ മതസൗഹാര്‍ദ്ദം ഊട്ടിയുറപ്പിക്കാന്‍ വിശ്വക്ഷേത്രം പണിയാന്‍ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.
എല്ലാ മതങ്ങളിലുംപെട്ടവര്‍ക്ക് ഒന്നിച്ചിരിക്കാനും പ്രാര്‍ത്ഥിക്കാനും പഠിക്കാനും ആരാധിക്കാനും പറ്റിയ ഒരിടം എന്ന നിലയ്ക്കാണ് ഈ ചരിത്രപ്രധാനമായ ക്ഷേത്രവും സന്യാസിമഠവും നിര്‍മ്മിക്കുന്നത്.- ചിക്കാഗോയിലെ വിവേകാനന്ദ വേദാന്ത സൊസൈറ്റിയിലെ സ്വാമി ചിദാനന്ദ പറഞ്ഞു. ഇദ്ദേഹത്തിന്റെ നേതൃത്വത്തിലായിരിക്കും ഈ ക്ഷേത്രം ഉയര്‍ത്തുക. 2005 ഓടെ ഈ പദ്ധതി പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.
തുടക്കത്തില്‍ ചിക്കാഗോനഗരത്തിന് സമീപം 15 ഏക്കര്‍ ഭൂമിയില്‍ ആദ്യം ഒരു ആശ്രമവും പ്രാര്‍ത്ഥനാ ഹാളും വിവിധവിശ്വാസങ്ങള്‍ക്ക് ഒത്തുചേരാന്‍ പറ്റിയ ക്ഷേത്രവും നിര്‍മ്മിക്കും. ഒരു വിശാല പൂന്തോട്ടവും ധ്യാനിക്കാന്‍ പറ്റിയ ഏകാന്തഇടങ്ങളും ഇവിടെ ഒരുക്കും. ഒരു അടുക്കളയും വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാന്‍ ഇടവും ഉണ്ടായിരിക്കും.
സംഭാവനകളിലൂടെയായിരിക്കും ഈ പദ്ധതിക്കുള്ള പണം കണ്ടെത്തുക. ഫണ്ട് ശേഖരിക്കാനുള്ള മാര്‍ഗ്ഗമെന്നനിലയ്ക്ക് നവമ്പര്‍ ഒമ്പതിന് അനൂപ് ജലോട്ടയുടെ സംഗീതക്കച്ചേരി നടത്തും. വിവേകാനന്ദന്റെ വിശ്വമതം എന്ന സങ്കല്പം യാഥാര്‍ത്ഥ്യമാക്കാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ളതാണ് ഈ പദ്ധതി- ഇന്ത്യാന സര്‍വകലാശാലയിലെ പ്രൊഫ. ശ്യാം ഭാട്ടിയ പറഞ്ഞു.
സപ്തംബര്‍ 11ന് ശേഷമുണ്ടായ മതകലാപാന്തരീക്ഷത്തില്‍ ഈ ക്ഷേത്രത്തിന് ഏറെ പ്രസക്തിയുണ്ടായിരിക്കുമെന്നും കണക്കാക്കുന്നു.












Click it and Unblock the Notifications