കെര്‍ത്തെസിന്റെ നോവലുകള്‍ ലഭ്യമല്ല
കൊച്ചി: സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം നേടിയ ഇംമ്രി കെര്‍ത്തെസിന്റെ നോവലുകള്‍ കേരളത്തിലെ ബുക്ക് ഷോപ്പുകളിലെവിടെയും ലഭ്യമല്ല.
നോര്‍ത്ത് ഈസ്റേണ്‍ യൂണിവേഴ്സിറ്റിയാണ് കെര്‍ത്തെസിന്റെ നോവലുകള്‍ പ്രസിദ്ധീകരിക്കുന്നത്. പക്ഷേ ഈ നോവലുകള്‍ ഇന്ത്യയിലെത്തിക്കാന്‍ ഏജന്റുകളില്ല.
കെര്‍ത്തെസിന് നോബല്‍ സമ്മാനം ലഭിച്ചെന്നറിഞ്ഞതിനെ തുടര്‍ന്ന് നോര്‍ത്ത് ഈസ്റേണ്‍ യൂണിവേഴ്സിറ്റിയ്ക്ക് ഇ മെയില്‍ സന്ദേശം അയച്ചു. ഗൂഗിളില്‍ തിരച്ചില്‍ നടത്തിയാണ് സര്‍വകലാശാലയുടെ ഇ-മെയില്‍ വിലാസം കണ്ടെത്തിയത്. മെയില്‍ അയച്ചെങ്കിലും അവരുടെ കൈയില്‍ പുസ്തമില്ലെന്ന മറുപടിയാണ് കിട്ടിയതെന്ന് ഡി സി ബുക്സിലെ പ്രേംകുമാര്‍ പറഞ്ഞു.
ഇന്റര്‍നെറ്റിലൂടെ പുസ്തകം വാങ്ങാമെങ്കിലും പുസ്തകമെത്തിക്കുന്നതിന്റെ നിരക്ക് കൂടിയാവുമ്പോള്‍ വലിയ വില നല്‍കേണ്ടിവരും.
പെന്റഗണോ ഫാബറോ പോലുള്ള പ്രധാന പുസ്തക പ്രസാധകര്‍ കെര്‍ത്തെസിന്റെ പുസ്തകങ്ങള്‍ ഇന്ത്യയില്‍ പ്രസിദ്ധീകരിക്കുന്നില്ലെങ്കില്‍ ഈ പുസ്തകങ്ങള്‍ ലഭ്യമാവില്ലെന്ന് മോഡേണ്‍ ബുക്ക് സെന്ററിലെ എന്‍. ഇ. സുധീര്‍ പറഞ്ഞു.
പല സാഹിത്യ വിജ്ഞാന കോശങ്ങളിലും തിരഞ്ഞിട്ടും കെര്‍ത്തെസിന്റെ പേര് കണ്ടെത്താനായില്ലെന്ന് പുസ്തകനിരൂപകനായ വൈക്കം മുരളി പറഞ്ഞു. സാഹിത്യവാരഫലം എഴുതുന്ന എം. കൃഷ്ണന്‍നായരും കെര്‍ത്തെസിനെ കുറിച്ച് കേള്‍ക്കുന്നത് ആദ്യമായാണ്. സീമര്‍ സ്മിത്ത് വേള്‍ഡ് ലിറ്ററേച്ചറില്‍ തിരഞ്ഞുനോക്കിയെങ്കിലും കെര്‍ത്തെസിന്റെ പേര് കണ്ടെത്താനായില്ലെന്ന് കൃഷ്ണന്‍നായര്‍ പറഞ്ഞു.












Click it and Unblock the Notifications