തിരുവത്താഴം വത്തിക്കാനിലേക്ക്
കോഴഞ്ചേരി: ക്രിസ്തുവിന്റെ അവസാനത്തെ അത്താഴത്തെ ആസ്പദമാക്കി തയ്യാറാക്കിയ തിരുവത്താഴംഎന്ന ചുമര്‍ചിത്രം വത്തിക്കാനിലേക്ക്. ഈ ചുമര്‍ചിത്രം കൊണ്ടുപോകാന്‍ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പയുടെ പ്രത്യേക പ്രതിനിധി കേരളത്തിലെത്തി.
ക്രിസ്തുമതത്തിന്റെ ആസ്ഥാനമായ വത്തിക്കാനിലെ പ്രത്യേക മ്യൂസിയത്തിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുക. പ്രകൃതിജന്യമായ ചായക്കൂട്ടുകള്‍ ഉപയോഗിച്ച്, പുരാണങ്ങളിലെ കഥകളെ ആസ്പദമാക്കി പ്രത്യേകശൈലിയില്‍ വരക്കുന്നു എന്നതാണ് ചുമര്‍ചിത്രകലയുടെ പ്രത്യേകത. സാധാരണ കുമ്മായം കൊണ്ട് മിനുക്കിയ ചുമര്‍ പ്രതലത്തിലാണ് ഈ ചിത്രങ്ങള്‍ വരയുക. പ്രകൃതിയിലെ ചായക്കൂട്ടുകള്‍ ഉപയോഗിക്കുന്നതിനാല്‍ ഈ ചിത്രങ്ങള്‍ക്ക് ആയുസ്സും കൂടുതലാണ്.
ആറന്‍മുളയിലെ വാസ്തുവിദ്യാഗുരുകുലത്തിനായി ചുമര്‍ചിത്രകലാകാരന്‍ മുതുകുളം സുരേഷാണ് ഈ ചിത്രം തയ്യാറാക്കിയത്. വാസ്തുവിദ്യാഗുരുകുലത്തിന്റെ കോഴ്സ് കോ-ഓര്‍ഡിനേറ്റര്‍ ഡോ. എ. മോഹനാക്ഷന്‍ നായര്‍ ഈ ചിത്രത്തിന് ആസ്പദമായ ശ്ലോകം ചിട്ടപ്പെടുത്തിയിട്ടുണ്ട്.
ചിത്രകാരനും നിരൂപകരനുമായ ഡെന്നീസ് തോമസിന്റെ ദി ഫെയ്സ് ഓഫ് ക്രൈസ്റ് എന്ന പുസ്തകത്തിലെ ക്രിസ്തുവിന്റെ ചിത്രങ്ങളെ ഉള്‍ക്കൊണ്ടാണ് തിരുവത്താഴം തയ്യാറാക്കിയിരിക്കുന്നത്. ആറടി നീളവും നാലടി വീതിയുമുള്ള ഈ ചിത്രം പ്രത്യേക പ്രതലത്തിലാണ്ചിത്രീകരിച്ചിരിക്കുന്നത്. ക്രിസ്തുവിനൊപ്പം പത്രോസ്, അന്ത്രയോസ്, യാക്കോബ്, യോഹന്നാന്‍, ഫിലിപ്പോസ്, ബര്‍ത്തലോമയി, തോമസ്, തധായി, ശീമോന്‍, യൂദാസ്, യാക്കോബ് എന്നീ ശിഷ്യന്മാരെയും പുനരാവിഷ്കരിച്ചിട്ടുണ്ട്.












Click it and Unblock the Notifications