ഹുസൈന്റെ ക്രിക്കറ്റ് ചിത്രം; വില 7 ലക്ഷം
ബാംഗ്ലൂര്‍: സെഞ്ചൂറിയന്‍ പാര്‍ക്കില്‍ ന്യൂസിലാന്റിനെതിരെ രാഹുല്‍ദ്രാവിഡും മുഹമ്മദ് കൈഫും ഇന്ത്യയെ കരകയറ്റുന്നു. വലിയ ടിവി സ്ക്രീനില്‍ ഇന്ത്യയുടെ ഉയിര്‍ത്തെഴുന്നേല്പ് കണ്ട് ചിത്രകാരന്‍ എം.എഫ്. ഹുസൈന്‍ ചായക്കൂട്ടില്‍ ബ്രഷ് മുക്കി. പിന്നെ ഒമ്പതടി ഉയരമുള്ള ക്രിക്കറ്റ് ബാറ്റില്‍ ഇന്ത്യയുടെ ആത്മവീര്യം വര്‍ണ്ണങ്ങളായി പകര്‍ത്തി.
ഇന്ത്യയുടെ തകര്‍പ്പന്‍ പ്രകടനം ദേശീയ പതാകയുടെ പശ്ചാത്തലത്തില്‍ ചിത്രീകരിച്ച ഒമ്പതടി നീളമുള്ള ബാറ്റിന് ലേലം വിളിച്ചപ്പോള്‍ ഏഴ്ലക്ഷം രൂപ കിട്ടി. മുംബൈയിലെ താവോ ആര്‍ട് ഗാലറി ഉടമ കല്പന ഷായാണ് ചിത്രം ലേലത്തില്‍ വാങ്ങിയത്. ബാംഗ്ലൂരില്‍ കോരമംഗലയിലുള്ള ഗജഗാമിനി ആര്‍ട് ക്ലബിന്റെ ഉദ്ഘാടനച്ചടങ്ങിനോടനുബന്ധിച്ചാണ് ഹുസൈന്‍ ക്രിക്കറ്റ് ബാറ്റില്‍ ചിത്രം വരച്ചത്. ചിത്രം ലേലത്തില്‍ വിറ്റുകിട്ടിയ പണം കര്‍ണാടകയിലെ ഭാവിയിലെ ക്രിക്കറ്റ് താരങ്ങള്‍ക്ക് സ്കോളര്‍ഷിപ്പായി നല്കും.
നൃത്തം, സംഗീതം, നാടകം, സിനിമ, ചിത്രകല എന്നിവയെ പ്രോത്സാഹിപ്പിക്കാനുദ്ദേശിച്ച് രൂപീകരിച്ചതാണ് ഗജഗാമിനി ക്ലബ്. ബയോടെക്നോളജി കമ്പനിയായ ബയോകോണ്‍ ഇന്ത്യയുടെ ചെയര്‍പേഴ്സണ്‍ കിരണ്‍ മജുംദാര്‍ പ്രസിഡന്റായ ഗജഗാമിനി ക്ലബില്‍ വിപ്രോയുടെ അസിം പ്രേംജി ഉള്‍പ്പെടെ ഒട്ടേറെ വ്യവസായ പ്രമുഖര്‍ അംഗങ്ങളാണ്.












Click it and Unblock the Notifications