തുഞ്ചന്‍ വിവാദം: കണ്ടതും കേട്ടതും
തിരൂര്‍: ഒടുവില്‍ തുഞ്ചന്‍ പറമ്പ് വിവാദത്തിനും രാഷ്ട്രീയ നിറം. എം.ടി. വാസുദേവന്‍ നായരും സാംസ്കാരിക മന്ത്രി ജി. കാര്‍ത്തികേയനും തമ്മില്‍ നടന്ന വാക്കുതര്‍ക്കത്തില്‍ തുടങ്ങിയ പോര് ഇപ്പോള്‍ രാഷ്ട്രീയചേരിപ്പോരിലേക്ക് നീങ്ങുകയാണെന്നറിയുന്നു.
ഈ വിവാദത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഇടപെട്ടതോടെ പ്രശ്നങ്ങള്‍ക്ക് രാഷ്ട്രീയ നിറം കൈവന്നത്. എം.ടി. വാസുദേവന്‍ നായര്‍ തുഞ്ചന്‍ പറമ്പ് ട്രസ്റ് ചെയര്‍മാന്‍ സ്ഥാനം രാജിവയ്ക്കരുതെന്നാണ് പിണറായി ആവശ്യപ്പെട്ടത്. മുത്തങ്ങ സംഭവത്തില്‍ എംടി ഇടതുപക്ഷത്തെ പിന്തുണച്ചതിനുള്ള പ്രത്യുപകാരമായിരുന്നോ പിണറായിയുടേത്?
പ്രശ്നങ്ങളുടെ തുടക്കം മുത്തങ്ങയില്‍ നിന്നായിരുന്നല്ലോ. മുത്തങ്ങ സംഭവത്തില്‍ പ്രതിഷേധിച്ച് സര്‍ക്കാര്‍ നടത്തുന്ന അന്താരാഷ്ട്ര വീഡിയോ ഫെസ്റിവല്‍ ജൂറി ചെയര്‍മാന്‍ സ്ഥാനം എംടി രാജിവയ്ക്കുന്നതായി പ്രഖ്യാപിച്ചു. ഇത് സര്‍ക്കാരിന് നാണക്കേടായി. നാണക്കേട് തീര്‍ക്കാനാണ് സാംസ്കാരിക മന്ത്രി ഇടപെട്ടത്. അങ്ങിനെയെങ്കില്‍ എംടി രാജിവയ്ക്കേണ്ടത് തുഞ്ചന്‍ ട്രസ്റ് ചെയര്‍മാന്‍ സ്ഥാനമാണെന്ന് കാര്‍ത്തികേയന്‍ വാര്‍ത്താസമ്മേളനത്തില്‍ വാദിച്ചു. (മന്ത്രി ഈയിടെ സാംസ്കാരികനായകന്മാരോട് എതിരിടുന്നത് ഒരു ഫാഷനായി എടുത്തിരിക്കുകയാണെന്ന് തോന്നുന്നു. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും അടൂരിനെ തെറിപ്പിച്ചതിന്റെയും ചീത്തവിളിച്ചതിന്റെയും തീയും പുകയും അടങ്ങുന്നതേയുള്ളൂ. അതിന്മുമ്പ് സക്കറിയയോടും മന്ത്രി വാക്പയററ് നടത്തിയിരുന്നു.)
ഇപ്പോഴെന്തായി ബദ്ധശത്രുക്കളായ സുകുമാര്‍ അഴീക്കോടും എംടിയും ഈ പ്രശ്നത്തോടെ അടുത്തു. ഒരു സാംസ്കാരിക നായകനെ മറ്റൊരാള്‍ ആക്രമിക്കുമ്പോള്‍ രക്ഷയ്ക്കെത്തേണ്ടത് മറ്റൊരു നായകന്റെ കടമയാണല്ലോ.(ഇക്കാര്യത്തില്‍ ഓട്ടോറിക്ഷക്കാരുടെ സ്പിരിറ്റാണ് സാംസ്കാരിക നായകന്മാര്‍ക്ക്). അതുവരെ തുഞ്ചന്‍പറമ്പിലേക്ക് തിരിഞ്ഞുനോക്കാതിരുന്ന സുകുമാര്‍ അഴീക്കോട് തുഞ്ചന്‍ പറമ്പില്‍ ഈയിടെ സന്ദര്‍ശിച്ചുവെന്ന് മാത്രമല്ല, തുഞ്ചന്‍പറമ്പില്‍ എംടി നടത്തുന്ന പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിക്കുകയും ചെയ്തു.
യുഡിഎഫ് അംഗവും സ്ഥലം എംഎല്‍എയുമായ ഇ.ടി. മുഹമ്മദ് ബഷീറിന് എംടിയോട് നല്ല ബന്ധമാണ്. മന്ത്രിയുടെ വിമര്‍ശനമൊന്നും ഈ ബന്ധത്തെ ബാധിച്ചിട്ടില്ല. എംടിയുടെ എല്ലാ പ്രവര്‍ത്തനങ്ങളേയും സ്ഥലം എംഎല്‍എ പിന്തുണയ്ക്കുന്നു. തുഞ്ചന്‍ പറമ്പില്‍ എന്ത് പരിപാടിയുണ്ടായാലും എംടി മുഹമ്മദ് ബഷീറിനെ ക്ഷണിക്കാറുമുണ്ട്. ഇപ്പോള്‍ പ്രശ്നത്തിന് രാഷ്ട്രീയ നിറം വന്നതോടെ ഇനി എന്താകുമെന്ന് പറയാന്‍ വയ്യ.












Click it and Unblock the Notifications