ഏഷ്യാനെറ്റ് ഗ്ലോബല്‍ ഇനി ഏഷ്യാനെറ്റ് ന്യൂസ്
തിരുവനന്തപുരം: ഏഷ്യാനറ്റ് ഗ്ലോബല്‍ ഏഷ്യാനെറ്റ് ന്യൂസ് എന്ന പേരില്‍ സംപ്രേഷണം തുടങ്ങും. ഏഷ്യാനെറ്റ് ന്യൂസില്‍ 90 ശതമാനവും വാര്‍ത്താധിഷ്ഠിത പരിപാടികളായിരിക്കും സംപ്രേഷണം ചെയ്യുകയെന്ന് ഏഷ്യാനെറ്റ് മാനേജിംഗ് ഡയറക്ടര്‍ കെ. മാധവന് അറിയിച്ചു. ഒരു മണിക്കൂര്‍ ഇടവിട്ടുള്ള വാര്‍ത്ത, വാര്‍ത്താധിഷ്ഠിത പരിപാടികള്‍, അഭിമുഖം എന്നിവയാണ് ചാനലില്‍ ഉണ്ടായിരിക്കുക.
ന്യൂസ് അവര്‍ പോലുള്ള പരിപാടികള്‍ പ്രേക്ഷകരെ ഏറെ ആകര്‍ഷിച്ചിട്ടുണ്ടെന്ന് മാധവന് പറഞ്ഞു. രാത്രി പത്ത് മണിയ്ക്ക് ശേഷം ഗള്‍ഫ് പ്രേക്ഷകര്‍ക്കായി കൂടുതല്‍ ഗള്‍ഫ് അധിഷ്ഠിത വാര്‍ത്താ പരിപാടികള്‍ ഉണ്ടായിരിയ്ക്കും.
ഏഷ്യാനെറ്റ് ഏഷ്യവിട്ട് മറ്റ് ദേശങ്ങളിലേയ്ക്ക് സംപ്രേക്ഷണം തുടങ്ങിയപ്പോഴാണ് ഏഷ്യാനെറ്റ് ഗ്ലോബല്‍ എന്ന പേരില്‍ ഒരു ചാനല്‍ തുടങ്ങിയത്. ഇത് തുടങ്ങിയിട്ട് ഇപ്പോള്‍ രണ്ട് വര്‍ഷമാവുന്നു. ഇപ്പോള്‍ വിദേശങ്ങളില്‍ ഇന്ത്യന്‍ ചാനലുകള്‍ കിട്ടുന്നത് പുതിയ കാര്യമല്ല. അതുകൊണ്ടാണ് ഇപ്പോള്‍ ആ ചാനലിന്റെ പേര് മാറ്റുന്നത്. മാത്രമല്ല വാര്‍ത്തയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുകയാണ് ചാനലിന്റെ ലക്ഷ്യം.
ഏഷ്യാനെറ്റ് ന്യൂസ് ചാനലിന്റെ പുതിയ ലോഗോ പ്രകാശനം ചെയ്ത വേളയിലായിരുന്നു വാര്‍ത്താസമ്മേളനത്തില്‍ മാധവന് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. ഏഷ്യാനെറ്റ് മാനേജിംഗ് എഡിറ്റര്‍ കെ. പി. മോഹനനും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.