കെ.പി.ബി. പാട്യത്തിന് അംഗീകാരം
തൃശൂര്‍: കവി കെ.പി.ബി. പാട്യത്തിന്റെ ഛായാചിത്രം തൃശൂരിലെ സാഹിത്യഅക്കാദമി ഹാളില്‍ അനാച്ഛാദനം ചെയ്യുന്നു. മെയ് ഏഴ് ബുധനാഴ്ചയാണ് ചടങ്ങ്.
മരിച്ച് 33 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കെ.പി.ബി. പാട്യത്തിന് ഈ അംഗീകാരം ലഭിയ്ക്കുന്നത്. തലശ്ശേരിയ്ക്കടുത്ത് പാട്യം സ്വദേശിയായ കവി സാഹിത്യത്തിലും പത്രപ്രവര്‍ത്തനത്തിലും സ്വാതന്ത്യ്രസമരപ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു. 1928 ജനവരി 15നാണ് അദ്ദേഹം ജനിച്ചത്. ഗാനചിത്രങ്ങള്‍, പാട്യത്തിന്റെ കവിതകള്‍ എന്നീ രണ്ട് കവിതാ സമാഹാരങ്ങള്‍ മാത്രമേ പുറത്തുവന്നിട്ടുള്ളൂ.
1948ല്‍ ഇരുപതാം വയസ്സില്‍ ലോകവാണി എന്ന പത്രത്തിന്റെ ഉപപത്രാധിപരായി. പിന്നീട് ജയകേരളത്തിന്റെ സഹപത്രാധിപരായി. മാതൃഭൂമിയിലും എഴുതിയിട്ടുണ്ട്. 1950ല്‍ ആദ്യ കവിതാസമാഹാരം ഗാനചിത്രങ്ങള്‍ പുറത്തുവന്നു. ഉറൂബായിരുന്നു ഇതിന് അവതാരിക എഴുതിയത്.
1969 നവമ്പറില്‍ അസുഖം മൂലം കെ.പി.ബി. പാട്യം അന്തരിച്ചു.












Click it and Unblock the Notifications