തീവണ്ടിപ്പാട്ടുകളുമായി റെയില്‍വേ
തിരുവനന്തപുരം: വണ്ടീ വണ്ടീ നിന്നെപ്പോലെ ... - 1963ല്‍ മെഹബൂബ് ആലപിച്ച ഈ മലയാളഗാനത്തിന്റെ ഇത്രയും ഭാഗം കേള്‍ക്കുമ്പോള്‍ തന്നെ ബാക്കി വരികള്‍ മലയാളി താനെ പൂരിപ്പിച്ചുകൊള്ളും. തീവണ്ടിയെക്കുറിച്ചുള്ള ഈ ഗാനം ഒരു കാലത്ത് എല്ലാ മലയാളിയുടെയും ചുണ്ടില്‍ തത്തിക്കളിച്ചിരുന്ന ഒന്നാണ്. ഡോക്ടര്‍ എന്ന സിനിമയിലെ ഈ ഗാനത്തെ ഇപ്പോള്‍ ഇന്ത്യന്‍ റെയില്‍വേ നന്ദിയോടെ സ്മരിക്കുകയാണ്.
150 വര്‍ഷം പിന്നിടുന്ന ഇന്ത്യന്‍ റെയില്‍വേയുടെ ഓര്‍മ്മയ്ക്കായി സതേണ്‍ റെയില്‍വേ തീവണ്ടിയെക്കുറിച്ചുള്ള 12 മലയാളം സിനിമാഗാനങ്ങളുള്‍പ്പെട്ട കസെറ്റ് പുറത്തിറക്കിയപ്പോള്‍ ആദ്യഗാനമായി ഉള്‍പ്പെടുത്തിയത് ഈ ഗാനമാണ്.
പി.ബി. ശ്രീനിവാസ് പാടിയ മാമലകള്‍ക്കപ്പുറത്ത്.. (ചിത്രം: നിണമണിഞ്ഞ കാല്‍പ്പാടുകള്‍), എല്ലാരും പോകുന്നു...(ചിത്രം: അഞ്ജലി), തീര്‍ത്ഥയാത്ര... (ചിത്രം: ആനന്ദ ശില്പങ്ങള്‍), തീവണ്ടി.. ( ചിത്രം: സ്നേഹത്തിന്റെ മുഖങ്ങള്‍), ഉറക്കു പാട്ടിന്‍... (ചിത്രം: അനുഭൂതികളുടെ നിമിഷങ്ങള്‍) എന്നിങ്ങനെ 12 തീവണ്ടിപ്പാട്ടുകള്‍.
നടന്‍ ബാലചന്ദ്രമേനോനാണ് കസെറ്റിന്റെ പ്രകാശനം നിര്‍വഹിച്ചത്. 1963നും 1979നും ഇടയില്‍ ഉണ്ടായ മലയാള സിനിമാഗാനങ്ങളില്‍ നിന്നാണ് ഈ 12 ഗാനങ്ങള്‍ തിരഞ്ഞെടുത്തിരിക്കുന്നത്. പഴയ തലമുറയ്ക്ക് ഈ കസെറ്റിലെ ഗാനങ്ങള്‍ ഒട്ടേറെ ഓര്‍മ്മകള്‍ മടക്കിക്കൊണ്ടുവരും. തെങ്ങോലകള്‍ക്കുള്ളിലൂടെ പുകയുയര്‍ത്തിപ്പായുന്ന തീവണ്ടിയുടെ ഓര്‍മ്മകളും അതിലൂടെ ജീവിതത്തിന്റെ ചിത്രങ്ങളും ഓടിവരും.












Click it and Unblock the Notifications