കലാനിലയത്തിന്റെ നാടകങ്ങള്‍ വീണ്ടും
കൊച്ചി: 23 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കലാനിലയം വീണ്ടും നാടകങ്ങള്‍ അവതരിപ്പിക്കുന്നു. കേരളത്തിലെ വിവിധ വേദികളില്‍ അവതരിപ്പിച്ച് ജനപ്രിയമായ നാടകങ്ങളാണ് കലാനിലയം വീണ്ടും അവതരിപ്പിക്കുന്നത്.
നടന്‍ ജഗതി ശ്രീകുമാറും കലാനിലയം കൃഷ്ണന്‍നായരുടെ മകന്‍ പത്മനാഭനും ചേര്‍ന്നാണ് കലാനിലയത്തിന് വീണ്ടും ജീവന്‍ നല്‍കിയത്. രക്തരക്ഷസ് എന്ന പ്രേത നാടകമാണ് ആദ്യം വേദിയില്‍ പുനവതരണം നടത്തുന്നത്.
ജൂണ്‍ 23 തിങ്കളാഴ്ച വൈകീട്ട് രക്തരക്ഷസിന്റെ ആദ്യപ്രദര്‍ശനം എറണാകുളം കലൂര്‍ മണപ്പാട്ടിപ്പറമ്പില്‍ നടക്കും. ജില്ലാ കളക്ടര്‍ ഗ്യാനേഷ് കുമാര്‍ വൈകീട്ട് 5.30ന് പ്രദര്‍ശനം ഉദ്ഘാടനം ചെയ്യും.
ജഗതി ശ്രീകുമാറിന്റെ അമ്മ പ്രസന്നയും പരേതനായ കലാനിലയം കൃഷ്ണന്‍നായരുടെ ഭാര്യ കൊടുങ്ങല്ലൂര്‍ അമ്മിണിയമ്മയും നാടകത്തിന്റെ പ്രദര്‍ശനത്തിന് മുന്നോടിയായി തിരിതെളിയിക്കും.
ആദ്യദിവസം 6.30ന് ആരംഭിക്കുന്ന പ്രദര്‍ശനം മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. മറ്റ് ദിവസങ്ങളില്‍ 2.30നും 6.30നുമായി രണ്ട് പ്രദര്‍ശനങ്ങളുണ്ടായിരിക്കും.
കടമറ്റത്ത് കത്തനാര്‍, കായംകുളം കൊച്ചുണ്ണി എന്നീ നാടകങ്ങളും വീണ്ടും വേദിയിലെത്തിക്കുമെന്ന് ജഗതി ശ്രീകുമാറും പത്മനാഭനും പറഞ്ഞു. വെളിച്ചസംവിധാനത്തിന്റെയും ശബ്ദത്തിന്റെയും സ്പെഷല്‍ ഇഫക്ടുകള്‍ക്കായി പുതിയ സാങ്കേതികവിദ്യ ഉപയോഗിക്കും. കൊച്ചിയില്‍ മൂന്ന് മാസം നാടകം അവതരിപ്പിക്കും.












Click it and Unblock the Notifications