മാറാടിന് സ്നേഹദൂതുമായി....
കോഴിക്കോട്: ഗാനഗന്ധര്‍വന്‍ യേശുദാസ് പാടി:
എവിടെ മാനവന്‍ എവിടെ
ആദിയില്‍ ദൈവത്തില്‍ പ്രതിരൂപമായി
ഈ ഭൂമിയില്‍ പിറകൊണ്ട മാനവന്‍ എവിടെ...
ഗാനം കേട്ട മാറാട്ടുകാര്‍ കൈയ്യടിച്ചു. ചിലര്‍ കണ്ണു തുടച്ചു.
സുകുമാര്‍ അഴീക്കോട് ട്രസ്റിന്റെ ആഭിമുഖ്യത്തില്‍ നടന്ന സാംസ്കാരിക പ്രവര്‍ത്തകരുടെ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു യേശുദാസ്. തെറ്റു ചെയ്യുന്നവരെ തിരുത്തി സമാധാനത്തിന്റെ പാതയിലേക്ക് കൊണ്ടുവരാന്‍ നമുക്ക് കഴിയണമെന്ന് യേശുദാസ് ആഹ്വാനം ചെയ്തു.
ക്രൂരതയുടെ പ്രതികാരമല്ല, സ്നേഹത്തിന്റെ പ്രതികാരമാണ് വേണ്ടതെന്ന് അധ്യക്ഷനായിരുന്ന ഡോ. സുകുമാര്‍ അഴിക്കോട് പറഞ്ഞു. ഭാരതം ഓരോ പ്രതിസന്ധിഘട്ടത്തെയും തരണം ചെയ്തത് വ്യാസന്‍ എന്ന മുക്കുവ പിതാവിന്റെ സന്ദേശം ഉള്‍ക്കൊണ്ടാണ്. അഹിംസ പരമോധര്‍മ്മ എന്നാണ് വ്യാസന്‍ ഉപദേശിച്ചത്.
മുക്കുവത്തിമാരില്‍ പിറന്ന മാറാട്ടുകാര്‍ അഹിംസ പരമധര്‍മ്മമാക്കണം. അരയസമാജം പൂര്‍വപൈതൃകം മനസ്സിലാക്കി ഓടിപ്പോയ മുസ്ലിം സഹോദരന്മാരെ വീട്ടിലേക്ക് മടക്കിക്കൊണ്ടുവരണം. - അദ്ദേഹം പറഞ്ഞു.
ഹൃദയത്തിന്റെ അടിത്തട്ടിലുള്ള തെളിനീരുറവകള്‍ സ്നേഹത്തിലൂടെയും ശാന്തിയിലൂടെയും ഊറിവരണമെന്ന് എം.ടി. വാസുദേവന്‍ നായര്‍ ഓര്‍മ്മിപ്പിച്ചു. പുനത്തില്‍ കുഞ്ഞബ്ദുള്ള, ഡോ.സി.കെ. രാമചന്ദ്രന്‍, അഡ്വ. എ. ശങ്കരന്‍, ട്രസ്റ് സെക്രട്ടറി പോള്‍ മണലില്‍ എന്നിവരും പ്രസംഗിച്ചു.












Click it and Unblock the Notifications