ബഷീറിന്റെ രാഷ്ട്രീയം പ്രസക്തം: വിജയലക്ഷ്മി
കോഴിക്കോട്: വൈക്കം മുഹമ്മദ് ബഷീറിന്റെ കൃതികളിലെ രാഷ്ട്രീയം ഇന്നും പ്രസക്തമാണെന്ന് കവയിത്രി വിജയലക്ഷ്മി പറഞ്ഞു. ബാങ്ക്മെന്‍സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ബഷീര്‍ അനുസ്മരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു വിജയലക്ഷ്മി.
ഭൂമിയുടെ അവകാശികള്‍ പോലുള്ള കൃതികളില്‍ സമാധാനപരമായ സഹവര്‍ത്തിത്വം എങ്ങിനെ സാധ്യമാക്കാമെന്നാണ് ബഷീര്‍ വിശദീകരിക്കുന്നത്. ഇന്നത്തെ പ്രശ്നവും സഹവര്‍ത്തിത്വത്തിന്റേതാണ്. ഇത് പരിഹരിക്കേണ്ടത് സാംസ്കാരിക പ്രവര്‍ത്തകരല്ല, സര്‍ക്കാരാണ്. - വിജയലക്ഷ്മി പറഞ്ഞു.
ആഴമേറിയ ജീവിത മുഹൂര്‍ത്തങ്ങളാണ് ബഷീര്‍ കൃതികളിലുള്ളത്. ബാല്യകാല സഖിയും ചങ്ങമ്പുഴയുടെ രമണനും പൊട്ടക്കൃതികളാണെന്ന് പറയുന്നവര്‍ മാപ്പര്‍ഹിക്കുന്നില്ല. - വിജയലക്ഷ്മി അഭിപ്രായപ്പെട്ടു.
പ്രാദേശിക ഭാഷകളില്‍ എഴുതുന്ന ഇന്ത്യയിലെ എഴുത്തുകാര്‍ പല പരിമിതികളും അനുഭവിക്കുന്നുവെന്ന് അശോക് മിത്രന്‍ പറഞ്ഞു. എന്നാല്‍ ഇംഗ്ലീഷില്‍ എഴുതുന്ന ഇന്ത്യന്‍ എഴുത്തുകാര്‍ക്ക് വലിയ പരിഗണനയാണ് കിട്ടുന്നത്. ഭാഷാ എഴുത്തുകാരെ ശ്രദ്ധിയ്ക്കാന്‍ ആരുമില്ല. - അശോക്മിത്രന്‍ ചൂണ്ടിക്കാട്ടി.
ബഷീറിന്റെ ഓര്‍മ്മയ്ക്ക് കോളെജ് മാഗസിനുകള്‍ക്ക് ബാങ്ക്മെന്‍സ് ക്ലബ് ഏര്‍പ്പെടുത്തിയ പുരസ്കാരങ്ങള്‍ അശോകമിത്രന്‍ വിതരണം ചെയ്തു. ഫാറൂഖ് കോളെജിന്റെ ബോട്ടം ഹാന്റ്സ്, കലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ സ്റോളന്‍ ജനറേഷന്‍സ്, ആലപ്പുഴ സെന്റ് ജോസഫ്സ് വനിതാ കോളെജിന്റെ മൈല്‍സ് ടു ഗോ എന്നീ മാഗസിനുകളാണ് യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയത്.
ഫാറൂഖ് കോളെജിന് വേണ്ടി എസ്.കെ. ആഷിഖ് ഇഖ്ബാലും ആലപ്പുഴ സെന്റ് ജോസഫ്സ് കോളെജിന് വേണ്ടി ഡൈസില്‍ എബിയും പുരസ്കാരങ്ങള്‍ ഏറ്റുവാങ്ങി. കലിക്കറ്റ് യൂണിവേഴ്സിറ്റിയ്ക്ക് വേണ്ടി ആരും പുരസ്കാരം വാങ്ങാന്‍ എത്തിയില്ല.
ചടങ്ങില്‍ ബാങ്ക്മെന്‍സ് ക്ലബ് പ്രസിഡന്‍്് എം. രാജഗോപാല്‍ അധ്യക്ഷതവഹിച്ചു. മണമ്പൂര്‍ രാജന്‍ ബാബു, എന്‍.പി. അബ്ദുള്‍ നാസര്‍ എന്നിവരും പ്രസംഗിച്ചു.












Click it and Unblock the Notifications