Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉമ്മറിന്റെ ഓര്‍മ്മയ്ക്ക് ഈ മയില്‍പ്പീലി

എ.ടി. ഉമ്മര്‍ ജീവിച്ചിരുന്ന കാലത്ത് വിവാദനായകനായ സംഗീത സംവിധായകനായിരുന്നു. ഹിന്ദി ഈണങ്ങള്‍ അപ്പടി മോഷ്ടിക്കുന്നു എന്ന വിമര്‍ശനങ്ങള്‍ ഉമ്മറിനെതിരെ ഉയര്‍ന്നപ്പോഴും ഉമ്മറിന്റെ ഗാനങ്ങള്‍ വേറിട്ടുനിന്നു. ചിലതെല്ലാം ഒരു കേള്‍വിയ്ക്കപ്പുറം ഗുണമുള്ളതായിരുന്നില്ല; പക്ഷെ മറ്റ് ചിലവ എത്ര കേട്ടാലും മതിവരാത്ത ഗാനങ്ങളായിരുന്നു.

മലയാളത്തിന്റെ മെലഡികള്‍ക്ക് പുതിയ ഭാവം പകര്‍ന്ന ഉമ്മറിന്റേതായ ഒരു പിടി ഗാനങ്ങള്‍ വീണ്ടും കേള്‍ക്കാന്‍ ഇതാ സുവര്‍ണ്ണാവസരം. എച്ച്എംവിയും സരിഗമയും ചേര്‍ന്നാണ് ഉമ്മറിന്റെ പത്ത് ഗാനങ്ങള്‍ കോര്‍ത്തിണക്കിയ കസെറ്റ് ഒരു മയില്‍പ്പീലിയായ് എന്ന പേരില്‍ പുറത്തിറക്കിയത്.

വൃശ്ചികരാത്രിതന്‍ മണിയറ മുറ്റത്തൊരു ... എന്ന മാധുര്യമൂറുന്ന അനുരാഗത്തിന്റെ ഓര്‍മ്മകള്‍ മുറ്റിനില്ക്കുന്ന യുഗ്മഗാനമാണ് കസെറ്റില്‍ ആദ്യത്തെ ഗാനം. പി. ഭാസ്കരന്‍ ആഭിജാത്യം എന്ന ചിത്രത്തിന് വേണ്ടിയെഴുതിയ ഈ ഗാനം ആലപിച്ചിരിക്കുന്നത് യേശുദാസും പി. സുശീലയും ചേര്‍ന്ന്.

ദേവീ നിന്‍ ചിരിയില്‍...എന്ന ഗാനം പഴയ തലമുറയിലെ മലയാളികള്‍ നെഞ്ചേറ്റിയ ഗാനമാണ്. യേശുദാസിന്റെ ശബ്ദതരുണിമയില്‍ പൂര്‍ണ്ണത നേടിയ ആ ഗാനം കാലത്തെ അതിജീവിച്ചു എന്ന് പറയുന്നതാവും ശരി.

അഭിമാനം എന്ന സിനിമയിലെ പൊട്ടിക്കരഞ്ഞുകൊണ്ടോമനേ ഞാന്‍ നിന്റെ... എന്ന ഗാനം ശ്രീകുമാരന്‍ തമ്പിയുടെ വിഷാദതൂലികയില്‍ നിന്നും ഊര്‍ന്നുവീണ നൊമ്പരഗാനമാണ്. ഇത് ലളിതമായ ഈണത്തിലൂടെ ഉമ്മര്‍ അതുല്ല്യമാക്കിയിരിക്കുന്നു.

അവളുടെ രാവുകള്‍ എന്ന സിനിമ പോലെ തന്നെ വിവാദമായി തീര്‍ന്ന രാകേന്ദു കിരണങ്ങള്‍ ഒളിവീശിയില്ല... എന്ന ഗാനം ജാനകിയുടെ എക്കാലത്തേയും അവിസ്മരണീയ ഗാനമാണ്. രതി തുളുമ്പുന്ന ആ ആലാപനശൈലിയും സംഗീതവും മലയാളഗാനശാഖയ്ക്ക് മുതല്‍ക്കൂട്ടായിരുന്നു. ബിച്ചു തിരുമലയാണ് ഈ ഗാനം രചിച്ചത്.

അനുഭവം എന്ന ചിത്രത്തിന് വേണ്ടി ബിച്ചു തിരുമല എഴുതിയ വാകപ്പൂമരം ചൂടും വാരിളം പൂങ്കുലയ്ക്കുള്ളില്‍ ... എന്ന ഗാനം ഉമ്മറിന്റെ അനശ്വരഗാനമാണ്. പ്രേമത്തിന്റെ മധുരം തുളുമ്പുന്ന ഈ ഗാനത്തിന്റെ വരികളും ഈണവും അലിഞ്ഞു ചേര്‍ന്നൊഴുകുന്ന ഒന്നാണ്.

ഉമ്മര്‍ ഈണമിട്ട എക്കാലത്തെയും ക്ലാസിക് ഈണമാണ് ഒരു മയില്‍പ്പീലിയായ് എന്ന് തുടങ്ങുന്ന ഗാനം. വിഷാദവും പ്രണയപ്രതീക്ഷയും തുളുമ്പുന്ന ഈ ഗാനത്തിലൂടെ ഉമ്മര്‍ തന്റെ വിമര്‍ശകരുടെ നാവടപ്പിച്ചു കളഞ്ഞു. അത്രയ്ക്ക് ഒറിജിനാലിറ്റിയുള്ള ഈണമായിരുന്നു ഇത്. അതുകൊണ്ടാകാം കസെറ്റിന്റെ പേര് ഒരു മയില്‍പ്പീലിയായ് എന്ന് നല്കിയത്.

തീര്‍ത്ഥയാത്രയിലെ യേശുദാസ് ആലപിച്ച മാരിവില്ലു പന്തലിട്ട, സത്യന്‍ അന്തിക്കാട് രചിച്ച ഒരു നിമിഷം തരൂ... എന്ന ഗാനം, ബിച്ചു തിരുമാല എഴുതിയ ഉമ്മറിന്റെ അവസാന ഹിറ്റ് ഗാനങ്ങളിലൊന്നായ നീലജലാശയത്തില്‍... തുടങ്ങിയവാണ് കസെറ്റിലെ മറ്റ് ഗാനങ്ങള്‍.

സംഗീതം അനുകരണമാണെന്ന് പറഞ്ഞവരോട് സംഗീതം അനുകരിക്കാനുള്ളതാണെന്ന് പ്രതികരിച്ച ഉമ്മറിനെ വിമര്‍ശകര്‍ എത്രമാത്രം തെറ്റിദ്ധരിച്ചുവെന്ന് ഒരു മയില്‍പ്പീലിയായിലെ ഗാനങ്ങള്‍ ഓര്‍മ്മപ്പെടുത്തും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+