കൂടിയാട്ടം മരിയ്ക്കുന്നു: അമ്മന്നൂര്‍
തൃശൂര്‍: കൂടിയാട്ടം എന്ന കേരളത്തിന്റെ ഏറ്റവും പഴക്കം ചെന്ന കല സംരക്ഷിയ്ക്കാനോ പ്രോത്സാഹിപ്പിയ്ക്കാനോ ആളില്ലാതെ കാലഹരണപ്പെടുകയാണെന്ന് കൂടിയാട്ട കലയുടെ ആചാര്യന്‍ അമ്മന്നൂര്‍ മാധവചാക്യാര്‍. ഇരിങ്ങാലക്കുട കൂടല്‍മാണിക്യക്ഷേത്രത്തില്‍ ആഗസ്ത് ഒന്നുമുതല്‍ നടത്തുന്ന കൂടിയാട്ടം അവതരണത്തെക്കുറിച്ച് വിവരിയ്ക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് അമ്മന്നൂര്‍ ഇക്കാര്യം പറഞ്ഞത്.
യുനെസ്കോ കൂടിയാട്ടത്തെ മനുഷ്യവംശത്തിന്റെ തന്നെ പൈതൃക കലകളിലൊന്നായി അംഗീകരിച്ചുവെങ്കിലും യാതൊരു സഹായവും ലഭിച്ചു തുടങ്ങിയിട്ടില്ല. കൂടിയാട്ടത്തിന്റെ സാഹിത്യം സംസ്കൃതത്തിലായതിനാല്‍ ചെറുപ്പക്കാര്‍ ആരും ഈ രംഗത്തേയ്ക്ക് കടന്നുവരുന്നില്ല. ചെറുപ്പക്കാര്‍ ആരും കഷ്ടപ്പെടാന്‍ തയ്യാറില്ല. അവരെല്ലാം എളുപ്പത്തില്‍ പണമുണ്ടാക്കുന്നതിന്റെ പിന്നാലെയാണ്. - മാധവചാക്യാര്‍ അഭിപ്രായപ്പെട്ടു.
കൂടിയാട്ട കലയുടെ ഈറ്റില്ലമായ ചാക്യാര്‍മാരുടെ ഇല്ലങ്ങളും പട്ടിണിയിലാണ്. അവര്‍ക്ക് ഈ കലയെ പ്രോത്സാഹിപ്പിക്കാനുള്ള ശേഷിയില്ല. പണ്ടത്തെ രാജകുടുംബങ്ങള്‍ ഈ കലയെ പ്രോത്സാഹിപ്പിയ്ക്കാന്‍ ഉദാരമായി സഹായങ്ങള്‍ നല്കിയിരുന്നു.
ഇരിങ്ങാലക്കുടയിലെ കൂടല്‍മാണിക്യക്ഷേത്രത്തില്‍ ആഗസ്ത് ഒന്നുമുതല്‍ കൂടിയാട്ടത്തിന്റെ നാളുകളാണ്. ആഗസ്ത് ഒന്ന് രാത്രിമുതല്‍ ഇവിടെ സുഭദ്രാ ധനഞ്ജയം കൂടിയാട്ടം അരങ്ങേറും.
കൂടിയാട്ടത്തിന്റെ ആചാര്യനായ അമ്മന്നൂര്‍ മാധവചാക്യാരുടെ നേതൃത്വത്തിലാണ് ഈ കളി അരങ്ങേറുക. അമ്മന്നൂര്‍ പരമേശ്വര ചാക്യാരും സഹായത്തിനുണ്ടാവും. സാമ്പത്തികഞെരുക്കങ്ങളില്‍പെട്ട് കൂടിയാട്ടം കലാകാരന്മാരും കൂടിയാട്ടമെന്ന കലയും ശ്വാസം മുട്ടുന്നതിനിടയിലാണ് ഇരിങ്ങാലക്കുടയിലെ ഈ കൂടിയാട്ടം അവതരണം.












Click it and Unblock the Notifications