ബച്ചന്‍ ചെറിയ സ്ക്രീനും കീഴടക്കുന്നു
ഇംഗ്ലണ്ടില്‍ വലിയ പ്രദര്‍ശനവിജയം നേടിയ ഹു വാണ്ട്സ് ടു ബി എ മില്യണയര്‍ എന്ന പരിപാടിയുടെ ചുവടുപിടിച്ച് സ്റാര്‍ പ്ലസ് തയ്യാറാക്കിയ കോന്‍ ബനേഗാ കരോട്പതിയുടെ ജനപ്രീതി കണ്ട് മറ്റു ചാനലുകള്‍ പകച്ചുനില്ക്കുകയാണ്. തിങ്കള്‍ മുതല്‍ വ്യാഴം വരെയുള്ള ദിവസങ്ങളില്‍ സംപ്രേക്ഷണം ചെയ്യുന്ന ഈ പരമ്പരയുടെ ആദ്യത്തെ 135 ഭാഗങ്ങളാണ് അമിതാഭ് ബച്ചന്‍ അവതരിപ്പിക്കുന്നത്. ബച്ചന്‍ പരിപാടിയുടെ കുതിച്ചു കയറ്റത്തില്‍ തങ്ങളുടെ പ്രേക്ഷകര്‍ നഷ്ടപ്പെടുന്നത് തടയാന്‍ മറ്റു ചാനലുകള്‍ പുതിയ പദ്ധതികള്‍ ആവിഷ്കരിക്കുന്ന തിരക്കിലാണിപ്പോള്‍.
കോടിപതി ജ്വരം ജനങ്ങളെ കാര്യമായി പിടികൂടിയതോടെ സിനിമാ തിയേറ്ററുകളില്‍ പ്രേക്ഷകരില്ലാത്ത സ്ഥിതിയാണ്. സിനിമാ തിയേറ്ററുകള്‍ പ്രദര്‍ശനസമയത്തില്‍ മാറ്റം വരുത്താന്‍ ആലോചിക്കുന്നതായി പോലും വാര്‍ത്തകളുണ്ട്. പ്രശ്നോത്തരിയിലെ എല്ലാ ചോദ്യങ്ങള്‍ക്കും ശരിയുത്തരം നല്കിയാല്‍ ഒരു കോടി രൂപ സമ്മാനമായി ലഭിക്കും. എന്നാല്‍ വമ്പന്‍ സമ്മാനത്തെക്കാളേറെ പ്രേക്ഷകരെ പിടിച്ചിരുത്തുന്നത് ബിഗ് ബിയുടെ സാന്നിദ്ധ്യവും അദ്ദേഹത്തിന്റ സജീവമായ അവതരണശൈലിയും തന്നെ.
ആസ്ട്രേലിയന്‍ മാധ്യമ രാജാവ് കെറി പാക്കറുടെ ഇന്ത്യന്‍ സംരംഭമായ നയണ്‍ ബ്രോഡ്കാസ്റിങ് ഇന്ത്യ ഹു വാണ്ട്സ് ടു ബി എ മില്യണയറിന്റെ മാതൃകയില്‍ തയ്യാറാക്കുന്ന തൃശ്ശൂര്‍ പൂരം ഗ്രീഡ് അഥവാ അത്യാഗ്രഹം എന്ന പരിപാടിയുടെ അവതാരകനായി ബച്ചനെ കൊണ്ടുവരാന്‍ കാര്യമായ ശ്രമങ്ങളാരംഭിച്ചിട്ടുണ്ട്. എന്നാല്‍ ഇതു സംബന്ധിച്ച ചര്‍ച്ചകളുടെ പുരോഗതി ഇരുപക്ഷവും രഹസ്യമാക്കിവെച്ചിരിക്കുകയാണ്.
ദൂരദര്‍ശന്‍ മെട്രോ ചാനലിനുവേണ്ടി തയ്യാറാക്കുന്ന ഗ്രീഡിന്റെ അവതാരകനായി ബച്ചന്‍ വരുന്നത് രണ്ടു കൂട്ടര്‍ക്കും ഒന്നുപോലെ പ്രയോജനകരമാണ്. ബച്ചന്റെ താരമൂല്യത്തിലൂടെ ചാനല്‍ യുദ്ധത്തില്‍ ദൂരദര്‍ശന് നേട്ടം കൈവരിക്കാനാകും. മറുഭാഗത്ത് സ്റാര്‍ പ്ലസിനുള്ളതിനെക്കാള്‍ കൂടുതല്‍ പ്രേക്ഷകര്‍ ദൂരദര്‍ശന്‍ മെട്രോ ചാനലിനുണ്ടെന്നുള്ളത് ബച്ചനിലെ താരത്തിന് പ്രയോജനകരമാണ്.
തിരിച്ചുവരവിലെ ചിത്രങ്ങള്‍ കാര്യമായ വിജയം കൈവരിക്കാനാവാതെ പോയപ്പോള്‍ തന്നെ എഴുതിത്തള്ളിയവര്‍ക്ക് കരോട്പതിയിലൂടെ അമിതാഭ് ബച്ചന്‍ ചുട്ട മറുപടി നല്കിയിരിക്കുകയാണ്. ബിഗ് സ്ക്രീനിലെ താരപദവി മകന്‍ അഭിഷേകിനു കൈമാറിയതിനു ശേഷമാണ് അമിതാഭ് മിനി സ്ക്രീനില്‍ ഭാഗ്യം പരീക്ഷിക്കാനിറങ്ങിയത്. അമിതാഭിനും അഭിഷേകിനും കൈവരിക്കാനായ വിജയങ്ങള്‍ ബച്ചന്‍ കുടുംബത്തില്‍ ആഹ്ലാദത്തിമര്‍പ്പിനു കാരണമായിരിക്കുന്നു.












Click it and Unblock the Notifications