പ്രഭാസ് ആരാധകരുടെ മണ്ടത്തരം, ആന്ധ്രാ പ്രദേശില്‍ തിയേറ്ററില്‍ തീ പിടുത്തം: സീറ്റുകള്‍ കത്തിനശിച്ചു
വാളുമായി വെട്ടാന്‍ വരുന്ന വില്ലന്മാർ, നിസ്സഹായകനായി നില്‍ക്കുന്ന എംജിആറിന്റെ നായക കഥാപാത്രം, എന്തും സംഭവിക്കാം. നായകനെ വില്ലന്‍മാർ കൊല്ലാം. ഉടനെ കൊട്ടകയുടെ മുന്‍നിരയില്‍ ഇരുന്ന കാണികളില്‍ ഒരാള്‍ 'പൂടീങ്കോ തലൈവരെ' എന്ന് പറഞ്ഞ് അരയിലിരുന്ന കത്തിയെടുത്ത് നായകനെ ലക്ഷ്യമാക്കി സ്ക്രീനിലേക്ക് ഒരേറ്. വലിച്ചു കെട്ടിയ തിരശ്ശീല നെടുകെ പിളർന്ന് ഷോ മുടങ്ങി. തമിഴ്നാട്ടിലെ അന്ധമായ താരാരാധനയെ കുറിച്ച് കേരളത്തില്‍ നേരത്തെ മുതല്‍ തന്നെ പ്രചരണത്തിലുള്ള ഒരു കഥയാണ് ഇത്.
ഏതായാലും ഇത്രയില്ലെങ്കിലും ഇതിന് സമാനമായ രീതിയിലുള്ള ഒരു വാർത്തയാണ് തെലുങ്ക് സിനിമ ലോകത്ത് നിന്നും പുറത്ത് വരുന്നത്. പ്രഭാസ് ആരാധകരുടെ അതിരുവിട്ട പ്രവർത്തനം തീയേറ്ററിനകത്ത് തീ പീടിക്കുകയായിരുന്നു.

2009ൽ പുറത്തിറങ്ങിയ പ്രഭാസിന്റെ ബില്ല എന്ന ചിത്രത്തിന്റെ പ്രദർശനത്തിനിടെയാണ് ആന്ധ്രാപ്രദേശിലെ പശ്ചിമ ഗോദാവരിയിലെ തഡെപാലിഗുഡെമിലെ സിനിമാ തിയേറ്ററിൽ തീ പിടുത്തമുണ്ടായത്. താരത്തിന്റെ ആരാധകർ സിനിമാ ഹാളിനുള്ളിൽ പടക്കം പൊട്ടിച്ചതാണ് തീപിടിത്തത്തിന് ഇടയാക്കിയത്.

പ്രഭാസിന്റെ ജന്മദിനത്തോട് അനുബന്ധിച്ച് ബില്ല റീ റീലിസ് ചെയ്യുന്നതിനിടെയായിരുന്നു അപകടം. സിനിമ പ്രദർശനം നടക്കുമ്പോൾ പ്രഭാസിന്റെ ഇന്‍ട്രോ സമയത്ത് ആവേശഭരിതരായ ആരാധകർ താഡപള്ളിഗുഡെം വെങ്കിട്ടരാമ തിയേറ്ററിനുള്ളിൽ കേക്ക് മുറിച്ചും പടക്കം പൊട്ടിച്ചും ആഘോഷിക്കുകയുമായിരുന്നു. ഇതേ തുടർന്ന് തീയേറ്ററിനകത്ത് തീ പടരുകയായിരുന്നു.

നിരവധി സീറ്റുകൾ കത്തിനശിച്ചു. തീയേറ്ററിനുള്ളിലെ തീ പിടുത്തവും പുകയും കാരണം ആളുകള്‍ പരിഭ്രാന്തരായി കൂട്ടത്തോടെ പുറത്തേക്ക് ഓടിയതോടെ തിക്കും തിരക്കും അനുഭവപ്പെട്ടു. തിയേറ്ററിലെ ജീവനക്കാർ ശ്രമിച്ചെങ്കിലും ഫയർഫോഴ്സ് എത്തിയാണ് തീ പൂർണ്ണമായും അണച്ചത്.

വെങ്കട്ട്രാമ തിയേറ്റർ ഏറെനാളായി അടച്ചിട്ടിരിക്കുകയായിരുന്നു. എന്നാല്‍ നടന്റെ 43-ാം ജന്മദിനത്തോടനുബന്ധിച്ച് ബില്ലയുടെ പ്രത്യേക പ്രദർശനത്തിനായി പ്രഭാസ് ഫാൻസ് അസോസിയേഷൻ തിയേറ്റർ ബുക്ക് ചെയ്യുകയായിരുന്നു. ആരാധകർ പടക്കം പൊട്ടിച്ചതാണ് തീപിടിത്തത്തിലേക്ക് നയിച്ചതെന്ന് അഗ്നിശമന സേനയും വ്യക്തമാക്കി.

ആളപായമോ കാര്യമായ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും തിയേറ്ററിലെ സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിന്റെ വീഡിയോ പ്രശസ്ത സംവിധായകൻ രാം ഗോപാല്‍ വര്‍മ്മ ഉള്‍പ്പടെ ട്വീറ്റ് ചെയ്തിട്ടുണ്ട്. 'ദീപാവലി ആഘോഷം, പ്രഭാസ് ആരാധകരുടെ സ്റ്റൈലില്‍' എന്ന് രാംഗോപാല്‍ വർമ്മ ട്വിറ്ററില്‍ കുറിക്കുകയും ചെയ്തിട്ടുണ്ട്.

2021 മാർച്ചിൽ, പവൻ കല്യാണിന്റെ വക്കീൽ സാബിന്റെ ട്രെയിലർ റിലീസിങ്ങിനിടെ തിയേറ്ററിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് നിരവധിയാളുകള്‍ക്ക് പരിക്കേറ്റിരുന്നു. വിശാഖ പട്ടണത്തെ ശരത് ഡ്യുവൽ സ്‌ക്രീൻ തിയേറ്ററിലായിരുന്നു സംഭവം. അതേസമയം, സലാർ, ആദിപുരുഷ് എന്നീ ചിത്രങ്ങളാണ് പ്രഭാസിന്റേതായി പുറത്ത് വരാനുള്ളത്. പ്രഭാസിന്‍റെ പിറന്നാളിനോടനുബന്ധിച്ച് നിര്‍മ്മാതാക്കള്‍ സലാറിലെ താരത്തിന്റെ ലുക്കും പുറത്ത് വിട്ടിട്ടുണ്ട്.












Click it and Unblock the Notifications