കാവ്യയുടെ നോവല്‍ വിപണിയില്‍നിന്നു പിന്‍വലിച്ചു
ന്യൂയോര്‍ക്ക് : ഇംഗ്ലീഷ് സാഹിത്യലോകത്ത് വിവാദത്തിനിടയാക്കിയ ഹൗ ഓപ്പല്‍ മേത്ത ഗോട്ട് കിസ്ഡ്, ഗോട്ട് വൈല്‍ഡ് ആന്‍ഡ് ഗോട്ട് എ ലൈഫ് എന്നനോവലിന്റെ വില്പന നിര്‍ത്തിവെക്കാന്‍ നോവലിസ്റും ഇന്ത്യന്‍ വംശജയുമായ കാവ്യ വിശ്വനാഥന്‍ സമ്മതം നല്‍കി.
ഇതിനെത്തുടര്‍ന്ന് നോവല്‍ പ്രസിദ്ധീകരിച്ച ലിറ്റില്‍ ബ്രൗണ്‍ പബ്ലിഷേര്‍സിന്റെ വൈസ് പ്രസിഡന്റ് മൈക്കല്‍ പീറ്റ്ഷേ നോവല്‍ വില്പന നടത്തുന്ന സ്ഥാപനങ്ങളോടെല്ലാം വില്പന നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ടു.
പത്തൊമ്പതുകാരിയായ കാവ്യയുടെ ആദ്യനോവലാണ് ഇത്. പ്രസിദ്ധീകരിച്ച് ഒരു മാസത്തിനുള്ളല്‍ത്തന്നെ നോവലും നോവലിസ്റും ഇംഗ്ലീഷ് സാഹിത്യ ലോകത്ത് ചര്‍ച്ചാവിഷയമായിരുന്നു. പിന്നീട് നോവലിന് മെഗാന്‍ മാക്കഫെര്‍ടിയുടെ നോവലുകളുമായി സാമ്യമുണ്ടെന്നും അതില്‍ നിന്ന് കടംകൊണ്ടതാണ് കാവ്യയുടെ നോവലിലെ ചിലഭാഗങ്ങളെന്നും ആരോപണമുയര്‍ന്നത് വിവാദത്തിന് വഴിവച്ചു.
വിവാദത്തെ തുടര്‍ന്ന് നോവലിലെ ചിലഭാഗങ്ങള്‍ മെഗാന്റെ സൃഷ്ടിയില്‍നിന്ന് കടം കൊണ്ടതാണെന്ന് ഏതാനും ദിവസം മുമ്പ് കാവ്യ സമ്മതിക്കുകയുണ്ടായി. ഈ സാമ്യം മനസ്സറിയാതെ കടന്നു വന്നതാണെന്നും അടുത്ത പതിപ്പില്‍ അങ്ങനെയുണ്ടാവാതെ ശ്രദ്ധിക്കുമെന്നും ഹാര്‍വാര്‍ഡ് സര്‍വകലാശാലാ വിദ്യാര്‍ത്ഥിയായ കാവ്യ വ്യക്തമാക്കിയിരുന്നു.
ലിറ്റിന്‍ ബ്രൗണ്‍ പബ്ലിഷേഴ്സ് രണ്ടു വര്‍ഷം മുമ്പാണ് കാവ്യയുടെ രണ്ടു നോവലുകള്‍ പ്രസിദ്ധീകരിക്കുന്നതിന് കരാറായത്. 2006 ഫെബ്രുവരിയില്‍ ഡ്രിംവര്‍ക്സ് കമ്പനി കാവ്യുയുടെ നോവല്‍ സിനിമയാക്കുന്നതിനുള്ള കരാര്‍ നേടിയിരുന്നു.
ചെന്നൈയില്‍ നിന്ന് അമേരിക്കയില്‍ കുടിയേറിയ ഡോക്ടര്‍ ദമ്പതികളായ വിശ്വനാഥ് രാജരമണിന്റെയും മേരിസുന്ദരത്തിന്റെയും മകളാണ് കാവ്യ.












Click it and Unblock the Notifications