സ്വയം മെനഞ്ഞ നുണകളിലൂടെ ജീവിതം തന്നെ ഒരു നുണക്കഥയായി... 'പ്രതിയോഗി'യുടെ വായനാനുഭവം
ലോക ആരോഗ്യ സംഘടനയിലെ ജീന്‍ ക്ലോഡ് റൊമാന്‍ഡിനെ അറിയാവുന്നവര്‍ക്കെല്ലാം അയാളെ ഒരു നല്ല അച്ഛനായും നല്ല മകനായും നല്ല ഭര്‍ത്താവായുമാണ് അറിയാമായിരുന്നത്. അതുകൊണ്ട് തന്നെ 1993 ല്‍ അയാളുടെ കുടുംബത്തിലെ എല്ലാവരും കൊലചെയ്യപ്പെട്ടപ്പോള്‍ ആരും അയാളെ സംശയിച്ചില്ല. പക്ഷേ പോലീസ് ജീന്‍ ക്ലോഡ് റൊമാന്‍ഡിനെ തന്നെ കൊലയാളിയായ സംശയിച്ചപ്പോള്‍ എല്ലാവരും അതിശയിച്ചു. പക്ഷേ പെട്ടെന്ന് തന്നെ ലോക മനസ്സാക്ഷിയെ ഞെട്ടിച്ച നിഷ്ഠൂരതയ്ക്ക് പിന്നിലെ കാരണം വ്യക്തമായി. ജീന്‍ ക്ലോഡ് റൊമാന്‍ഡ് ഒരു ഡോക്ടര്‍ പോലും ആയിരുന്നില്ല.
അതേ ജീന്‍ ക്ലോഡ് റൊമാന്‍ഡ് മെഡിക്കല്‍ സയന്‍സ് പരീക്ഷ പോലും പാസായിരുന്നില്ല എന്നതായിരുന്നു സത്യം. പതിനെട്ടു വര്‍ഷക്കാലം അയാള്‍ എല്ലാവരെയും കബിളിപ്പിച്ചു നടന്നു. തന്റെ മാതാപിതാക്കളെയും ബന്ധുക്കളെയും ഭാര്യയേയുമൊക്കെ. എന്നാല്‍ സത്യങ്ങള്‍ എല്ലാവരും മനസ്സിലാക്കുമെന്നായപ്പോള്‍ അയാള്‍ എല്ലാവരെയും കൊലപ്പെടുത്തുന്നു. 1993 ജനുവരി 9 നാണ് ലോകത്തെ ഞെട്ടിച്ച അരുംകൊലകള്‍ ഫ്രാന്‍സിലെ രണ്ടു സ്ഥലങ്ങളിലായി അരങ്ങേറിയത്.

മാധ്യമ ശ്രദ്ധ പിടിച്ച് പറ്റിയ ഈ സംഭവത്തെ ആസ്പദമാക്കിയാണ് ഫ്രഞ്ച് എഴുത്തുകാരനും സിനിമ സംവിധായകനുമായ ഇമ്മാനുവല്‍ കരേയ്ര്‍, ദി അഡ്വേഴ്‌സറി എന്ന നോവല്‍ രചിച്ചത്. ജീന്‍ ക്ലോഡ് റൊമാന്‍ഡുമായി സംസാരിച്ചതിനു ശേഷം അയാളുടെ വിചാരണ അവസാനിച്ചു എന്നു ഉറപ്പാക്കിയിട്ടാണ് ഈ നോവല്‍ പ്രസിദ്ധീകരിച്ചത്. യഥാര്‍ത്ഥത്തില്‍ നടന്ന സംഭവം മാത്രമല്ല അതിനായി എഴുത്തുകാരന്‍ പരിഗണിച്ചത്. ജീന്‍ ക്ലോഡ് റൊമാന്‍ഡിന്റെ ജീവിതത്തിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാന്‍ എഴുത്തുകാരന്‍ ശ്രമിച്ചിട്ടുണ്ട്.
ജീന്‍ ക്ലോഡ് റൊമാന്‍ഡിന്റെ ഭൂതകാലത്തിലേക്ക് ചെല്ലുമ്പോള്‍ അയാള്‍ ചെറുപ്പം മുതല്‍ തന്റെതായ ഒരു സാങ്കല്പിക ലോകം സൃഷ്ടിച്ചിരുന്നു എന്നു മനസ്സിലാക്കാനാവും. പഠനകാലത്ത് ക്ലോദ് എന്ന സാങ്കല്പിക കൂട്ടുകാരി അയാള്‍ക്കുണ്ടായിരുന്നു. തന്റെ ജീവിതത്തിലെ പരാജയങ്ങളില്‍നിന്ന് ഒളിച്ചോടാനാണ് അയാള്‍ നുണകള്‍ മെനയാന്‍ തുടങ്ങിയത്. പിന്നീട് അയാളുടെ ജീവിതംതന്നെ ഒരു നുണക്കഥയായി മാറുകയായിരുന്നു. അതിന്റെ അന്ത്യമാകട്ടെ ലോകജനതയെ ഞെട്ടിച്ച നിഷ്ഠൂരതയുടെ സാക്ഷ്യത്താലും. യഥാര്‍ത്ഥ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ രചിക്കപ്പെട്ട നോവല്‍ ചലച്ചിത്രമാവുകയും ചെയ്തിട്ടുണ്ട്. വായനക്കാരെ മുള്‍മുനയില്‍ നിര്‍ത്തിയ നോവലിന്റെ മലയാള പരിഭാഷയാണ് പ്രതിയോഗി.
പുസ്തകം: പ്രതിയോഗി
ഗ്രന്ഥകാരന്‍: ഇമ്മാനുവല്‍ കരേയ്ര്‍
വിവര്‍ത്തകന്‍: ജോസ് വടക്കന്‍
പബ്ലിഷര്‍ :ഡിസി ബുക്‌സ്
വില : 150 രൂപ
ISBN : 9788126464166












Click it and Unblock the Notifications