വ്യത്യസ്തരാകാന്‍ എന്തൊക്കെ ചെയ്യണം...? 'വ്യത്യസ്തരാകാന്‍' വായിച്ച് നോക്കൂ
പുതിയ തൊഴില്‍ സാധ്യതകളും പൊതുഭരണസംവിധാനങ്ങളുടെ നിയന്ത്രണം സ്വന്തം മിടുക്കു കൊണ്ട് സാധാരണക്കാര്‍ക്കും എത്തിപ്പിടിക്കാവുന്ന ദൂരത്തിലാണെന്ന അവബോധവും ചേര്‍ന്നു നിര്‍മ്മിച്ച അന്തരീക്ഷമാണ് മലയാളിയെ Self Help പുസ്തകങ്ങള്‍ക്ക് മുന്നില്‍ മുന്‍പെന്നത്തേക്കാളും കൂടുതലായി എത്തിച്ചുകൊണ്ടിരിക്കുന്നത്. ഡോ. അലക്സാണ്ടര് ജേക്കബ് ഐപിഎസ് എഴുതിയ 'വ്യത്യസ്തരാകാന്‍' എന്ന പുസ്തകം, ഉന്നതമായ തൊഴിലിടങ്ങള്‍ എത്തിപ്പിടിക്കാന്‍ വെമ്പുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് സ്വന്തം ലക്ഷ്യത്തിനു വിഘാതമായേക്കാവുന്ന സ്വന്തം പെരുമാറ്റവൈകല്യങ്ങളെ തിരിച്ചറിയാനും തിരുത്താനുമുള്ള നല്ലൊരു വഴികാട്ടിയാണ്.

പത്രപ്രവര്‍ത്തകനായി തൊഴില്‍ ജീവിതം ആരംഭിക്കുകയും ബാങ്ക് ഉദ്യോഗസ്ഥന്‍, അദ്ധ്യാപകന്‍, കേരള പോലീസ് അക്കാദമി ഡയറക്ടര്‍, പോലീസ് പരിശീലന വിഭാഗം മേധാവി, വനിതാകമ്മീഷന്‍ ഡയറക്ടര്‍ എന്നീ നിലകളില് ശോഭിച്ച വ്യക്തിത്വമാണ് ഡോ അലക്സാണ്ടറുടേത്. 2011ല്‍ രാഷ്ട്രപതിയുടെ വിശിഷ്ടസേവാമെഡല്‍ അദ്ദേഹത്തിനു ലഭിച്ചു. വിവിധ തൊഴില്‍ മേഖലകളിലുള്ള ദീര്‍ഘകാല പരിചയവും മികവുമാണ് 'വ്യത്യസ്തരാകാന്‍' എന്ന പുസ്തകത്തെ വ്യത്യസ്തമാക്കുന്നത്. പരിശീലകന്‍ എന്ന നിലയ്ക്കു മാത്രമല്ല സിവില്‍ സര്‍വീസ് പരീക്ഷകളില്‍ ഉദ്യോഗാര്‍ത്ഥിയായിരുന്നപ്പോഴുള്ള അനുഭവങ്ങളെയും അദ്ദേഹം പങ്കു വയ്ക്കുന്നുണ്ട്.
വ്യക്തിത്വത്തിന്റെ ഒമ്പതു ഗുണങ്ങളും അദ്ദഹം വ്യക്തമായി വിശദീകരിക്കുന്നു. ഒന്പതു ഗുണങ്ങളും 50% അധികം ഉള്ളവരെയാണ് 'ഡൈനാമിക് പേഴ്സണാലിറ്റി' എന്നു പറയുന്നത്. അവരാണ് ക്ലാസ് 1 ജോലിയ്ക്ക് അര്‍ഹത ഉള്ളവര്. ആദ്യത്തെ ആറെണ്ണം 50% ല്‍ കൂടുതലും ബാക്കി താഴെയും ഉള്ളവര്‍, മുഴുവന് ഗുണങ്ങളും 50 നു താഴെയുള്ളവര്‍ എന്നിങ്ങനെ വിവിധജോലികള്‍ക്ക് യോജിച്ചവരെ പട്ടികപ്പെടുത്തുന്നുണ്ട് . പ്രതികരണ പരീക്ഷണം, ആശയാപഗ്രഥന പരീക്ഷണം, മനോഗതി വിശകലനം, സംഘചര്‍ച്ച, അഭിമുഖം എന്നീ അഞ്ചു വ്യക്തിത്വ നിര്‍ണ്ണയ പരീക്ഷകളെക്കുറിച്ചും ഉദാഹരണ സഹിതം ലേഖകന്‍ വ്യക്തമാക്കുന്നു.
വിശദമായ അഭിമുഖങ്ങളില്‍ ഉദ്യോഗാര്‍ത്ഥി അറിഞ്ഞോ അറിയാതെയോ എന്തൊക്കെ പരിശോധിക്കപ്പെടുന്നു എന്നതിന്റെ വിശദമായ വിവരണം കൊടുത്തിരിക്കുന്നു. സാമാന്യത്തിലധികം ചൂടുള്ള ചായ കൊടുത്തതിനു ശേഷം അത് ഉദ്യോഗാര്‍ത്ഥി എങ്ങനെ കുടിക്കുന്നു എന്നു നിരീക്ഷിക്കുക, അഭിമുഖം കഴിഞ്ഞിറങ്ങിയ ആള് പുറത്തു നിന്ന് അടച്ചിരിക്കുന്ന വാതിലിനു മുന്നില് നിന്ന് എന്താണ് കാട്ടിക്കൂട്ടുന്നത് എന്ന് നിരീക്ഷിക്കുക, വളരെ നിസ്സാരം എന്നു തോന്നിക്കുന്ന ചോദ്യം ചോദിച്ചുകൊണ്ട് ഉദ്യോഗാര്‍ത്ഥിയെ വലിയ കുഴപ്പത്തില്‍ കൊണ്ടു ചെന്നു ചാടിക്കുക തുടങ്ങിയ പതിവുകള്‍ നേരിടാന്‍ ആകെ വേണ്ടത് വിശദമായ തയാറെടുക്കല്‍ ആണെന്ന് ഡോ അലക്സാണ്ടര്‍ ആവര്‍ത്തിച്ച് പറയുന്നു. തെറ്റ് ആര്‍ക്കും പറ്റാമെന്നുള്ളതുകൊണ്ട് അതില്‍ നിന്നു കൂടി പാഠം ഉള്‍ക്കൊണ്ട് മുന്നോട്ടു പോകാനുള്ള ആഹ്വാനത്തോടെയാണ് 'വ്യത്യസ്തരാകാന്‍' ലേഖകന് അവസാനിപ്പിക്കുന്നത്.
പുസ്തകം : വ്യത്യസ്തരാകാന്‍
ഗ്രന്ഥകാരന് : ഡോ അലക്സാണ്ടര് ജേക്കബ് ഐ. പി. എസ്
വിഭാഗം : സെല്ഫ് ഹെല്പ്
പേജ് : 134
വില : 110
പ്രസാധകര് : ഡിസി ലൈഫ് (ഡിസി ബുക്സ്)
isbn : 9788126435296












Click it and Unblock the Notifications