മാമ്മന്‍ മാത്യു മനോരമ ചീഫ് എഡിറ്ററായി ചുമതലയേറ്റു

ദില്ലി സെന്റ് സ്റ്റീഫന്‍സ് കോളജില്‍നിന്ന് ചരിത്രത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയശേഷം ടൈംസ് ഓഫ് ഇന്ത്യയില്‍ എഡിറ്റോറിയല്‍ പരിശീലനം നടത്തിയ മാമ്മന്‍ മാത്യുവിന്റെ മനോരമയിലെ തുടക്കം ദില്ലി ലേഖകനായിട്ടാണ്. 1968ല്‍ ബ്രിട്ടനില്‍ കാര്‍ഡിഫിലെ വെസ്റ്റേണ്‍ മെയില്‍ റിപ്പോര്‍ട്ടറായ അദ്ദേഹം സര്‍ ഹാരള്‍ഡ് എവന്‍സ് പത്രാധിപരായുള്ള ലണ്ടനിലെ സണ്‍ഡേ ടൈംസിലും പ്രവര്‍ത്തിച്ചു.
1969ല്‍ അമേരിക്കയില്‍ ഓക്ലഹോമ സിറ്റി ടൈംസിന്റെയും തുടര്‍ന്ന് ഡെയ്‍ലി ഓക്ലഹോമയുടെയും റിപ്പോര്‍ട്ടറായി. 1970ല്‍ മനോരമയുടെ കോഴിക്കോട് റസിഡന്റ് എഡിറ്ററായി ചുമതലയേറ്റു. 1980ല്‍ കോട്ടയത്ത് ജനറല്‍ മാനേജരും മാനേജിങ് എഡിറ്ററുമായി. 1988ല്‍ എഡിറ്ററും മാനേജിങ് ഡയറക്ടറും.
ഇന്ത്യയിലെ പത്രാധിപന്മാരുടെ സംഘടനയായ എഡിറ്റേഴ്സ് ഗില്‍ഡ് ഓഫ് ഇന്ത്യയുടെയും പത്ര ഉടമകളുടെ സംഘടനയായ ഇന്ത്യന്‍ ന്യൂസ്പേപ്പര്‍ സൊസൈറ്റിയുടെയും ദേശീയ പ്രസിഡന്റായിരുന്നു. കോമണ്‍വെല്‍ത്ത് പ്രസ് യൂണിയന്റെ ഇന്ത്യാ ചാപ്റ്റര്‍ ചെയര്‍മാനായിരുന്നിട്ടുണ്ട്. പ്രസ് കൌണ്‍സില്‍ ഓഫ് ഇന്ത്യയില്‍ രണ്ടുതവണ അംഗമായിരുന്നു. പ്രധാനമന്ത്രിയുടെ ദേശീയോദ്ഗ്രഥന കൌണ്‍സിലിലും നാഷണല്‍ സെക്യൂരിറ്റി അഡ്വൈസറി ബോര്‍ഡിലും അംഗമാണ്.
രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ തോംസണ്‍ റോയിട്ടേഴ്സിന്റെ പിന്നിലുള്ള തോംസണ്‍ റോയിട്ടേഴ്സ് ഫൌണ്ടേഴ്സ് ഷെയര്‍ കമ്പനിയുടെ ഡയറക്ടര്‍ ട്രസ്റ്റിയാണ്. ഒന്നരനൂറ്റാണ്ടു പഴക്കമുള്ള ആ സ്ഥാപനത്തില്‍ ട്രസ്റ്റിയാവുന്ന ആദ്യ ഇന്ത്യക്കാരന്‍ ആണ് ഇദ്ദേഹം.


Click it and Unblock the Notifications