കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൂന്ന് ഇംഗ്ലീഷ് ടെലിവിഷന്‍ ചാനലുകള്‍ വരുന്നു

Google Oneindia Malayalam News

മുംബൈ: അനില്‍ അംബാനി നയിയ്ക്കുന്ന റിലയന്‍സ് മൂന്ന് ഇംഗ്ലീഷ് ടെലിവിഷന്‍ വിനോദ ചാനലുകള്‍ തുടങ്ങുന്നു. യുഎസിലെ സിബിഎസുമായി ചേര്‍ന്നാണ് പുതിയ സംരംഭം. ബിഗ് സിബിഎസ് പ്രൈം എന്ന ബ്രാന്റിലായിരിയ്ക്കും ചാനലുകള്‍.

വിദേശ സ്ഥാപനവുമായി ചേര്‍ന്നാണെങ്കിലും ഇന്ത്യക്കാര്‍ക്ക് ഇണങ്ങുന്ന വിധത്തിലായിരിയ്ക്കും ഈ ചാനലുകള്‍. 2010 ഒടുവില്‍ ചാനലുകള്‍ ലഭ്യമാവുമെന്ന് കരുതുന്നു. ഇന്ത്യയിലേയ്ക്കുള്ള സിബിഎസിന്റെ പ്രവേശം അങ്ങനെ റിലയന്‍സ് ബ്രോഡ്‍കാസ്റ്റ് നെറ്റ്വര്‍ക്ക് ലിമിറ്റഡ് ഒരുക്കുകയാണ്. ഇരു കമ്പനികളും ചേര്‍ന്ന് ബിഗ് സിബിഎസ് നെറ്റ്വര്‍ക്ക് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയ്ക്ക് രൂപം നല്‍കും. ഇരു കമ്പനികള്‍ക്കും 50 ശതമാനം ഓഹരികളായിരിയ്ക്കും ഈ കമ്പനിയില്‍ ഉണ്ടാവുക.

ഇന്ത്യയിലെ വിദ്യാഭ്യാസമുള്ള പല നഗരങ്ങളില്‍ മാറി മാറി പാര്‍ക്കുന്നവരെ ലക്ഷ്യം വച്ചാണ് ഈ ചാനലുകള്‍. ബിഗ് സിബിഎസ് പ്രൈം എന്ന വിനോദ ചാനല്‍, ബിഗ് സിബിഎസ് സ്പാര്‍ക്ക് എന്ന യുവാക്കള്‍ക്കുള്ള ചാനല്‍, ബിഗ് സിബിഎസ് ലവ് എന്ന വനിതാ വിനോദ ചാനല്‍ എന്നിവയാണ് പുതിയതായി തുടങ്ങുന്നവ.

ഇന്ത്യയ്ക്ക് പുറമേ നേപ്പാള്‍, ഭൂട്ടാന്‍, ശ്രീലങ്ക, ബംഗ്ലാദേശ്, മാലിദ്വീപ്, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങളിലും ഈ ചാനലുകള്‍ ലഭ്യമായിരിയ്ക്കും. സിബിഎസിലെ വിജയം നേടിയ പരിപാടികള്‍ ഈ ചാനലുകളില്‍ ലഭ്യമാവും.

ഇന്ത്യന്‍ ടെലിവിഷന്‍ വിപണി 26,550 കോടി രൂപയുടേതാണ്. ഇപ്പോള്‍ 13.4 കോടി വീടുകളില്‍ ടെലിവിഷന്‍ ഉണ്ടെന്നാണ് കണക്ക്. ഇതില്‍ 10.3 കോടി ടെലിവിഷനുകളില്‍ കേബിള്‍ കണക്ഷനോ സാറ്റലൈറ്റ് ടിവി കണക്ഷനോ ഉണ്ട്. 2012-‍ാടെ ഇന്ത്യ ലോകത്തിലെ ഏറ്റവും കൂടുതല്‍ ഡിടിഎച്ച് (നേരിട്ട് വീട്ടിലേയ്ക്ക്) കണക്ഷനുള്ള രാജ്യമാവുമെന്നാണ് കണക്ക്.

ഇന്ത്യയിലെ ആകെ 19.1 കോടി വീടുകള്‍ ഉള്ളതായാണ് 2001 ലെ സെന്‍സസ് കണക്ക്. അത് ഈ സെന്‍സസ് കഴിയുമ്പോള്‍ 20 കോടിയിലേറെയാവും. 10.3 കോടി വീടുകളില്‍ മാത്രമേ ഇപ്പോള്‍ കേബിള്‍ ടിവി ഉള്ളുവെങ്കില്‍ ഈ ബിസിനസ് വിജയത്തിനുള്ള സാദ്ധ്യത ഇനിയും ഏറെയാണ്. അതാണ് പുതിയ ചാനലുകള്‍ തുടങ്ങുന്നതിന് പിന്നിലെ ചേതോവികാരം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X