വരുന്നൂ വിദ്യാഭ്യാസ റിയാലിറ്റി ഷോ
തിരുവനന്തപുരം: വിദ്യാഭ്യാസ റിയാലിറ്റി ഷോയുമായി ഐടി അറ്റ് സ്‌കൂള്‍. സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ വിവിധ മേഖലകളിലായി നടക്കുന്ന പ്രവര്‍ത്തനങ്ങളെ പരസ്പരം പങ്കുവയ്ക്കുന്നതിനും മികവുകള്‍ക്ക് അംഗീകാരം നല്‍കുന്നതിനുമായിട്ടാണ് റിയാലിറ്റിഷോ സംഘടിപ്പിക്കുന്നത്.
ഗ്രീന്‍ കേരള എക്‌സ്പ്രസ് മാതൃകയില്‍ നടത്തുന്ന സോഷ്യല്‍ റിയാലിറ്റിഷോ ഐടി അറ്റ് സ്‌കൂള്‍ വിക്‌ടേഴ്‌സ് ചാനലിലാണ് സംപ്രേഷണം ചെയ്യുക.
നവംബര്‍ മുതല്‍ ജനുവരി വരെ 75 എപ്പിസോഡുകളായാണ് സംപ്രേഷണം. സ്‌കൂളുകളില്‍ വിവിധ മേഖലകളിലായി നടക്കുന്ന പ്രവര്‍ത്തനങ്ങളാണ് ഇതിന്റെ ഭാഗമായി വിലയിരുത്തുന്നത്. സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകള്‍ക്കാണ് പങ്കെടുക്കാന്‍ അവസരം. അപേക്ഷിക്കുന്ന സ്‌കൂളുകളില്‍ നിന്ന് തെരഞ്ഞെടുക്കുന്ന 100 സ്‌കൂളുകള്‍ക്കു പങ്കെടുക്കാം.
സിഡിറ്റുമായി സഹകരിച്ചാണ് റിയാലിറ്റി ഷോ സംഘടിപ്പിക്കുന്നത്. പൊതുവിദ്യാലയങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ മുഴുവന്‍ വിദ്യാലയങ്ങളിലും ഗുണപരമായ മാറ്റം ഉണ്ടാക്കാനാണ് പരിപാടിയിലൂടെ ലക്ഷ്യമാക്കുന്നത്.
മികച്ച മാതൃകകള്‍ക്കൊപ്പം ഓരോ സ്‌കൂളിനെക്കുറിച്ചും ഡോക്യുമെന്ററികള്‍ ഇതിന്റെ ഭാഗമായി തയാറാക്കും. ഇങ്ങനെ തയാറാക്കുന്ന മുഴുവന്‍ വീഡിയോകളും ഐടി അറ്റ് സ്‌കൂള്‍ സ്‌കൂളുകളില്‍ സ്ഥാപിക്കുന്ന സ്വതന്ത്ര ഡിജിറ്റല്‍ ലൈബ്രറികളുടെ ഭാഗമായി എല്ലാ സ്‌കൂളുകള്‍ക്കും സൗജന്യമായി ലഭ്യമാക്കും.
പ്രത്യേകമായി തയ്യാറാക്കുന്ന പോര്‍ട്ടലിലൂടെ സ്‌കൂളുകള്‍ക്ക് അനുഭവങ്ങള്‍ പങ്കുവയ്ക്കാനും പദ്ധതിയിട്ടിട്ടുണ്ട്. റിയാലിറ്റിഷോയില്‍ പങ്കെടുക്കുന്നതിനുള്ള അപേക്ഷ ഈ മാസം രണ്ടാം വാരത്തോടെ ക്ഷണിക്കുമെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അറിയിച്ചു.


Click it and Unblock the Notifications
