അല്‍ ജസീറ കേരളത്തില്‍ ബ്യൂറോ തുടങ്ങും
ദില്ലി: ഖത്തര്‍ ആസ്ഥാനമായ അറബ് ടിവി ചാനല്‍ 'അല്‍ജസീറ' ഇന്ത്യയില്‍ വാര്‍ത്താധിഷ്ഠിത ഇംഗ്ലീഷ് ചാനല്‍ തുടങ്ങുന്നു. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ചാനലിന്റെ പ്രക്ഷേപണം ആരംഭിക്കുമെന്നാണ് സൂചന.
കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ വാര്‍ത്താ ബ്യൂറോകള്‍ ആരംഭിക്കാനും അല്‍ ജസീറയ്ക്കു പദ്ധതിയുണ്ടെന്ന് റിപ്പോര്‍്ട്ടുകള്‍ സൂചിപ്പിക്കുന്നു. 2006ല്‍ അപേക്ഷ നല്‍കി നീണ്ട കാത്തിരിപ്പിനുശേഷമാണു ഇന്ത്യയില്‍ ചാനല്‍ തുടങ്ങാന്‍ അല്‍ ജസീറയ്ക്കു കേന്ദ്രാനുമതി ലഭിച്ചത്.
ഒരു അറബ് ചാനലിന് ഇന്ത്യയില്‍ പ്രവര്‍ത്തനാനുമതി ലഭിക്കുന്നത് ആദ്യമായാണ്. കേരളത്തില്‍ തിരുവനന്തപുരത്താവും ബ്യൂറോ തുടങ്ങുക. കൊച്ചിയില്‍ പ്രത്യേക പ്രതിനിധിയുണ്ടാകുമെന്നുമറിയുന്നു.
മലയാളികള്‍ ഉള്‍പ്പെടെ ഒട്ടേറെ ഇന്ത്യക്കാര്‍ അല്‍ ജസീറയില്‍ ജോലി ചെയ്യുന്നുണ്ട്. ഗള്‍ഫ് നാടുകളിലുള്ള 35 ലക്ഷം മലയാളി പ്രവാസി സമൂഹത്തെയാണ് അല്‍ ജസീറ ലക്ഷ്യമിടുന്നത്.
അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിനുശേഷം അല്‍ക്വയ്ദ തലവന്‍ ഒസാമ ബിന്‍ ലാദന്റെയും മറ്റു ഭീകരവാദനേതാക്കളുടെയും വീഡിയോ സന്ദേശങ്ങള്‍ പ്രക്ഷേപണം ചെയ്താണ് അല്‍ജസീറ ലോകശ്രദ്ധ നേടിയത്.


Click it and Unblock the Notifications
