മുരളിയുടെ ചാനല്‍ ജനപ്രിയ ഉടന്‍
തിരുവനന്തപുരം: കെ മുരളീധരന്‍ ചെയര്‍മാനായ ടിവി ചാനല്‍ ജനപ്രിയ ഉടന്‍ പ്രവര്‍ത്തനം തുടങ്ങുമെന്ന് റിപ്പോര്‍ട്ട്. ഇന്ത്യാവിഷന്‍ ന്യൂസ് എഡിറ്റര്‍ ഭഗത്ചന്ദ്രശേഖര്‍ ആയിരിക്കും ജനപ്രിയയുടെ വാര്‍ത്താ വിഭാഗം മേധാവി.
കോണ്‍ഗ്രസിലേയ്ക്ക് തിരിച്ചുവരുന്നതിന്റെ മുന്നോടിയായി ചാനല്‍ തുടങ്ങാന്‍ രൂപീകരിച്ച ജനപ്രിയ കമ്യൂണിക്കേഷന്‍ കമ്പനിയുടെ ചെയര്‍മാന്‍ സ്ഥാനത്തുനിന്നും മുരളി ഒഴിയുമെന്നാണ് സൂചന. എന്നാല്‍ കമ്പനിയിലുള്ള തന്റെ ഓഹരി മുരളി പിന്‍വലിക്കില്ല.
കെപിസിസിക്ക് നിലവില്‍ ജയ്ഹിന്ദ് ചാനല്‍ ഉള്ളതിനാലാണ് മറ്റൊരു ചാനലിന്റെ തലപ്പത്തുനിന്ന് രാജിവെയ്ക്കാന്‍ മുരളി ഒരുങ്ങുന്നത്. പാര്‍ട്ടിയില്‍ തിരിച്ചെത്തുമ്പോള്‍ മറ്റൊരു ചാനലിന്റെ ചെയര്‍മാന്‍ സ്ഥാനത്തു തുടരുന്നത് ശരിയല്ലെന്നു മുരളിതന്നെ തീരുമാനിക്കുകയാണത്രേ ഉണ്ടായത്.
ഇടക്കാലത്ത് മുരളീധരന്റെ കോണ്‍ഗ്രസ് പ്രവേശന നീക്കം വേഗത്തിലായതോടെ ചാനലിന്റെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ വീണ്ടും ചാനല്‍ സംപ്രേഷണം തുടങ്ങാന്‍ തിരക്കിട്ട പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്.
തിരുവനന്തപുരത്ത് സ്റ്റുഡിയോ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കിയിട്ടുണ്ട്. പിഎംജി ജംഗ്ഷനു സമീപം മുരളിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ തന്നെ ചാനലിന്റെ ആസ്ഥാനം പ്രവര്‍ത്തിക്കുമെന്നാണ് സൂചന.


Click it and Unblock the Notifications
