അല്‍ ജസീറ ചാനലിന് സര്‍ക്കാര്‍ അനുമതി
ദില്ലി: അല്‍ ജസീറ ചാനല്‍ ഇന്ത്യയില്‍ തുടങ്ങാന്‍ കേന്ദ്ര സര്‍ക്കാരിന്റെ വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം അനുമതി നല്‍കി.
24 മണിയ്ക്കൂറുമുള്ള വാര്‍ത്താ ചാനലായിരിയ്ക്കും ഇത്. അല്‍ ജസീറ ചാനല്‍ കേബിള്‍ വഴി വരിക്കാര്‍ക്ക് നല്‍കാനുള്ള അനുമതിയാണ് മന്ത്രാലയം നല്‍കിയത്. ഇന്ത്യയില്‍ ഈ ചാനല്‍ ലഭ്യമാവുന്നതോടെ ചാനലില്‍ ഇന്ത്യാ വാര്‍ത്തകളും കൂടും.
2006 ലാണ് അനുമതിയ്ക്കായി അല്‍ ജസീറ സര്‍ക്കാരിനെ സമീപിച്ചത്. വൈകാതെ തന്നെ വരിക്കാര്‍ക്ക് ഈ ചാനല്‍ ലഭ്യമായി തുടങ്ങും. ഇന്ത്യയില്‍ ചാനല്‍ ലഭ്യമാക്കാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്ന് അല്‍ ജസീറയുടെ മാനേജിംഗ് ഡയറക്ടര്‍ അല്‍ അന്‍സ്ലെ പറഞ്ഞു. ഇന്ത്യന്‍ വാര്‍ത്തകള്‍ മറ്റ് രാജ്യങ്ങളില്‍ കാണിയ്ക്കാനും ഉദ്ദേശിയ്ക്കുന്ന്തായി അന്‍സ്ലെ വ്യക്തമാക്കി.
ഇപ്പോള്‍ അല്‍ ജസീറയ്ക്ക് ദില്ലിയില്‍ വാര്‍ത്താ ബ്യൂറൊ ഉണ്ട്. പ്രധാന ചാനലുകള്‍ സംപ്രേഷണം ചെയ്യാത്ത വാര്‍ത്തകളിലായിരിയ്ക്കും അല്‍ ജസീറയുടെ ശ്രദ്ധ. ലോകത്തെമ്പാടുമായി 65 വാര്‍ത്താ ബ്യൂറൊകളാണ് അല്‍ ജസീറയ്ക്കുള്ളത്.
ഇന്ത്യയിലെ 11.5 കോടി വീടുകളില്‍ എത്തുകയാണ് ചാനലിന്റെ ലക്ഷ്യം. ഇന്ത്യയില്‍ നിന്നുള്ള വന്‍ പരസ്യ വരുമാനമാണ് ചാനല്‍ ലക്ഷ്യമിടുന്നത്. അഞ്ച് കോടി വീടുകളിലെങ്കിലും എത്താനായാല്‍ തന്നെ വന്‍ പരസ്യ വരുമാനം നേടാനാവുമെന്നാണ് കണക്ക്.












Click it and Unblock the Notifications