കന്നട വാര്‍ത്താ ചാനലുമായി റെഡ്ഡി സഹോദരന്മാര്‍
കര്‍ണാടകത്തിലെ ഖനി ഉടമകളും ബി ജെ പി മന്ത്രിമാരുമായ റെഡ്ഡി സഹോദരന്മാര്‍ കന്നട ഭാഷയില്‍ വാര്‍ത്താ ചാനല്‍ തുടങ്ങാന്‍ ഒരുങ്ങുന്നു. വാര്‍ത്താ ചാനലിലൂടെ രാഷ്ട്രീയത്തില്‍ കൂടുതല്‍ നിയന്ത്രണം നേടാനുള്ള നീക്കമായാണ് ഇത്. കര്‍ണാടകത്തിലെ ബിജെപി മുഖ്യമന്ത്രി യദിയൂരപ്പയുടെ എതിര്‍പക്ഷക്കാരാണ് റെഡ്ഡി സഹോദരന്മാര്‍.
സമ്പൂര്‍ണ വാര്‍ത്താ ചാനലോ വാര്‍ത്തയും വിനോദവും ഒന്നിയ്ക്കുന്ന ചാനലോ ആയിരിയ്ക്കും ഇത്. ജനശ്രീ എന്നായിരിയ്ക്കും ചാനലിന്റെ പേരെന്നും കേള്‍ക്കുന്നുണ്ട്. എന്നാല്‍ ഇത് അന്തിമമായി തീരുമാനിച്ചിട്ടില്ല. എത്രയും പെട്ടെന്ന് തന്നെ ചാനല്‍ തുടങ്ങാനാണ് ഉദ്ദേശിയ്ക്കുന്നത്. എന്നാല്‍ ചാനലിന് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി കിട്ടേണ്ടതുണ്ട്. അത് അല്പം സമയം എടുത്തേയ്ക്കും. വിവിധ മന്ത്രാലയങ്ങളുടെ അനുമതി വേണമെന്നതുകൊണ്ടാണ് ഇങ്ങനെ സമയം എടുക്കുന്നത്. അതുകൊണ്ട് ചാനല്‍ തുടങ്ങുന്ന സമയം കൃത്യമായി പറയാനാവില്ലെന്നാണ് ഇതുമായി ബന്ധമുള്ളവര്‍ വ്യക്തമാക്കിയത്.
2010 ജൂണ്‍ മാസത്തിലാണ് സമയ 24x7 എന്ന പേരില്‍ കന്നഡ വാര്‍ത്താ ചാനല്‍ തുടങ്ങിയത്. രാഷ്ട്രീയപ്രവര്‍ത്തകനും വ്യവസായിയുമായ സതീഷ് ജരകിഹോലെയുടേതാണ് ഈ ചാനല്‍. ടിവി9, സണ്‍ ടിവിയുടെ ഉദയ വാര്‍ത്തകളു, ഏഷ്യാനെറ്റ് സുവര്‍ണ 24x7 എന്നിവയാണ് കന്നഡത്തിലെ മറ്റ് വാര്‍ത്താ ചാനലുകള്‍. മലയാളത്തിലെ ഏഷ്യാനെറ്റ് ന്യൂസ് ഉടമയായ രാജീവ് ചന്ദ്രശേഖറിന്റേതാണ് സുവര്‍ണ.


Click it and Unblock the Notifications
