ഡിഎന്‍എയില്‍ ഇനി എഡിറ്റോറിയല്‍ പേജില്ല
മുംബൈ: പത്രത്തിന്റെ മുഖമെന്ന് വിശേഷിപ്പിയ്ക്കാവുന്ന മുഖപ്രസംഗവും എഡിറ്റോറിയല്‍ പേജും മുംബൈ ആസ്ഥാനമായ ഡിഎന്‍എ (ഡെയ്‌ലി ന്യൂസ് ആന്‍ഡ് അനാലിസിസ്) ഉപേക്ഷിക്കുന്നു. മുഖപ്രസംഗം അത്യാവശ്യ ഘട്ടത്തില്‍ മാത്രം മതിയെന്ന് തീരുമാനിച്ച പത്രം എഡിറ്റോറിയല്‍ പേജ് പാടെ ഒഴിവാക്കി.
ദിനപത്രത്തിന്റെ ഒഴിവാക്കാനാവാത്ത ഘടകമായി പറയുന്ന എഡിറ്റോറിയല്‍ പേജ് ഇല്ലാത്ത പത്രമാണ് ചൊവ്വാഴ്ച വായനക്കാരുടെ കൈകളിലെത്തിയത്.ഇത് സംബന്ധിച്ച മുഖ്യ പത്രാധിപര്‍ ആദിത്യ സിന്‍ഹയുടെ അറിയിപ്പും കഴിഞ്ഞദിവസത്തെ പത്രത്തിലുണ്ടായിരുന്നു.ഇതോടെ മുഖപ്രസംഗവും എഡിറ്റോറിയല്‍ പേജുമില്ലാത്ത ഇന്ത്യയിലെ ആദ്യത്തെ ദിനപത്രമായി മാറിയിരിക്കുകയാണ് ഡിഎന്‍എ.
വാര്‍ത്തയുമായോ സംഭവങ്ങളുമായോ ബന്ധപ്പെട്ട് പത്രത്തിന് പ്രത്യേക നിലപാട് ചൂണ്ടിക്കാട്ടാനുണ്ടെങ്കില്‍ മാത്രമേ ഇനി മുഖപ്രസംഗം ഉണ്ടാവുകയുള്ളൂ. അതും ആദ്യ പേജില്‍. നേരത്തേ 16ാം പേജായിരുന്നു പത്രം എഡിറ്റോറിയലിനായി മാറ്റിവെച്ചിരുന്നത്.
എഡിറ്റോറിയല്‍ പേജ് ഒഴിവാക്കിയെങ്കിലും അതില്‍ പ്രത്യക്ഷപ്പെടാറുള്ള വിദഗ്ധരുടെ വിശകലനങ്ങളെയും ലേഖനങ്ങളെയും വായനക്കാരുടെ പ്രതികരണങ്ങളെയും ഡിഎന്‍എ ഒഴിവാക്കില്ല. ഇത് മറ്റു പേജുകളിലേക്ക് മാറ്റാനാണ് തീരുമാനം.
ടി.വി, മൊബൈല്‍ ഫോണ്‍, വെബ് സൈറ്റുകളിലൂടെ വാര്‍ത്തകള്‍ പരതുന്ന പുത്തന്‍തലമുറയില്‍എഡിറ്റോറിയല്‍ പേജ് വായിക്കുന്നവര്‍ കുറവാണെന്നും ഈ പേജ് വായനാ രീതിക്ക് മുഷിപ്പായി തീര്‍ന്നിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ഡിഎന്‍എ പുതിയ ശൈലി സ്വീകരിക്കുന്നത്.


Click it and Unblock the Notifications
