അഴിമതിക്കെതിരേ കെജ്രിവാളിന്റെ ചാനല്‍ വരുന്നു
അഴിമതിക്കെതിരേ കുരിശുയുദ്ധം നടത്തുന്ന അരവിന്ദ് കെജ്രിവാളും പ്രശാന്ത് ഭൂഷണും ചേര്‍ന്ന് പുതിയ ചാനല്‍ തുടങ്ങുന്നു. ജനങ്ങളുടെ പ്രശ്‌നം ഉയര്‍ത്തികാണിക്കുക എന്ന ലക്ഷ്യം മാത്രം മുന്‍നിര്‍ത്തി ലാഭേച്ഛ കൂടാതെയായിരിക്കും ചാനല്‍ പ്രവര്‍ത്തിക്കുക. ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും വിധേയത്വം കാണിക്കാതെയായിരിക്കും ഇതു പ്രവര്‍ത്തിക്കുക-ബിസിനസ് സ്റ്റാന്‍ഡേര്‍ഡിനു നല്‍കിയ അഭിമുഖത്തില്‍ സീനിയര്‍ നേതാവ് പ്രശാന്ത് ഭൂഷണ്‍ അറിയിച്ചു.
ആം ആദ്മി പാര്‍ട്ടിയിലെ അംഗങ്ങള്‍ മാത്രം ചേര്‍ന്ന് ചാനല്‍ ആരംഭിക്കുക പ്രായോഗികമല്ലെന്ന് എല്ലാവര്‍ക്കും അറിയാം. അതുകൊണ്ട് തന്നെ അഴിമതി വിരുദ്ധ പ്രവര്‍ത്തനങ്ങളോട് സഹകരിയ്ക്കാന്‍ താല്‍പ്പര്യമുള്ള മറ്റുള്ളവരെയും സഹകരിപ്പിക്കും. ഇത് പാര്‍ട്ടിയുടെ ഔദ്യോഗിക ചാനലായിരിക്കില്ല. സാമ്പത്തികമായി സഹകരിയ്ക്കാന്‍ കഴിയുന്നവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ്. അതുകൊണ്ട് തുടങ്ങാന്‍ കുറച്ച് സമയമെടുക്കും. പണത്തിനുവേണ്ടി വിട്ടുവീഴ്ചയ്ക്കില്ല. എങ്കിലും ഈ വര്‍ഷം തന്നെ ചാനല്‍ സംപ്രേഷണം ആരംഭിക്കും.

രാജ്യത്ത് പൊതുജനങ്ങള്‍ക്കുവേണ്ടി ഇപ്പോള്‍ ഒരു ചാനലും നിലവിലില്ല. പരസ്യം, ലാഭം എന്നീ ലക്ഷ്യങ്ങളെ മാറ്റിനിര്‍ത്തുന്നതോടെ ചാനലിന് കാര്യമായ ഇടപെടല്‍ നടത്താന്‍ കഴിയുമെന്നാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്. മുകേഷ് അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പിനെതിരേ അഴിമതി വാര്‍ത്ത പുറത്തുവിട്ടതിനു ശേഷം രാജ്യത്തെ മികച്ച ചാനലുകളും ആം ആദ്മി പാര്‍ട്ടിയോട് മുഖം തിരിച്ചിരുന്നു. അതിനു ശേഷം സംഘടന ഇടപെട്ട വിഷയങ്ങളില്‍ പലതും ജനങ്ങള്‍ അറിയാതെ പോയതാണ് ഇത്തരമൊരു നീക്കം നടത്താന്‍ കെജ്രിവാളിനെയും പ്രശാന്ത് ഭൂഷനെയും പ്രേരിപ്പിച്ചിരിക്കുന്നത്.


Click it and Unblock the Notifications
