ശ്രീനിയും മുകേഷും സീരിയല്‍ പിടിയ്ക്കുന്നു
കഥ പറയുമ്പോള്‍, തട്ടത്തിന്‍മറയത്ത് എന്നീ ചിത്രങ്ങള്‍ക്കു ശേഷം ശ്രീനിവാസനും മുകേഷും സീരിയല്‍ നിര്‍മാണത്തിലേക്കു കടക്കുകയാണ്. ഇവരുടെ കമ്പനിയായ ലൂമിയര്‍ ഫിലിംസ് നിര്‍മിക്കുന്ന ആദ്യ സീരിയല്‍ സംപ്രേക്ഷണം ചെയ്യുന്നത് സൂര്യ ടിവിയിലാണ്. അഭിനേത്രി എന്ന പേരിലുള്ള സീരിയല്‍ ഉടന്‍ സംപ്രേക്ഷണം തുടങ്ങും.
ചെയ്ത രണ്ടു ചിത്രങ്ങളില്‍ നിന്നും കോടികളാണ് രണ്ടുപേരും ലാഭമുണ്ടാക്കിയത്. കഥ പറയുമ്പോള്‍ മലയാളത്തില്‍ ഉണ്ടാക്കിയതിനേക്കാള്‍ ലാഭം ലഭിച്ചത് അന്യഭാഷയിലേക്ക് അവകാശം വിറ്റപ്പോഴാണ്. രജനീകാന്താണ് ഈ ചിത്രത്തിന്റെ അവകാശം ആദ്യം വാങ്ങിയത്. കുചേലന്‍ എന്ന പേരില്‍ പി.വാസു സംവിധാനം ചെയ്ത് കഥപറയുമ്പോള്‍ തമിഴിലെത്തി. എന്നാല്‍ അവര്‍ക്ക് മുടക്കിയ പണമെല്ലാം നഷ്ടമാകുകയായിരുന്നു. കുചേലന്‍ വന്‍ പരാജയമായിരുന്നു. ഏകദേശം ഒരു കോടിയോളം രൂപയ്ക്കാണ് ചിത്രത്തിന്റെ ഹിന്ദി അവകാശം ഷാരൂഖ്ഖാന്‍ വാങ്ങിയത്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ബില്ലൂ ബാര്‍ബര്‍ ഹിന്ദിയിലും പരാജയമായി. മലയാളത്തില്‍ മാത്രം വിജയിച്ച ചിത്രം അന്യഭാഷയില്‍ നന്നായി വില്‍ക്കാമെന്നു തെളിയിച്ചത് ശ്രീനിവാസന്റെ ബുദ്ധിയായിരുന്നു.

ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ ഒന്നിച്ചു പഠിച്ചവരായിരുന്നു ശ്രീനിയും രജനീകാന്തും. ദാരിദ്ര്യത്തില്‍ വളര്‍ന്ന രജനിയെ പഠനത്തിന് സഹായിച്ചത് സിനിമയില്‍ പറയുന്നതപോലെ ബാലനെ പോലെ ഒരാളായിരുന്നു. രജനിയുടെ കഥയാണ് താന്‍ സിനിമയാക്കിയതെന്ന് ശ്രീനിവാസന്‍ അറിയിച്ചപ്പോള്‍ അദ്ദേഹം പ്രത്യേക താല്‍പര്യം കാണിച്ച് കഥ പറയുമ്പോള്‍ കണ്ടു. അതിലെ സൂപ്പര്‍സ്റ്റാര്‍ അശോക് രാജിന് തന്റെ ജീവിതവുമായി സാമ്യം തോന്നി. അങ്ങനെയാണ് രജനി ചിത്രം തമിഴില്‍ ചെയ്യാന്‍ താല്‍പര്യം കാണിക്കുന്നത്.
മലയാളത്തിലെ ഹിറ്റുചിത്രങ്ങളെല്ലാം ഹിന്ദിയില്‍ ചെയ്യുക എന്ന വാശിയുള്ളതുകൊണ്ടാണ് പ്രിയദര്‍ശനും താല്‍പര്യം കാണിക്കുന്നത്. കോടികളാണ് ഷാരൂഖ് ഖാന് ചിത്രം നഷ്ടമുണ്ടാക്കികൊടുത്തത്. രണ്ടാമത്തെ ചിത്രമായ തട്ടത്തിന്‍മറയത്ത് തിയറ്റില്‍ എത്തുന്നതിനു മുന്‍പു തന്നെ ശ്രീനിവാസനും മുകേഷിനും വന്‍ ലാഭമുണ്ടാക്കി കൊടുത്തു. 1.75 കോടി രൂപയാണ് ചിത്രത്തിന്റെ നിര്‍മാണത്തിനു വേണ്ടിവന്നത്. ചാനല്‍റേറ്റിലൂടെ അതില്‍ കൂടുതല്‍ ലഭിക്കുകയും ചെയ്തു. കഴിഞ്ഞവര്‍ഷം ഏറ്റവുമധികം ദിവസം തിയറ്ററില്‍ ഓടിയ ചിത്രം കൂടിയായിരുന്നു ഇത്. ഏകദേശം ആറുകോടിയോളം രൂപ തിയറ്റര്‍ ഷെയറായി ലഭിച്ചിട്ടുണ്ട്. രണ്ടുചിത്രങ്ങള്‍ കൊണ്ട് ഇത്രയധികം ലാഭമുണ്ടാക്കിയ താരങ്ങള്‍ മലയാളത്തില്‍ വേറെയുണ്ടാകില്ല. ഇനി ലാഭം കൊയ്യല്‍ സീരിയലില്‍ നിന്ന്.












Click it and Unblock the Notifications