ബിഗ് ബ്രദര്‍ മോഡലില്‍ സൂര്യയില്‍ റിയാലിറ്റി ഷോ

സൂര്യ ടിവിയിലാണ് ബിഗ് ബ്രദര്‍ മാതൃകയില്‍ റിയാലിറ്റി ഷോ തുടങ്ങാന്‍ പോകുന്നത്. നടി രേവതി അവതാരകയായെത്തുന്ന ഷോ മെയ് അഞ്ചിനാണ് തുടങ്ങുന്നത്. വേദാര്‍ത്ഥ എന്റര്‍ടെയിന്‍മെന്റ്‌സാണ് ഷോ തയ്യാറാക്കിയിരിക്കുന്നത്.
പലസാഹചര്യങ്ങളില്‍ നിന്നെത്തുന്ന എട്ട് പുരുഷന്മാരും എട്ട് സ്ത്രീകളും ആണ് മത്സരാര്‍ത്ഥികള്‍. ഇവര്‍ ഒരു വീട്ടില്‍ പുറം ലോകവുമായി ബന്ധമില്ലാതെ കഴിയുന്നതും അതിനിടെയുണ്ടാകുന്ന സംഭവങ്ങളുമാണ് ഷോയില്‍ കാണിയ്ക്കുക. പല നിബന്ധനകളോടെയാണ് ഈ പതിനാറ് പേരെ ഒന്നിച്ച് താമസിപ്പിക്കുന്നത്. ഫോണ്‍, പത്രം, ഇന്റര്‍നെറ്റ് എന്നിവയൊന്നും ഈ വീട്ടില്‍ ഉണ്ടാകില്ല. പ്രത്യേക സാഹചര്യത്തില്‍ ഒന്നിച്ച് പോകുമ്പോള്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നവര്‍ പുറത്താകും എല്ലാ സാഹചര്യങ്ങളിലും പിടിച്ചുനിന്ന് അവസാനം വരെ പുറത്താകാതെ നില്‍ക്കുന്നയാളായിരിക്കും വിജയി. ടിവി, സിനിമ രംഗത്തെ പ്രശസ്തരാണ് മലയാളി ഹൗസില്‍ താമസക്കാരാകാനെത്തുന്നത്.
മത്സരാര്‍ത്ഥികളുടെ ചലനങ്ങള്‍ പകര്‍ത്താനായി വീട്ടിനുള്ളില്‍ വിവിധ ഭാഗങ്ങളില്‍ ക്യാമറകള്‍ വച്ചിരിയ്ക്കും. ഒരു മണിക്കൂര്‍ നീളുന്നതായിരിയ്ക്കും ഓരോ ദിവസത്തെയും ഷോ. മത്സരാര്‍ത്ഥികളുടെ പ്രകടനം കണക്കിലെടുത്ത് വിധി നിര്‍ണയം നടത്താന്‍ പ്രേക്ഷകര്‍ക്കും അവസരമുണ്ട്. മലയാളത്തില്‍ മാത്രമായിരിയ്ക്കും മത്സരാര്‍ത്ഥികള്‍ സംസാരിക്കുക.












Click it and Unblock the Notifications