മഞ്ജുവിന്റെ പരസ്യം ബുധനാഴ്ച കാണാം
പ്രിയതാരം മഞ്ജു വാര്യരുടെ പുതിയ പരസ്യം എന്ന് കാണാനാകുമെന്ന് കാത്തിരിക്കുകയാണ് എല്ലാവരും. പതിനാല് വര്‍ഷം സിനിമയുടെ വെള്ളിവെളിച്ചത്തില്‍ നിന്നും മാറിനിന്നശേഷം ഇപ്പോള്‍ സംഭവബഹുലമായ തിരിച്ചുവരവ് നടത്തുകയാണ് മഞ്ജു. എന്തായാലും മഞ്ജുവിന്റെ തിരിച്ചുവരവ് പരസ്യചിത്രം കാണാന്‍ ഇനിയും അധികം കാത്തിരിക്കേണ്ടിവരില്ല. കല്യാണ്‍ ജ്വല്ലറിയ്ക്കുവേണ്ടി മഞ്ജുവാര്യരും അമിതാഭ് ബച്ചനും അഭിനയിച്ച പരസ്യം ജൂലൈ 31ന് വൈകുന്നേരം ആറുമണിയോടെ യുട്യൂബില്‍ റിലീസ് ചെയ്യും.
മഞ്ജുവിന്റെ ഫേസ്ബുക്ക് അക്കൗണ്ടിലും വെബ് സൈറ്റിലും അവ തുടങ്ങിയ ദിവസം ആരാധകരുടെ വലിയ തിരക്കായിരുന്നു അനുഭവപ്പെട്ടിരുന്നത്. അതുകൊണ്ടുതന്നെ മഞ്ജുവിന്റെ പരസ്യം കാണാന്‍ യുട്യൂബിലും തിരക്കേറുമെന്നകാര്യത്തില്‍ സംശയമില്ല. യുട്യൂബ് റിലീസ് കഴിഞ്ഞ് ഒരു മണിക്കൂറിനുള്ളില്‍ ചാനലുകളിലും പരസ്യം വന്നുതുടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
മലയാളത്തില്‍ ഇതാദ്യമായിട്ടാണ് ഒരു പരസ്യത്തിന്റെ റിലീസ് ഇത്രയധികം വലിയ സംഭവമായി മാറുന്നത്. ഇതിന് മുമ്പ് മഞ്ജുവും ബച്ചനുമെല്ലാം പല പരസ്യങ്ങളിലും അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ ഈ പരസ്യത്തെ വളരെ സ്‌പെഷ്യല്‍ ആയിട്ടാണ് മലയാളികള്‍ കാണുന്നത്, പ്രിയതാരം മഞ്ജുവിന്റെ തിരിച്ചുവരവ് എന്നതുതന്നെയാണ് എല്ലാവരും ഇതിന് നല്‍കുന്ന പ്രാധാന്യം. മഞ്ജുവിന്റെ താരമൂല്യം അക്ഷരാര്‍ത്ഥത്തില്‍ സഹായകമാകാന്‍ പോകുന്നത് കല്യാണ്‍ ജ്വല്ലറിയ്ക്കാണെന്നകാര്യത്തില്‍ സംശയമില്ല, ഇതുവരെ കല്യാണിന്റെ ഒരു പരസ്യത്തിനും കിട്ടാത്ത പബ്ലിസിറ്റിയാണ് ചിത്രീകരണത്തിന് മുമ്പേതന്നെ ഈ പരസ്യത്തിന് ലഭിച്ചത്. രണ്ടുകോടിരൂപയിലധികം മുടക്കിയാണ് രണ്ടു മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ പരസ്യം നിര്‍മ്മിച്ചിരിക്കുന്നത്.
വി.എ. ശ്രീകുമാര്‍ സംവിധാനം ചെയ്ത ഈ പരസ്യം കല്യാണിന്റെ 'വിശ്വാസം' ശ്രേണിയില്‍ അഞ്ചാമത്തേതാണ്. മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും പരസ്യം പുറത്തിറക്കുന്നുണ്ട്. തെന്നിന്ത്യയിലെ വിവിധ ഭാഷകളിലെ സൂപ്പര്‍താരങ്ങളായ പ്രഭു, നാഗാര്‍ജുന, ശിവരാജ്കുമാര്‍ എന്നിവരാണ് അന്യ ഭാഷകളില്‍ മഞ്ജുവിന്റെ നായകന്മാരാകുന്നത്.


Click it and Unblock the Notifications
