പരസ്യത്തില്‍ മഞ്ജുവിന്റെ എതിരാളി കരീന
പല മുന്‍നിരസ്ഥാപനങ്ങളും മത്സരിച്ച് പരസ്യചിത്രങ്ങള്‍ നിര്‍മ്മിക്കുന്ന കാലമാണിത്. ഒന്നിനൊന്ന് വ്യത്യസ്തമായ പരസ്യങ്ങള്‍ക്കൊപ്പം മോഡലിങ് രംഗത്തെയും അഭിനയരംഗത്തെയും വമ്പന്‍താരങ്ങളെ പരസ്യത്തില്‍ അണിനിരത്താനും വലിയ മത്സരം തന്നെ നടക്കുന്നുണ്ട്.
മനോഹരവും ചെലവേറിയതുമായ പരസ്യചിത്രങ്ങള്‍ നിര്‍മ്മിച്ച് ജനശ്രദ്ധ നേടാന്‍ ശ്രമിക്കുന്നവരുടെ കൂട്ടത്തില്‍ കേരളത്തിലെ ജ്വല്ലറികള്‍ മുന്‍നിരയിലുണ്ട്. ഒരുകൂട്ടര്‍ തെന്നിന്ത്യയിലെ മികച്ചതാരത്തെ പരസ്യത്തിനായി കൊണ്ടുവരുമ്പോള്‍ മറ്റുള്ളവര്‍ ബോളിവുഡില്‍ നിന്നാകും പരസ്യത്തിലേയ്ക്കുള്ള നായികയേയോ നായകനേയോ കണ്ടെത്തുന്നത്.
കുറച്ചുനാളുകളായി ഇക്കാര്യത്തില്‍ കല്യാണ്‍ ജ്വല്ലറി വാര്‍ത്തകളില്‍ നിറയുകയായിരുന്നു. മലയാളത്തിന്റെ പ്രിയതാരം മഞ്ജു വാര്യരെ വീണ്ടും സ്‌ക്രീനിലെത്തിക്കുന്നുവെന്ന കാര്യം തന്നെ കല്യാണ്‍ ജ്വല്ലേഴ്‌സിന് വലിയ മൈലേജ് നല്‍കിയിരിക്കുകയാണ്. മഞ്ജു വാര്യരും ഇന്ത്യയുടെ ബിഗ് ബി അമിതാഭ് ബച്ചനുമാണ് കല്യാണിന്റെ വിശ്വാസം സീരീസിലെ പുതിയ പരസ്യത്തില്‍ അഭിനയിക്കുന്നത്.
കല്യാണ്‍ മഞ്ജുവിനെയും ബച്ചനെയും കൊണ്ടുവരുമ്പോള്‍ ഒട്ടും പിന്നോട്ടുപോകാതെ മറ്റൊരു വമ്പന്‍ താരത്തെ പരസ്യത്തിനായി കൊണ്ടുവന്നിരിക്കുകയാണ് മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ്. മലബാര്‍ ജ്വല്ലറിയുടെ പുതിയ അംബാസഡറായി എത്തുന്നത് കരീന കപൂറാണ്.
ഏപ്രില്‍ മാസത്തില്‍ തന്നെ കരീന കരാറില്‍ ഒപ്പുവച്ചിട്ടുണ്ട്. കരീന മോഡലായി മലബാര്‍ ഗോള്‍ഡിന്‍റെ അച്ചടി മാധ്യമങ്ങളിലേയ്ക്കുള്ള പരസ്യചിത്രങ്ങളും ഇറങ്ങിയിട്ടുണ്ട്. അധികം വൈകാതെ കരീന മോഡലാകുന്ന ദൃശ്യമാധ്യമങ്ങളിലേയ്ക്കുള്ള പരസ്യവും എത്തും.
ബോളിവുഡിലെ മുന്‍നിരനായികമാരിലൊരാളും പരസ്യചിത്രമേഖലയില്‍ വിലപിടിപ്പുള്ള താരവുമായ കരീന അഭിനയിക്കുന്ന മലബാറിന്റെ പരസ്യവും ചിത്രീകരണത്തിന്റെ കാര്യത്തില്‍ ഒട്ടും പിന്നിലാകാന്‍ തരമില്ല.


Click it and Unblock the Notifications
