നടന്‍ ബാലയുടെ ശസ്ത്രക്രിയ കഴിഞ്ഞു; താരം പോസ്റ്റ് ഓപ്പറേറ്റീവ് ഐസിയുവില്‍, ഒരു മാസം ആശുപത്രിയില്‍
കൊച്ചി: കരള്‍ രോഗത്തെ തുടര്‍ന്ന് ആശുപത്രിയില്‍ കഴിയുന്ന നടന്‍ ബാലയുടെ ശസ്ത്രക്രിയ കഴിഞ്ഞു. ശസ്ത്രക്രിയ വിജയകരമായിരുന്നെന്നും ബാല പൂര്‍ണ ആരോഗ്യവാനായി തുടരുന്നെന്നും അധികൃതര്‍ അറിയിച്ചു. ശസ്ത്രക്രിയയ്ക്ക് ശേഷം ബാലയെ പോസ്റ്റ് ഓപ്പറേറ്റീവ് ഐ സി യുവിലേക്ക് മാറ്റിയിട്ടുണ്ട്. കരള്‍ ദാതാവും ആശുപത്രിയില്‍ ആരോഗ്യവാനായി തുടരുന്നുണ്ട്. ഒരു മാസത്തോളം ആശുപത്രിയില്‍ കഴിഞ്ഞതിന് ശേഷമായിരിക്കും ബാല വീട്ടിലേക്ക് മടങ്ങുക.
രോഗം ഗുരുതരമായതിനെ തുടര്‍ന്ന് മാര്‍ച്ച് ആദ്യ ആഴ്ചയാണ് ബാലയെ കൊച്ചിയിലെ അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആദ്യ ദിവസം ഗ്യാസ്‌ട്രോ എന്‍ട്രോളജി വിഭാഗത്തിലായിരുന്നു ബാലയെ പ്രവേശിപ്പിച്ചിരുന്നത്. ഇതിന് ഒരാഴ്ച മുമ്പ് ബാല കരള്‍ രോഗവുമായി ബന്ധപ്പെട്ട് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.

ആ സമയത്ത് ആരോഗ്യസ്ഥിതി മോശമായിരുന്നു. എന്നാല്‍ പിന്നീട് സ്ഥിതി മെച്ചപ്പെട്ടു. ഇതിന് ശേഷമാണ് കരള്‍ മാറ്റ ശസ്ത്രക്രിയയ്ക്ക് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചത്. തന്റെ രോഗത്തെ കുറിച്ച് വിവാഹ വാര്‍ഷിക ദിനത്തില്‍ ബാല ശസ്ത്രക്രിയയെ കുറിച്ച് സൂചന നല്‍കിയിരുന്നു. ഒരു മേജര്‍ ഒപ്പറേഷന്‍ വേണ്ടി വരുമെന്നാണ് ബാല അന്ന് അറിയിച്ചത്.
തനിക്ക് രണ്ട് മൂന്ന് ദിവസം കഴിഞ്ഞാല്‍ ഒരു മേജര്‍ ശസ്ത്രക്രിയയുണ്ട്. മരണ സാധ്യത വരെയുണ്ട്. എന്നാല്‍ രക്ഷപ്പെടാനുള്ള സാധ്യത കൂടുതലായി കാണുന്നുണ്ട്. മുന്നോട്ടു പോകുമെന്നാണ് കരുതുന്നത്. ഇപ്പോള്‍ നെഗറ്റീവായി ഒന്നും ചിന്തിക്കുന്നില്ല. എനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ച എല്ലാവര്‍ക്കും നന്ദി എന്നായിരുന്നു ബാല പറഞ്ഞത്. ആശുപത്രിയില്‍ വച്ച് വിവാഹ വാര്‍ഷികാഘോഷത്തിന്റെ വീഡിയോയും ബാല പങ്കുവച്ചിരുന്നു.
ഇനി എനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അടുത്ത വിവാഹം ഒരു നടനെ വേണ്ട, ഒരു ഡോക്ടറുമായി മതിയെന്നും കേക്ക് മുറിച്ച് നല്‍കുന്നതിനിടയില്‍ എലിസബത്തിനോടായി ബാല പറഞ്ഞിരുന്നു. എന്നാല്‍ അടുത്ത വിവാഹ വാര്‍ഷികാഘോഷം ഞങ്ങള്‍ ഒരുമിച്ച് ഡാന്‍സ് കളിച്ച് ആഘോഷിക്കുമെന്നായിരുന്നു എലിസബത്ത് പറഞ്ഞത്. ഗായിക അമൃതയുമായി വിവാഹം വേര്‍പിരിഞ്ഞതിന് പിന്നാലെയായിരുന്നു ഡോക്ടറായ എലിസബത്തിനെ ബാല വിവാഹം കഴിച്ചത്.
ബാല ആശുപത്രിയില്‍ അഡ്മിറ്റായതിന് പിന്നാലെ മകളെ കാണണമെന്ന ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഇതേ തുടര്‍ന്ന് മുന്‍ ഭാര്യ അമൃത സുരേഷ്, മകള്‍ എന്നിവര്‍ ആശുപത്രിയില്‍ എത്തി. ബാലയെ കണ്ടിരുന്നു. ഏറെ നേരം ബാല മകള്‍ക്കൊപ്പം ചെലവിട്ടിരുന്നതായി ബന്ധുക്കള്‍ അറിയിച്ചിരുന്നു. രണ്ട് തവണയായി ഐസിയുവിലേക്ക് മകളെ എത്തിച്ച് സംസാരിച്ചുവെന്നായിരുന്നു അമൃതയുടെ സഹോദരി അഭിരാമി സുരേഷ് അറിയിച്ചത്.
കൂടാതെ ഉണ്ണി മുകുന്ദനും, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എന്‍ എം ബാദുഷ, നടന്‍ വിഷ്ണു മോഹനും, സ്വരാജ്, വിപിന്‍ എന്നിവര്‍ ഇന്ന് അമൃത ഹോസ്പിറ്റലില്‍ വന്നു നടന്‍ ബാലയെ സന്ദര്‍ശിച്ചിരുന്നു. വളരെ ക്രിട്ടിക്കലായതിന് ശേഷമാണ് ബാലയെ കൊച്ചിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.












Click it and Unblock the Notifications