''ഒറ്റതിരിച്ചു ആക്രമിച്ചു തകർത്തുകളയാമെന്നുള്ള ചില കോക്കസുകളുടെ വ്യാമോഹം'', പ്രതികരിച്ച് മധുപാൽ
കെഎസ് ചിത്ര പാടുന്ന സിനിമയിൽ ഇനി താൻ അഭിനയിക്കില്ലെന്ന വ്യാജ പ്രചാരണത്തിന് എതിരെ നടനും സംവിധായകനുമായ മധുപാൽ രംഗത്ത്. അയോധ്യ ക്ഷേത്രവുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശത്തിന്റെ പേരിൽ ചിത്രയ്ക്ക് എതിരെ കടുത്ത വിമർശനം ഉയർന്നതിന് പിന്നാലെയാണ് മധുപാലിന്റെ പേരിൽ സോഷ്യൽ മീഡിയയിൽ വ്യാജ പ്രചാരണം നടക്കുന്നത്. ഇതിനെതിരെ നിയമനടപടിയിലേക്ക് കടന്നതായി മധുപാൽ ഫേസ്ബുക്കിൽ കുറിച്ചു.
മധുപാലിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം: പ്രിയപ്പെട്ടവരേ, മലയാളത്തിലെ പ്രശസ്ത ഗായിക ശ്രീമതി കെ എസ് ചിത്രയെക്കുറിച്ച് ഞാൻ പറഞ്ഞത് എന്ന രീതിയിൽ ഒരു വ്യാജവാർത്ത ഇപ്പോൾ ഓൺലൈൻ മാധ്യമങ്ങളിൽ പ്രചരിച്ചു കാണുന്നുണ്ട്. ഇനി ചിത്ര പാടുന്ന സിനിമയിൽ ഞാൻ അഭിനയിക്കില്ല എന്ന രീതിയിലുള്ള വ്യാജ പ്രചരണമാണ് ചില പ്രത്യേക കേന്ദ്രങ്ങളിൽ നിന്നും ഉയർന്നുവരുന്നത്. കഴിഞ്ഞ ദിവസം ഒരു ചാനലിൽ സായാഹ്ന ചർച്ചയിൽ ഒരു രാഷ്ട്രീയ വക്താവ് അവർ ചർച്ച ചെയ്തിരുന്ന വിഷയവുമായി യാതൊരുവിധ ബന്ധമില്ലാഞ്ഞിട്ടു കൂടി എന്റെ പേര് വലിച്ചിഴക്കുകയുണ്ടായി.

ആ സമയത്ത് അവതാരക ഇടപെട്ടത് കാരണം പിന്നീട് തുടർച്ചയായി മറ്റു പരാമർശങ്ങളൊന്നും ഉണ്ടായില്ല. അതിന്റെ തുടർച്ചയെന്ന പോലെയാണ് ഈ സൈബർ ആക്രമണവും വ്യാജവാർത്തയും എനിക്കെതിരെ വരുന്നത്. കൈരളി ന്യൂസ് ടിവിയിൽ വന്നു എന്ന രീതിയിലുള്ള ഒരു വ്യാജ സ്ക്രീന്ഷോട് ഉൾപ്പടുത്തിയാണ് ഈ കുപ്രചരണം നടക്കുന്നത്.
ഈ വാർത്ത കൊടുത്ത പ്രൊഫൈലിനെതിരെ ഞാൻ ബഹുമാനപ്പെട്ട ഡിജിപിക്ക് ഒരു പരാതി നൽകിയിട്ടുണ്ട്. ചലച്ചിത്രപ്രവർത്തകൻ എന്ന നിലയിൽ ശ്രീമതി ചിത്രയും കുടുംബവുമായുള്ള ബന്ധം വളരെ വലുതാണ്. ഒരു ഗായികയായ അവരോട് എനിക്ക് ബഹുമാനവുമുണ്ട്. ആളുകളെ ഒറ്റതിരിച്ചു ആക്രമിച്ചു തകർത്തുകളയാമെന്നുള്ള ചില പ്രത്യേക കോക്കസുക്കളുടെ വ്യാമോഹമാണ് ഇത്തരം വാർത്തകളിലൂടെ പുറത്തുവരുന്നത്.
എന്നെ അറിയാവുന്ന എന്റെ സുഹൃത്തുക്കളും മറ്റു അഭ്യുദയകാംഷികളും ഈ വാർത്തകൾ വിശ്വസിക്കരുതെന്ന് അഭ്യർത്ഥിക്കുന്നു. വ്യാജ വാർത്ത പ്രചരിപ്പിക്കുന്ന പ്രൊഫൈലിനെതിരെ നിയമനടപടികൾ ആരംഭിക്കുവാൻ ഞാൻ എന്റെ അഭിഭാഷകരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.












Click it and Unblock the Notifications