രാജ്യത്തെ സ്‌നേഹിക്കുന്ന മുഴുവൻ പേരുടെയും കഥ; പിറന്നാൾ ദിനത്തിൽ പുതിയ ചിത്രം പ്രഖ്യാപിച്ച് ഐഷ സുൽത്താന
കൊച്ചി: ലക്ഷദ്വീപ് വിഷയത്തില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയായ പേരാണ് സംവിധായിക ഐഷ സുല്‍ത്താനയുടെത്. ലക്ഷദ്വീപില്‍ അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍ നടപ്പിലാക്കിയ പുതിയ ഭരണപരിഷ്‌ക്കാരങ്ങള്‍ക്ക് എതിരെ ശക്തമായി ശബ്ദം ഉയര്‍ത്തുന്ന വ്യക്തിയാണ് ഐഷ സുല്‍ത്താന.
നേരത്തെ ഐഷ സുല്‍ത്താനയ്‌ക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുത്തിരുന്നു. ലക്ഷദ്വീപ് വിഷയവുമായി ബന്ധപ്പെട്ട ചാനല്‍ ചര്‍ച്ചയില്‍ നടത്തിയ ബയോ വെപ്പണ്‍ പരാമര്‍ശത്തിലാണ് കവരത്തി പോലീസ് അയിഷ സുല്‍ത്താനയ്ക്ക് എതിരെ രാജ്യദ്രോഹത്തിന് കേസ് രജിസ്റ്റര്‍ ചെയ്തത്.

ചാനല്‍ ചര്‍ച്ചകളിലും സോഷ്യല്‍ മീഡിയയിലും അടക്കം പലതവണ അയിഷ ലക്ഷദ്വീപിന്റെ ശബ്ദമായിട്ടുണ്ട്. എന്നാല്‍ ഇപ്പോഴിതാ രാജ്യദ്രോഹ കുറ്റവും ലക്ഷദ്വീപും പ്രമേയമാക്കുന്ന പുതിയ ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചിരിക്കുകയാണ് ഐഷ സുല്‍ത്താന. '124A' എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഐഷ തന്റെ പിറന്നാള്‍ ദിനത്തിലാണ് പ്രഖ്യാപിച്ചിരിക്കുന്നത്. തന്റെ മാത്രം കഥയല്ല ഇതെന്നും രാജ്യത്തെ സ്‌നേഹിക്കുന്ന മുഴുവന്‍ പേരുടെയും കഥയാണെന്നും ഐഷ ഫേസ്ബുക്കില്‍ കുറിച്ചു. ഐഷ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണിത്. ഐഷയുടെ പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ,

ഇന്നെന്റെ പിറന്നാളാണ്, മറ്റെല്ലാരെ പോലെയും ഞാനും സന്തോഷിക്കുന്നൊരു ദിവസം, എന്നാല്‍ എല്ലാ വര്‍ഷവും പോലെയല്ല എനിക്കീ വര്‍ഷം ?? ഞാനിന്ന് ഓര്‍ത്തെടുക്കുവാണ് എന്റെ ആ പഴയ കാലം, ഓര്‍മ്മ വെച്ച നാള്‍ മുതല്‍ സ്വാതന്ത്ര്യ ദിനത്തിന്റെ അന്ന് അതിരാവിലെ എഴുന്നേറ്റ് ചിട്ടയോടെ സ്‌കൂള്‍ യുണിഫോം ധരിച്ചു സ്‌കൂള്‍ മൈതാനത്തു ദേശിയ പതാക ഉയര്‍ത്തുമ്പോള്‍ അഭിമാനത്തോടെ സല്യൂട്ട് അടിക്കുന്ന എന്നെ,

'ഇന്ത്യ എന്റെ രാജ്യമാണ്, ഓരോ ഇന്ത്യക്കാരും എന്റെ സഹോദരീ സഹോദരന്മാരാണ്' എന്ന് എല്ലാ ദിവസവും സ്‌കൂള്‍ അസംബ്ലിയില്‍ ഒരു കൈ മുന്നിലേക്ക് നീട്ടി പിടിച്ചു കൊണ്ട് അഭിമാനത്തോടെ പ്രതിജ്ഞ ചൊല്ലുന്ന എന്നെ, ഹിസ്റ്ററി അറിവുകള്‍ വേണമെന്ന തീരുമാനത്തില്‍ +2 ഹ്യുമാനിറ്റിസ് ഗ്രൂപ്പ് തിരഞ്ഞെടുത്ത എന്നെ, കേരളത്തോടുള്ള അതിയായ ഇഷ്ടത്തോടെ കേരളത്തേയ്ക്ക് എത്തുകയും, മലയാള ഭാഷ തിരഞ്ഞെടുക്കുകയും ചെയ്ത എന്നെ, ഒരു ഒഴുക്കില്‍ പെട്ട് സിനിമ ഫീല്‍ഡില്‍ എത്തുകയും അവിടന്നുള്ള എല്ലാം ഭാഗ്യവും എന്നെ തേടിവരുമ്പോള്‍ ഞാന്‍ തിരഞ്ഞെടുത്തത് ഡയറക്ഷനായിരുന്നു ,

കാരണം എനിക്ക് ചുറ്റുമുള്ള കലാകാരന്മാരെ വളര്‍ത്തുകയും ലക്ഷദ്വീപിലെ കലാകാരന്മാരെ ഇവിടെ എത്തിക്കേണ്ട കടമയും എന്നിലുണ്ടെന്നു തോന്നി, ആദ്യമായി സ്വന്തം കൈപടയില്‍ എഴുതിയ സ്‌ക്രിപ്റ്റ് പോലും ഇന്ത്യ എന്ന എന്റെ രാജ്യത്തോടുള്ള, ലക്ഷദ്വീപ് എന്ന എന്റെ നാടിനോടുള്ള എന്റെ കടപ്പാടും ഇഷ്ടവും കടമയുമായിരുന്നു...ആ ഞാനിന്നു ഈ വര്‍ഷം രാജ്യദ്രോഹി ആയി മാറിയിരിക്കുന്നു, അല്ലാ ചിലര്‍ എന്നെ മാറ്റിയിരിക്കുന്നു...

ഈ പിറന്നാള്‍ ദിവസം ഈ വര്‍ഷം ഞാനൊരു രാജ്യദ്രോഹി ? ? എന്റെ നേരാണ് എന്റെ തൊഴില്‍, വരും തലമുറയിലെ ഒരാള്‍ക്കും ഞാന്‍ അനുഭവിച്ചപോലെയുള്ള അനുഭവങ്ങള്‍ ഉണ്ടാകാതിരിക്കണമെങ്കില്‍ നിങ്ങളാ സത്യം അറിയണം... ഒരിക്കലും മറക്കാനാവാത്ത ഈ പിറന്നാള്‍ ദിവസം 124 ( A ) എന്ന എന്റെ പുതിയ സിനിമയുടെ ആദ്യത്തെ ടൈറ്റില്‍ പോസ്റ്റര്‍ എന്റെ ഗുരുനാഥന്‍ ലാല്‍ജോസ് സാര്‍ റിലീസ് ചെയ്യുന്നു... ???? ഇതെന്റെ കഥയാണോ ? അല്ലാ. .. പിന്നെ... ഇന്ത്യന്‍ ഭരണഘടനയെയും ജനാധിപത്യത്തെയും നെഞ്ചോടു ചേര്‍ക്കുന്ന നമ്മള്‍ ഓരോരുത്തരുടെയും കഥയാണ് - ഐഷ സുല്‍ത്താന ഫേസ്ബുക്കില്‍ കുറിച്ചു .


Click it and Unblock the Notifications
