സുരേഷ് ഗോപിക്കും പി രാജീവിനുമെതിരെ പ്രചരണത്തിന് തന്നെ വിളിച്ചിരുന്നു..പക്ഷേ..മനസ് തുറന്ന് സലീം കുമാർ
കൊച്ചി; തന്റെ രാഷ്ട്രീയം കോൺഗ്രസ് ആണെന്ന് ഉറക്കെ തുറന്ന് പറഞ്ഞിട്ടുള്ള നടനാണ് സലീം കുമാർ. പലപ്പോഴും കോൺഗ്രസിന് വേണ്ടി തിരഞ്ഞെടുപ്പുകളിൽ പ്രചരണത്തിലും താരം സജീവമായി രംഗത്തെത്തിറങ്ങിയിട്ടുണ്ട്. ഇപ്പോഴിതാ രാഷ്ട്രീയം പറഞ്ഞത് കൊണ്ട് സിനിമകളിൽ നിന്നും മാറ്റി നിർത്തപ്പെടുന്നുണ്ടോയെന്ന ചോദ്യത്തിന് മറുപടി പറയുകയാണ് താരം. ബിഹൈന്റ് ദി വുഡ്സിന് നൽകിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. സിനിമകളിലെ ബോഡി ഷെയിംമിംഗിനെ കുറിച്ചും നടൻ പ്രതികരിച്ചു. സലീം കുമാറിന്റെ വാക്കുകളിലേക്ക്

രാഷ്ട്രീയം എന്നത് എന്റെ അസ്ഥിത്വമാണ്. ഞാനൊരു കോൺഗ്രസുകാരനാണെന്ന് പറയുന്നത് കൊണ്ട് ഇവിടെ എന്തെങ്കിലും പ്രശ്നം ഉണ്ടാകുമെന്നോ കേരളം ഇടിഞ്ഞ് പൊളിഞ്ഞ് വീഴുമെന്നോ ഞാൻ കരുതുന്നില്ല. രാഷ്ട്രീയം പറഞ്ഞത് കൊണ്ട് സിനിമയിൽ ചാൻസ് കിട്ടാതാകും എന്നും ഞാൻ കരുതുന്നില്ല.

രാഷ്ട്രീയ കാരണം കൊണ്ട് ഞാൻ ഒരിക്കലും ഒരു കമ്യൂണിസ്റ്റുകാരനെയോ ബിജെപിക്കാരനെയോ ദ്രോഹിക്കാറില്ല. ശത്രുവായി കാണാറില്ല. അവരെല്ലാം തന്നെ തന്റെ സുഹൃത്തുക്കൾ തന്നെയാണ്. മഹാരാജാസ് കോളേജിൽ ഉണ്ടായിരുന്ന എല്ലാവരും എസ് എഫ് ഐക്കാരായിരുന്നു അമൽ നീരജ്, ആഷിഖ് അബു, അൻവർ, രാജീവ് രവി ഇവരെല്ലാം എസ് എഫ് ഐക്കാരായിരുന്നു. എന്നാൽ ഇവരുമായി ഇപ്പോഴും നല്ല സൗഹൃദമാണ് നിലനിർത്തുന്നത്.

സുഹൃത്തുക്കളെ സുഹൃത്തുക്കളായി കാണാനും രാഷ്ട്രീയത്തെ രാഷ്ട്രീയമായി കാണാനും എനിക്ക് അറിയാം.തിരഞ്ഞെടുപ്പ് പ്രചരണത്തിന് വിളിച്ചാൽ എനിക്ക് ഇഷ്ടപ്പെട്ട ആളുകൾക്കെതിരെ ഞാൻ പ്രചരണത്തിന് പോകാറില്ല. ഉദാഹരണത്തിന് പി രാജീവിനെതിരെ കളമശേരിയിൽ പ്രചരണത്തിന് വിളിച്ചിരുന്നു ഞാൻ പോയില്ല. മുകേഷ് അദ്ദേഹം കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് വേണ്ടിയാണ് മത്സരിച്ചത്, ഗണേഷ് കുമാർ, എന്തിന് ബിജെപിക്ക് വേണ്ടി മത്സരിച്ച സുരേഷ് ഗോപിക്കെതിരെ പ്രചരണത്തിന് വിളിച്ചു ഞാൻ പോയില്ല, ഞാൻ പോവില്ല.

രാഷ്ട്രീയം എന്ന് പറയുന്നത് നമ്മുടെ ഇഷ്ടമാണ്. എന്റെ രാഷ്ട്രീയം പറഞ്ഞത് കൊണ്ട് എന്നെ സിനിമയിൽ നിന്ന് ഒഴിവാക്കുന്നുണ്ടെങ്കിൽ എനിക്ക് യാതൊരു പ്രശ്നവുമില്ല, സലീം കുമാർ പറഞ്ഞു. അതേസമയം നിറത്തിന്റേയും വണ്ണത്തിന്റേുയുമെല്ലാം പേരിൽ സിനിമയിൽ ബോഡി ഷെയിംമിംഗ് നടത്തുന്നതിനെ കുറിച്ചുമുള്ള ചോദ്യങ്ങൾക്കും നടൻ അഭിമുഖത്തിൽ പ്രതികരിച്ചു. ആളുകൾ ചിരിക്കുന്നിടത്തോളം ബോഡ് ഷെയിമിംഗ് ആവർത്തിച്ചുകൊണ്ടിരിക്കും .ബോഡി ഷെയിമിംഗിനെ വിമർശിക്കുന്നവർ തന്നെ അത് കേട്ട് ചിരിക്കുകയാണ്.

ബോഡി ഷെയിംമിംഗ് നടത്തിയാൽ ആളുകൾക്ക് അത് ദഹിക്കില്ല, ആളുകൾ ആസ്വദിക്കില്ല എന്ന സ്ഥിതി വന്നാൽ സിനിമയിൽ അത്തരം സംഭവങ്ങൾ ഉണ്ടാകില്ല. ഇപ്പോൾ സിനിമാക്കാർക്ക് കുറച്ച് പേടി വന്നിട്ടുണ്ട്. ഞാൻ ബോഡി ഷെയിമിംഗ് ചെയ്യില്ല. അത്തരത്തിലുള്ള കഥാപാത്രങ്ങൾ വന്നാൽ ഞാൻ ചെയ്യില്ലെന്ന് പറയാറുണ്ട്, സലീം കുമാർ പറഞ്ഞു.

ഈ അരങ്ങ് എപ്പോൾ വിടുമെന്നോ വിടണമെന്നോ പറയാനൊന്നും നമ്മുക്ക് സാധിക്കില്ല. കാരണം കാലേ കൂട്ടി ഉറപ്പിച്ച് വന്നതല്ല സിനിമയിലേക്ക്. ഇത് ഒരു എസ്കർഷൻ പോലെയാണ്. എന്തൊക്കെ കണ്ടു, എന്തൊക്കെ ആസ്വദിച്ചു, ആരെയൊക്കെ കണ്ടു, ആരുമായൊക്കെ സൗഹൃദം കൂടി അത്രയേ കണക്ക് കൂട്ടണ്ടൂ. ഞാൻ എനിക്ക് വേണ്ടിയാണ് അഭിനയിക്കുന്നത്. സലീം കുമാർ ഇല്ലേങ്കിലും മലയാള സിനിമ ഉണ്ടാകും, മലയാളി ഉണ്ടാകും, മലയാളം ഉണ്ടാകും,സലീം പറഞ്ഞു.

എന്റെ മക്കൾക്കാണ് ഞാൻ ജീവിച്ചിരിക്കണം എന്നത് ഏറ്റവും ആവശ്യം. ഞാനില്ലാതെയും അവർ ജീവിക്കണം.ജീവിച്ചേ മതിയാകൂ. ഞാനെന്റെ അമ്മ മരിച്ച സമയത്ത് ആത്മഹത്യ ചെയ്യണമെന്ന് കരുതിയിരുന്ന ആളാണ്. 2000ത്തിലാണ് അമ്മ മരിച്ചത്. 21 കൊല്ലമായി. ഞാനിപ്പോഴും ജീവിച്ചിരിക്കുന്നു. നമ്മൾ ഇല്ലേങ്കിൽ ലോകമില്ലെന്നത് നമ്മുടെ വെറും തോന്നലാണ്.

ഇപ്പോൾ താൻ സിനിമയ്ക്ക് വേണ്ടി ഒരു സ്ക്രിപ്റ്റ് തയ്യാറാക്കുകയാണെന്ന് സലീം പറയുന്നു. പശുവിനെ കേന്ദ്രകഥാപാത്രമാക്കിയാണ് സിനിമ. ഹരീഷ് കണാരനാണ് കേന്ദ്ര കഥാപാത്രമായി എത്തുന്നത്. അവനെ കഥ പറഞ്ഞ് കേൾപ്പിച്ചു. അവന് ഇഷ്ടപ്പെട്ടു. അത് ഞാൻ ചെയ്യണം എന്ന് കരുതിയിരുന്ന സിനിമയാണ്. എന്നാൽ ഡയറക്ഷനും സ്ക്രിപ്റ്റും ചെയ്യാൻ തിരുമാനിക്കുകയായിരുന്നുവെന്നും അഭിമുഖത്തിൽ സലീം കുമാർ പറഞ്ഞു.


Click it and Unblock the Notifications
