'അച്ഛന്റെ രാഷ്ട്രീയത്തിനെതിരെ അഭിപ്രായമുണ്ടായാല്‍, പറയുമോ': തുറന്നുപറഞ്ഞ് അഹാന, മറുപടി വൈറല്‍
വിരലില്‍ എണ്ണാവുന്ന സിനിമകള്‍കൊണ്ട് മലയാളി പ്രേക്ഷകരുടെ ഇഷ്ട താരമായി മാറിയ നടിയാണ് അഹാന. 2014ല്‍ പുറത്തിറങ്ങിയ ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെയാണ് അഹാന സിനിമ ലോകത്തേക്ക് കാലെടുത്തുവയ്ക്കുന്നത്. പിടികിട്ടാപുള്ളി എന്ന ചിത്രമാണ് അഹാനയുടെ ഏറ്റവും അവസാനമായി പുറത്തിറങ്ങിയ ചിത്രം.

സോഷ്യല്‍ മീഡിയയില്‍ സജീവമായ അഹാന യൂട്യൂബില്‍ വ്‌ളോഗിംഗ് വീഡിയോ ഉള്‍പ്പടെ പങ്കുവയ്ക്കാറുണ്ട്. അഹാനയെ കൂടാതെ സഹോദരിമാരും അച്ഛന്‍ കൃഷ്ണകുമാര്‍ അമ്മ സിന്ധു കൃഷ്ണ ഉള്‍പ്പടെയുള്ളവര്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. എല്ലാവര്‍ക്കും സ്വന്തമായി യൂട്യൂബ് ചാനലുമുണ്ട്. താര കുടുംബം പങ്കുവയ്ക്കുന്ന വീഡിയോകള്‍ എല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുമുണ്ട്.

അഹാനയുടെ അച്ഛന്‍ അടുത്തിടെ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചിരുന്നു. ബിജെപിയില്‍ ചേര്‍ന്ന അദ്ദേഹം കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു. ബിജെപി തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ സജീവമായ അദ്ദേഹം ഇപ്പോള്‍ സജീവ രാഷ്ട്രീയ പ്രവര്‍ത്തനത്തിലുണ്ട്.

അടുത്തിടെ നടന്ന ബിജെപി പുനസംഘടനയില്‍ അദ്ദേഹത്തെ ദേശീയ കൗണ്‍സിലില്‍ ഉള്‍പ്പെടുത്തിയിരുന്നു. സുരേഷ് ഗോപിയ്ക്ക് ശേഷം കേരളത്തില്‍ ബിജെപിയോട് അടുത്ത സിനിമ താരമായിരുന്നു കൃഷ്ണകുമാര്‍. തിരുവനന്തപുരം മണ്ഡലത്തില്‍ മത്സരിച്ചെങ്കിലും അദ്ദേഹം മൂന്നാം സ്ഥാനത്ത് എത്താനെ സാധിച്ചിരുന്നുള്ളൂ.

എന്നാല്‍ ഇപ്പോഴിതാ അച്ഛന്റെ രാഷ്ട്രീയത്തെ കുറിച്ചുള്ള അഭിപ്രായവും അത് എത്രത്തോളം സ്വാധീനിച്ചിട്ടുണ്ടെന്നും തുറന്നുപറയുകയാണ് അഹാന. വണ്ടര്‍വാള്‍ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അഹാന അച്ഛന്‍ കൃഷ്ണകുമാറിന്റെ രാഷ്ട്രീയചത്തെ കുറിച്ച് പറയുന്നത്. അച്ഛന്‍ ഇപ്പോള്‍ രാഷ്ട്രീയത്തില്‍ സജീവമാണ്, അച്ഛന്റെ രാഷ്ട്രീയ മകള്‍ എന്ന നിലയില്‍ അഹാനയെ എത്രത്തോളം സ്വാധീനിച്ചിട്ടുണ്ട് എന്നായിരുന്നു അവതാരകന്റെ ചോദ്യം

ഇതിന് അഹാന നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു, എന്റെ വീട്ടില്‍ 16 വയസുള്ള സഹോദരി ഉള്‍പ്പടെ എല്ലാവരും വ്യത്യസ്ത വ്യക്തിത്വങ്ങളാണ്. നമ്മള്‍ ആരും നമ്മുക്കുള്ളിലെ ആശയം മറ്റുള്ളവരിലേക്ക് അടിച്ചേല്‍പ്പിക്കാറില്ല. അച്ഛന്‍ കുറച്ചു നാളായി ഇപ്പോള്‍ രാഷ്ട്രീയത്തില്‍ സജീവമാണ്. അത് അച്ഛന്റെ താല്‍പര്യമാണെന്ന് അഹാന പറയുന്നു.

ഞാന്‍ സംവിധാനം ചെയ്യുന്നു. അതുകൊണ്ട് എന്റെ അച്ഛന്‍ നാളെ സംവിധാനം ചെയ്യേണ്ടതുണ്ടോ?. അച്ഛന്‍ രാഷ്ട്രീയത്തിലുണ്ട് എന്നത് ഒരു രീതിയിലും എന്റെ ബിസ്‌നസേ അല്ല. അച്ഛന്‍ വളരെ ഹാപ്പിയായിട്ടാണ് അത് ചെയ്യുന്നത്. അച്ഛന് കുട്ടി കുട്ടി മൈല്‍സ്റ്റോണ്‍ ഉണ്ടാകുന്നത് കാണുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. സിനിമയില്‍ അച്ഛന് അധികം മൈല്‍ സ്‌റ്റോണ്‍ ഉണ്ടാകുന്നത് ഞാന്‍ കണ്ടിട്ടില്ല. അച്ഛന്‍ കൂടുതലും ശ്രമിക്കുന്നതാണ് കണ്ടിട്ടുള്ളത്.

അച്ഛന്റെ ചെറിയ ചെറിയ സന്തോഷങ്ങള്‍ കാണുമ്പോള്‍ ഒരു മകള്‍ എന്ന നിലയില്‍ സന്തോഷവതിയാണ്. ശ്രമിക്കുന്നതില്‍ ഫലം കിട്ടുന്നു എന്നതില്‍ എനിക്ക് സന്തോഷമുണ്ട്. അതിലുപരി അവിടെ ഒരു ചര്‍ച്ചയുടെ ആവശ്യമില്ല. അച്ഛന്‍ അച്ഛന്റെ കാര്യം ചെയ്യുന്നു. ഞാന്‍ എന്റെ കാര്യം നോക്കുന്നു- അഹാന പറഞ്ഞു. അച്ഛന്റെ രാഷ്ട്രീയത്തിന് എതിരെ ഒരു അഭിപ്രായം ഉണ്ടായാല്‍ അത് പറയുമോ എന്നും അവതാരകന്‍ ചോദിച്ചു.

ഈ ചോദ്യത്തിന് അഹാനയുടെ മറുപടി ഇങ്ങനെയായിരുന്നു, ഞാന്‍ വളരെ പൊളിറ്റിക്കലായിട്ടുള്ള ഒരാള്‍ അല്ല. അതില്‍ ഞാന്‍ അഭിമാനിക്കുന്നുമില്ല. എന്നാല്‍ എനിക്ക് എന്റേതായ പൊളിറ്റിക്‌സുണ്ട്. അല്ലാതെ ഒരു പാര്‍ട്ടിയുടെ ഐഡിയോളജിയിലേക്ക് ആലോചിച്ചു കൂട്ടാറില്ല. എനിക്ക് എല്ലാ രാഷ്ട്രീയ പാര്‍ട്ടിയിലും വിശ്വസിക്കുന്ന സുഹൃത്തുക്കളുണ്ട്. എല്ലാവരും ഇരുന്ന് സംസാരിക്കാറുണ്ടെന്ന് അഹാന പറയുന്നു.

ഞാന്‍ ഒപ്പണ്‍ മൈന്‍ഡഡ് ആയ ഒരാള്‍ ആയതുകൊണ്ട്, ഞാന്‍ ആരുടെ അഭിപ്രായം കേട്ട് എതിരഭിപ്രായം പറയാറില്ല. എനിക്ക് എല്ലാം ഭാഗത്ത് നിന്നും അതിനെ നോക്കിക്കാണാന്‍ കഴിയും. അതുകൊണ്ട് അച്ഛന്റെ രാഷ്ട്രീയത്തെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ പറയേണ്ടി വരുമോ എന്ന എനിക്ക് തോന്നുന്നില്ല. ഇനി പറയാനുണ്ടെങ്കില്‍ അച്ഛനോട് പോയി പറഞ്ഞാല്‍ മതിയല്ലോ, എന്തിനാണ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുന്നത്- അഹാന പറഞ്ഞു.


Click it and Unblock the Notifications
